അന്ന് മെഡൽ, ഇന്ന് ചവിട്ടും അടിയും!
ഒരു പെൺകുട്ടി ഒരാൾക്കെതിരെ ലൈംഗികാരോപണമുയർത്തുന്നു. പരാതി നൽകുന്നു. സ്വഭാവികമായും നമ്മുടെ രാജ്യത്തെ നിയമസംഹിതയനുസരിച്ച് പിന്നീട് എന്ത് സംഭവിക്കും, അന്വേഷണം നടക്കും. കുറ്റാരോപിതനെ ചോദ്യം ചെയ്യും. കുറ്റം തെളിഞ്ഞാൽ പ്രതിയെ ശിക്ഷിക്കും. എന്നാൽ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് കാര്യങ്ങൾ ഇപ്പോൾ ഇങ്ങനെയല്ല. ലൈംഗികാക്രമണം നടത്തിയ ബിജെപി എംപി ബ്രിജ് ഭൂഷനെതിരെ നടപടിയാവശ്യപ്പെട്ട് രാജ്യത്തിന്റെ അഭിമാനമെന്ന് പാടി പുകഴ്ത്തപ്പെട്ട ഗുസ്തി താരങ്ങൾ ഒരു മാസത്തിലധികമായി സമരത്തിലാണ്.
ഒളിമ്പിക്സുൾപ്പെടെ അന്താരാഷ്ട്ര തലത്തിലുള്ള നിരവധി ഗെയിമുകളിൽ മെഡലുകൾ നേടിയ താരങ്ങളായ ബജ്രംഗ് പൂനിയ, വിനയ്ഫോഗട്ട്, സാക്ഷി മാലിക്, സംഗീത ഫോഗട്ട് എന്നിവരുടെ നേതൃത്വത്തിലാണ് സമരം. ഇതുവരെ കേന്ദ്രസർക്കാരോ പ്രധാനമന്ത്രിയോ വിഷയത്തിൽ പ്രതികരിക്കുകയോ നടപടിയെടുക്കുകയോ ചെയ്തിട്ടില്ല. സുപ്രീംകോടതി വിഷയത്തിൽ ഇടപെട്ടപ്പോൾ മാത്രമാണ് പോലീസ് ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. യുപിയിലെ കൈസർഗഞ്ചിൽനിന്നുള്ള ബിജെപി എംപിയായ ബ്രിജ് ഭൂഷൻ ശരൺ സിങ് റെസ്ലിങ് അസോസിയേഷൻ പ്രസിഡന്റ് കൂടിയാണ്. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 7 പേർ നൽകിയ പരാതിയിൽ നടപടി ഇല്ലെന്നു കാട്ടിയാണു ഏപ്രിൽ 23നു താരങ്ങൾ ജന്തർ മന്തറിൽ സമരം ആരംഭിക്കുന്നത്. 2012 മുതൽ 2022 വരെ പല തവണ ബ്രിജ് ഭൂഷൻ ശല്യപ്പെടുത്തി എന്നാണു പരാതി. മെയ് 28ന് പ്രധാനമന്ത്രിയും പരിവാരങ്ങളും കൊട്ടിഘോഷിച്ച് പുതിയ പാർലമെന്റ് ഉദ്ഘാടനം നടത്തുമ്പോൾ പുറത്ത് താരങ്ങൾ പോലീസിന്റെ അടികൊള്ളുകയായിരുന്നു. ചൊവ്വാഴ്ച തങ്ങൾക്ക് കിട്ടിയ എല്ലാ മെഡലുകളും ഗംഗയിലൊഴുക്കുമെന്ന് താരങ്ങൾ പ്രഖ്യാപിച്ചു. എന്നാൽ കർഷക സമരത്തിന്റെ നേതാക്കൾ അവരെ പിന്തിരിപ്പിച്ചു. സർക്കാരിൽ നിന്നുള്ള ഇതേ അവഗണനയും അനീതിയുമൊക്കെ അവരും നേരിട്ടതാണ്. അതുകൊണ്ട് തന്നെ അവർ താരങ്ങൾക്ക് ഒപ്പം നിൽക്കുന്നതിനും പിന്തുണ അറിയിക്കുന്നതിനും വലിയ രാഷ്ട്രീയമാനമുണ്ട്. 5 തവണ ബിജെപി എംപിയായ ബ്രിജ് ഭൂഷൺ യുപിയിലെ പ്രമുഖ രജപുത്ര കുടുംബാംഗമാണ്. ഭവനഭേദനം, കൊലപാതകം, തട്ടിക്കൊണ്ടു പോകൽ, ബലാത്സംഗം അടക്കം നൂറിലേറെ കേസുകൾ ഇയാളുടെ പേരിലുണ്ട്. പക്ഷെ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. ബിജെപിയുടേയരം സർക്കാരിന്റെയും സംരക്ഷണം തന്നെയാണ് അതിന് കാരണം. ചെറിയ മോഷണ കുറ്റം ആരോപിക്കപ്പെട്ടവന്റെ വീട്ടിലേക്ക് വരെ ബുൾഡോസർ പാഞ്ഞു ചെന്ന നാട് ആണ് യുപി..അനധികൃതമായി ഭൂമി കയ്യേറി എന്നു പറഞ്ഞ് ഒരു സുപ്രഭാതത്തിൽ ബുൾ ഡോസ്റുകൾ തകർത്തു കളഞ്ഞ ആയിര കണക്കിന് വീടുകൾ ഉണ്ട് യുപിയിൽ.. അതേ ബുൾ ഡോസർ പക്ഷെ ബ്രിജ് ഭൂഷന്റെ വീട്ടിലേക്ക് ചെല്ലില്ല… അതിനു ഒരൊറ്റ കാരണമേ ഉള്ളു അതാണ് അയാളുടെ അധികാരം, സ്വാധീനം. ഇനി ഇന്ത്യാ ഗേറ്റിൽ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടക്കുമെന്നാണ് താരങ്ങൾ അറിയിക്കുന്നത്. അവർ പ്രതിനിധീകരിക്കുന്നത് രാജ്യത്തെേ ഒാരോ പെൺകുട്ടിയേയുമാണ്. അവർ നേരിടുന്ന അനീതി നാളെ എനിക്കോ നിങ്ങൾക്കോ നേരിടേണ്ടി വന്നേക്കാം.