We Talk

ആകെ അഞ്ചുസെന്റ് സ്ഥലവും ഒരു ചായക്കടയും; മെമ്പര്‍ഷിപ്പ് ഫീസിന് പണമില്ലാത്തിനാല്‍ ‘അമ്മ’യില്‍ അംഗത്വമെടുത്തില്ല; ഇങ്ങനെയും ഒരു നടന്‍!

മലയാള സിനിമയില്‍ ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ പേരെടുത്ത നടനായിരുന്നു ഹരീഷ് പേങ്ങന്‍. കരള്‍ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലിരിക്കവെ 49ാം വയസ്സിലാണ് അദ്ദേഹം മരിക്കുന്നത്.

കൊച്ചി: വെറും 49ാം വയസ്സില്‍ മരണം ആ നടനെ തേടിയെത്തുമ്പോള്‍ അയാള്‍ക്ക് ആസ്തിയായി ബാക്കിയുള്ളത് കുറേ കടബാധ്യതകള്‍ മാത്രമാണ്. ആകെയുള്ള അഞ്ചുസെന്റ് സ്ഥലംപോലും പണയത്തിലായിപ്പോയ ഒരു സിനിമാ നടന്‍. ലക്ഷങ്ങളും കോടികളും കൊണ്ട് അമ്മാനമാടുന്നവര്‍ ഉളള മലയാള സിനിമയില്‍ ഇതുപോലുള്ളവരും ഉണ്ട്. അത്തരത്തിലുള്ള ഒരു മനുഷ്യനായിരുന്നു അന്തരിച്ച നടന്‍ ഹരീഷ് പേങ്ങന്‍. മലയാള സിനിമയില്‍ ചെറുതെങ്കിലും ശ്രദ്ധ നേടിയ വേഷങ്ങളിലൂടെ പേരെടുത്ത നടനായിരുന്നു ഹരീഷ്. കരള്‍ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലിരിക്കവേയായിരുന്നു അന്ത്യം.

മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2 , വെള്ളരിപ്പട്ടണം, ജാനേ മന്‍, ജയ ജയ ജയ ഹേ, പ്രിയന്‍ ഓട്ടത്തിലാണ്, ജോ&ജോ, മിന്നല്‍ മുരളി തുടങ്ങി നിരവധി സമകാലിക സിനിമകളില്‍ ഹരീഷ് പേങ്ങന്‍ വേഷമിട്ടിട്ടുണ്ട്. നേരത്തെ ഹരീഷിന്റെ ചികിത്സയ്ക്കായി സുഹൃത്തുക്കള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ചികിത്സയ്ക്കിടെയാണ് അപ്രതീക്ഷിത വിയോഗം.

അടിയന്തരമായി കരള്‍ മാറ്റിവയ്ക്കലാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നത്. ചെറിയ വയറു വേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കരള്‍ സംബന്ധമായ അസുഖമാണെന്നു തിരിച്ചറിഞ്ഞത്. കരള്‍ ദാനം ചെയ്യാന്‍ ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ തയാറായെങ്കിലും ചികിത്സയ്ക്കു 40 ലക്ഷത്തോളം രൂപ ചെലവാകുന്ന അവസ്ഥ ഉണ്ടായിരുന്നു. ഇതിനായി ചലച്ചിത്ര പ്രവര്‍ത്തകരും നാട്ടുകാരും പിരിവ് നടത്തുന്നതിനിടെയാണ് അന്ത്യം ഉണ്ടായത്.

ദുരിത ജീവിതം

അങ്ങേയറ്റം ദുരിതമയമായ ജീവിതമായിരുന്നു ഹരീഷ് പേങ്ങന്റെത്. അടുത്ത സുഹൃത്തും, ലൈന്‍ പ്രൊഡ്യൂസറുമായ മനോജ് കെ. വര്‍ഗീസാണ് പേങ്ങന്റെ യഥാർത്ഥ അവസ്ഥ പുറം ലോകത്തെ അറിയിച്ചത്. ”ഹരീഷിനെ പോലെ ചെറിയ വേഷങ്ങള്‍ അഭിനയിക്കുന്ന ഒരു കലാകാരന് മലയാള സിനിമയില്‍ നിന്ന് എന്ത് പ്രതിഫലം കിട്ടുമെന്ന് സിനിമയെ അറിയാവുന്ന എല്ലാവര്‍ക്കും അറിയാം. സ്വന്തമായി 5 സെന്റ് സ്ഥലവും (ആ സ്ഥലവും ബാങ്കില്‍ പണയത്തിലാണ്) ഒരു ചെറിയ ചായക്കടയും ആണ് ഹരീഷിന് ഉള്ളത്.” -മനോജ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു. സിനിമയില്ലാത്തപ്പോള്‍ ചായക്കടയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് ഹരീഷ് ജീവിതം മുന്നോട്ട് കൊണ്ടുപോയത്.

