We Talk

ജനാധിപത്യത്തെ പടിക്ക് പുറത്ത് നിർത്തുന്ന ഭരണകൂടം

രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അറിയപ്പെടുന്ന ഇന്ത്യയിൽ ഇനി കുട്ടികളുടെ പാഠ്യപദ്ധതിയിൽ ജനാധിപത്യമില്ല. ആർഎസ്എസ്സും സംഘപരിവാറും ആരോപണവിധേയരായ ചരിത്ര സംഭവങ്ങളായിരുന്നു ഇതുവരെ പാഠപുസ്തകത്തിൽനിന്ന് നീക്കിയത്. ഗാന്ധി വധവും തുടർന്നുണ്ടായ ആർഎസ്എസ് നിരോധനവും ഉദാഹരണങ്ങൾ. പിന്നെ അവർക്ക് സ്വഭാവികമായും അസഹിഷ്ണുതയുള്ള ശാസ്ത്രവും. ഇപ്പോഴിതാ ഫാസിസ്റ്റുകളുടെ ഏറ്റവും വെറുക്കപ്പെട്ട വാക്കായ ജനാധിപത്യവും ഇല്ലാതാക്കിയിരിക്കുന്നു. ബഹുസ്വരതയിലും മതേതരത്വത്തിലും അധിഷ്ഠിതമായ ഭരണഘടനയെ അവഗണിച്ച് തങ്ങൾക്ക് എതിരായതെല്ലാം ഒഴിവാക്കുന്ന ഏകാധിപത്യസംവിധാനത്തിലേക്ക് നമ്മുടെ പാഠ്യപദ്ധതിയെ കൊണ്ടെത്തിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ നീക്കമാണിത്.

