യു എസിൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
കാലിഫോർണിയ : അമേരിക്കയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് രാഹുൽഗാന്ധി. കാലിഫോർണിയ സർവകലാശാലയിലായിരുന്നു നരേന്ദ്രമോദിക്കെതിരെ രാഹുൽ ഗാന്ധിയുടെ പ്രസംഗം. ‘ലോകം വളരെ വലുതാണ്, തനിക്ക് എല്ലാവരെക്കുറിച്ചും എല്ലാം അറിയാമെന്ന് ഒരാള്‍ക്കും ചിന്തിക്കാന്‍ കഴിയില്ല. എല്ലാം അറിയാമെന്ന് കരുതുന്ന ചിലര്‍ ഇന്ത്യയില്‍ ഉണ്ടെന്നത് ഒരു രോഗം പോലെയാണ്. ദൈവത്തെക്കാള്‍ കൂടുതല്‍ അറിയാമെന്ന് അവർ കരുതുന്നു. അവര്‍ക്ക് ദൈവത്തിനു മുന്നില്‍ ഇരുന്നു എന്താണ് സംഭവിക്കുന്നതെന്ന് അദ്ദേഹത്തോട് വിശദീകരിക്കാനും കഴിയും. താന്‍ എന്താണ് സൃഷ്ടിച്ചതെന്നറിയാതെ ദൈവം പോലും ആശയക്കുഴപ്പത്തിലാകും. ഇതാണ് ഇന്ത്യയില്‍ നടക്കുന്നത്.എല്ലാം അറിയുന്ന ചിലര്‍ ഇന്ത്യയിലുണ്ട്. ശാസ്ത്രജ്ഞരുടെ അടുത്ത് ചെല്ലുമ്പോള്‍ ശാസ്ത്രത്തെ കുറിച്ച് പറയും. ചരിത്രകാരന്മാരുടെ അടുത്ത് പോകുമ്പോള്‍ ചരിത്രത്തെ കുറിച്ച് പറയും. പക്ഷേ അവര്‍ക്ക് ഒന്നും മനസ്സിലാകുന്നില്ല എന്നതാണ് സത്യം. കാരണം നിങ്ങള്‍ക്ക് ഒരാളെ ശ്രദ്ധിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അവരെക്കുറിച്ച് ഒന്നും അറിയാന്‍ കഴിയില്ല’, ഗുരുനാനാക്, മഹാത്മാ ഗാന്ധി, ബസവേശ്വരൻ തുടങ്ങിയവരൊന്നും തനിക്ക് എല്ലാമറിയുമെന്ന് വിചാരിച്ചല്ല കഴിഞ്ഞിരുന്നത്. ലോകം വളരെ വലുതാണെന്ന തിരിച്ചറിവാണ് വേണ്ടതെന്ന് രാഹുൽഗാന്ധി പറഞ്ഞു.

‘ഇന്ത്യൻ രാഷ്ട്രീയത്തെ ആർഎസ്എസും ബിജെപിയുമാണ് നിയന്ത്രിക്കുന്നത്. നിലവില്‍ ജനങ്ങളുമായി ആശയവിനിമയം നടത്തുന്ന പൊതുയോഗങ്ങൾ, ചർച്ചകൾ എന്നിവ അവരുടെ നിയന്ത്രണത്തിലാണ് . അത് “ഭാരത് ജോഡോ യാത്ര” ആരംഭിക്കുന്നതിന് മുൻപ് തിരിച്ചറിഞ്ഞിരുന്നു. അതിനാലാണ് ജനങ്ങളുമായി, നടന്നുകൊണ്ട് സംവദിച്ചത്. ഇന്ത്യയിലെ രാഷ്ടീയ സാഹചര്യമെന്തെന്നാൽ ആളുകളെ ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയെന്നതാണ്. ഇതിൽ രാഷ്ട്രീയമായി ഇടപെടുന്നതിന് പരിമിതികളുണ്ട്. അതിനാലാണ് ഇന്ത്യയുടെ തെക്കേയറ്റത്ത് നിന്നു ശ്രീനഗർവരെ കാൽനടയായി യാത്ര സംഘടിപ്പിച്ച് സംവാദം നടത്തിയത്’- രാഹുൽ ഗാന്ധി വ്യക്തമാക്കി.
വെറുപ്പിന്റെ വിപണിയിൽ സ്നേഹത്തിന്റെ കട തുറന്നെന്ന” ആശയത്തെക്കുറിച്ചും രാഹുൽഗാന്ധി വിശദീകരിച്ചു. എല്ലാദിവസവും 25 കിലോമീറ്ററായിരുന്നു യാത്ര. പുലർച്ചെ ആറിന് ആരംഭിക്കുന്ന യാത്ര, രാത്രി എട്ടോടെയാണ് അവസാനിച്ചിരുന്നത്. മൂന്നാഴ്ച യാത്ര പിന്നിട്ടതോടെ തനിക്ക് ക്ഷീണം അനുഭവപ്പെടാതായി. കൂടെ ഉള്ളവരോട് ക്ഷീണം അനുഭവപ്പെടുന്നുണ്ടോയെന്ന ചോദ്യത്തിനും ഇല്ലെന്നായിരുന്നു മറുപടി. ഇതിൽ നിന്നും രാജ്യം ഞങ്ങളോടൊപ്പം നടക്കുകയാണെന്ന് തിരിച്ചറിയുകയായിരുന്നു. വിവിധ മതവിഭാഗങ്ങളിൽ നിന്നായി കുട്ടികൾ മുതൽ പ്രായമായവർ വരെ സ്നേഹംപങ്കിട്ട് യാത്രയിലേക്കെത്തി. ഇവർ സൃഷ്ടിച്ച സ്‌നേഹത്തിന്റെ അന്തരീക്ഷത്തിലാണ് വെറുപ്പിന്റെ വിപണിയിൽ സ്നേഹത്തിന്റെ കട തുറന്നെന്ന ആശയം പങ്കിട്ടതെന്നും” രാഹുൽഗാന്ധി സംവാദത്തിനിടെ വ്യക്തമാക്കി.