ഹരീഷ് നായര്‍ എം.കെ എന്ന ഹരീഷ് പേങ്ങന്‍ ഒരു മദ്യപാനിയായിരുന്നില്ല. പക്ഷേ കരള്‍രോഗം വന്നതോടെ പലരും അദ്ദേഹത്തെ അങ്ങനെ ചിത്രീകരിച്ചുവെന്നും മനോജ് പറയുന്നു. ഹരീഷിനെപ്പോലുള്ളവര്‍ക്ക് നിസ്സാരമായ പ്രതിഫലമാണ് സിനിമയില്‍നിന്ന് കിട്ടിയിരുന്നത്. അതുകൊണ്ടുതന്നെ താരസംഘടനയായ അമ്മയുടെ അംഗത്വഫീസ് അടക്കാന്‍ കഴിയിഞ്ഞിരുന്നില്ല. അതിനാല്‍ അമ്മയില്‍ അംഗവും ആയില്ല. എന്നിട്ടും സംഘടനയിലെ പല അംഗങ്ങളും വ്യക്തിപരമായി ഹരീഷിനെ സഹായിച്ചിരുന്നുവെന്നും മനോജ് ചൂണ്ടിക്കാട്ടി.

ഹരിയുടെ മരണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇട്ട പോസ്റ്റില്‍ മനോജ് ഇങ്ങനെ പറയുന്നു. ”ഇത്തരം ഗുരുതരാവസ്ഥയില്‍ നില്‍ക്കുമ്പോള്‍, സമയത്തിനാണല്ലോ വില. പെട്ടെന്ന്, ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 40 ലക്ഷത്തോളം രൂപ സ്വരൂപിക്കാനുള്ള ബുദ്ധിമുട്ട് നമുക്ക് അറിയാവുന്നതാണല്ലോ. സ്ഥലം വിറ്റോ മറ്റോ പണമുണ്ടാക്കി വരുമ്പോള്‍ ചികിത്സയ്ക്ക് ജീവനോടെ അവന്‍ ഉണ്ടാവണം എന്നതും ഒരു യാഥാര്‍ത്ഥ്യമല്ലേ. മാത്രവുമല്ല ഹരീഷിന്റെ ആരോഗ്യസ്ഥിതിയുടെ ഗൗരവം വൃദ്ധയായ അവന്റെ അമ്മയെ അറിയിച്ചിരുന്നില്ല. ആ ഒരു കാരണം കൊണ്ടുതന്നെ അവന്റെ അസുഖം പുറത്തേക്ക് ആരെയും അധികം അറിയിച്ചിരുന്നില്ല. എന്നാല്‍ ജീവന്‍ തിരിച്ച് കിട്ടാന്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ അല്ലാതെ മറ്റു മാര്‍ഗ്ഗമില്ല എന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയും അത് താമസിയാതെ ചെയ്യേണ്ടിവരുമെന്നും, അത്തരത്തിലുള്ള സര്‍ജറിക്ക് ചെലവാകുന്ന ഭീമമായ തുകയെ കുറിച്ചും അറിഞ്ഞ സാഹചര്യത്തിലാണ് അടിയന്തരമായി പണം സ്വരൂപിച്ച്, അവന്റെ ജീവന്‍ രക്ഷിക്കാനായി സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട്, അവനെ ഇഷ്ടപ്പെടുന്ന ഞങ്ങള്‍ കുറച്ചുപേര്‍ അഭ്യര്‍ത്ഥനയുമായി വന്നത്.”- മനോജ് വ്യക്തമാക്കി. പക്ഷേ സുമനസ്സുകളുടെ സഹായം വരുന്നതിനിടെ തന്നെ ഹരീഷ് പേങ്ങന്‍ ഈ ലോകത്തുനിന്ന് വിടപറയുകും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *