ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ ബിഷപ്പ് പദവി രാജിവെച്ചു
ജലന്ധര്‍ രൂപതാ അധ്യക്ഷ പദവിയില്‍നിന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവെച്ചു. ബിഷപ്പിന്റെ രാജി വ്യാഴാഴ്ച ഫ്രാൻസിസ് മാർപ്പാപ്പ സ്വീകരിച്ചു. ഇനി മുതൽ ബിഷപ് ഫ്രാങ്കോ എമിരറ്റസ് എന്നാകും അറിയപ്പെടുക. വീഡിയോ സന്ദേശത്തിലൂടെയാണ് ഫ്രാങ്കോ മുളയ്ക്കല്‍ രാജി സ്ഥിരീകരിച്ചത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കോട്ടയം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഫ്രാങ്കോ മുളയ്ക്കല്‍ വീണ്ടും ജലന്ധര്‍ ബിഷപ്പായി ചുമതലയേറ്റത്. പീഡനക്കേസിൽ പ്രതിയായതിനെ തുടർന്ന് 2018 സെപ്റ്റംബറിൽ മുളയ്ക്കലിനെ ബിഷപ്പ് പദവിയിൽ നിന്ന് താത്കാലികമായി മാറ്റി നിർത്തിയിരുന്നു. കേസിൽ കോടതി ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ നടപടി വത്തിക്കാനും സ്വീകരിച്ചിരുന്നു.