ഗുജറാത്ത് കലാപം, മുഗൾ ചരിത്രം, പരിണാമ സിദ്ധാന്തം എന്നിവയ്ക്ക് പിന്നാലെയാണ് പത്താം ക്ലാസിലെ പാഠ്യപദ്ധതിയിൽനിന്ന് ജനാധിപത്യം, പീരിയോഡിക് ടേബിൾ എന്നിവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ കൂടി എൻസിഇആർടി ഒഴിവാക്കിയിരിക്കുന്നത്. സാമൂഹ്യ ശാസ്ത്രത്തിലെ ജനാധിപത്യ രാഷ്ട്രീയത്തിൽനിന്ന് ജനാധിപത്യം, ജനാധിപത്യത്തിനെതിരായ വെല്ലുവിളികൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവയെക്കുറിച്ചുള്ള മുഴുവൻ അധ്യായങ്ങളും ഒഴിവാക്കിയിട്ടുണ്ട്. വിദ്യാർഥികളുടെ പഠനഭാരം കുറയ്ക്കുക, ഓവർലാപ്പിങ് ഒഴിവാക്കുക, അപ്രസക്തമായതും പ്രയാസമേറിയതുമായ ഭാഗങ്ങൾ ഒഴിവാക്കുക എന്നീ കാരണങ്ങളാണ് എൻസിഇആർടി ഉന്നയിക്കുന്നത്. ശാസ്ത്രവിഷയങ്ങളിൽ ഡാർവിന്റെ ജീവപരിണാമസിദ്ധാന്തമടക്കമുള്ള പാഠഭാഗങ്ങൾ ഒഴിവാക്കിയതിനെതിരെയുള്ള പ്രതിഷേധം ശക്തമായി നിലനിൽക്കേയാണ് പിരിയോഡിക് ടേബിളും ഊർജസ്രോതസുമടക്കമുള്ള സുപ്രധാന വിഷയങ്ങൾ ഒഴിവാക്കിയിരിക്കുന്നത്. പരിണാമസിദ്ധാന്തം ഒഴിവാക്കിയതിനെതിരേ 1800-ഓളം വിദഗ്ധർ സർക്കാരിന് തുറന്നകത്തെഴുതി പ്രതിഷേധിച്ചിരുന്നു. എന്നാൽ വിമർശനങ്ങൾ കേന്ദ്ര സർക്കാർ മുഖവിലയ്ക്കെടുത്തിരുന്നില്ല. മാത്രമല്ല പാഠഭാഗങ്ങളെ ഒഴിവാക്കിയോ കൂട്ടിച്ചേർത്തോ വരുത്തുന്ന ചെറിയ മാറ്റങ്ങൾ നേരത്തെ പരസ്യപ്പെടുത്തേണ്ടതില്ലെന്നും കൗൺസിൽ പറഞ്ഞു. ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത പ്രസ്താവനയിലൂടെയാണ് എൻസിഇആർടി നിലപാട് വ്യക്തമാക്കിയത്.
എൻഡിഎ സർക്കാർ 2014ൽ അധികാരത്തിലേറിയ ശേഷം നടത്തുന്ന നാലാമത്തെ പാഠ്യപദ്ധതി പരിഷ്കരണമാണിത്. ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയുമായ മൗലാന ആസാദിനേയും പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. 14 വയസ് വരെയുള്ള കുട്ടികൾക്ക് രാജ്യത്ത് സൗജന്യ വിദ്യാഭ്യാസം ഏർപ്പെടുത്തണമെന്ന വിദ്യാഭ്യാസ പരിഷ്‌കരണം കൊണ്ടുവന്ന വ്യക്തിയാണ് ആദ്യ വിദ്യാഭ്യാസ മന്ത്രി കൂടിയായ മൗലാന ആസാദ്. ജാമിയ മിലിയ ഇസ്ലാമിയ, നിരവധി ഐഐടികൾ, ഐഐഎസ്, സ്‌കൂൾ ഓഫ് പ്ലാനിംഗ് ആന്റ് ആർക്കിടെക്ചർ എന്നിവയുടെ സ്ഥാപകൻ കൂടിയാണ് അദ്ദേഹം. ആ പേര് ഒഴിവാക്കിയതിന് പിന്നിലുള്ള രാഷ്ട്രീയം എന്താണെന്നുള്ളത് വ്യക്തമാണ്. ഇതാദ്യമായല്ല ആസാദിന്റെ പേര് ഒഴിവാക്കുന്നതെന്ന് ചരിത്രകാരൻ എസ്.ഇർഫാൻ ഹബീബ് പറഞ്ഞിരുന്നു. 2009 ൽ രൂപീകരിച്ച മൗലാന ആസാദ് ഫെല്ലോഷിപ്പ് കഴിഞ്ഞ വർഷം ന്യൂനപക്ഷ മന്ത്രാലയം റദ്ദാക്കിയിരുന്നു. ബുദ്ധമതം, ക്രൈസ്തവ മതം, ജയിനർ, ഇസ്ലാം മതി, പാഴ്‌സി, സിഖ് എന്നിങ്ങനെ ആറ് ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അഞ്ച് വർഷം വരെ സാമ്പത്തിക സഹായം നൽകുന്നതായിരുന്നു ഫെല്ലോഷിപ്പ്. മുഗൾ കാലഘട്ടത്തെയും ജാതി വ്യവസ്ഥയെയും കുറിച്ചുള്ള ഭാഗം, സാമൂഹിക പ്രസ്ഥാനങ്ങളെ കുറിച്ചുള്ള ഭാഗങ്ങൾ എന്നിവയും പാഠഭാഗങ്ങളിൽ നിന്ന് പുറംതള്ളിയവയിൽ ഉൾപ്പെടുന്നു. “ഇന്ത്യയൊരു ഹിന്ദുരാഷ്ട്രമാക്കണമെന്ന് വാദിച്ചവരെ ഗാന്ധി ഇഷ്ടപ്പെട്ടിരുന്നില്ല, ഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ വർഗീയ വിദ്വേഷം പടർത്തുന്ന സംഘടനകളെ നിരോധിച്ചിരുന്നു, ആർഎസ്എസ് പോലുള്ളവയ്ക്കും കുറച്ചുകാലത്തേക്ക് വിലക്കേർപ്പെടുത്തിയിരുന്നു, ഹിന്ദു-മുസ്ലിം ഐക്യത്തിനായുള്ള ഗാന്ധിയുടെ ശ്രമങ്ങളാണ് ഹിന്ദു തീവ്രവാദികളെ വളരെയധികം പ്രകോപിപ്പിച്ചത്, അവർ ഗാന്ധിജിയെ വധിക്കാൻ നിരവധി ശ്രമങ്ങൾ നടത്തി” തുടങ്ങിയ ​ഗാന്ധിവധത്തെക്കുറിച്ചുള്ള ഭാഗങ്ങളാണ് നേരത്തേ ഒഴിവാക്കിയത്. ഇതിനുപുറമെ മുഗൾ കാലഘട്ടത്തെയും ഇന്ത്യയിലെ മുസ്ലീം ഭരണാധികാരികളെയും കുറിച്ചുള്ള ഉള്ളടക്കങ്ങളും വെട്ടിമാറ്റപ്പെട്ടിരുന്നു. മുഗൾ ചക്രവർത്തിമാരായ ഹുമയൂൺ, ഷാജഹാൻ, ബാബർ, അക്ബർ, ജഹാംഗീർ, ഔറംഗസീബ് തുടങ്ങിയവരുടെ നേട്ടങ്ങൾ വിവരിക്കുന്ന രണ്ട് പേജുള്ള പട്ടിക ഉൾപ്പെടെ, ഏഴാം ക്ലാസ് പാഠപുസ്തകത്തിലെ മുഗൾ സാമ്രാജ്യം എന്ന അധ്യായവും വെട്ടിക്കുറച്ചു. ഇങ്ങനെ പ്രധാനപ്പെട്ട നിരവധി ചരിത്ര സംഭവങ്ങൾ ഒഴിവാക്കിയതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. എന്നാൽ ഒഴിവാക്കിയ പാഠഭാഗങ്ങൾ തിരികെ ചേർക്കുമെന്ന് എൻസിഇആർടി ഉറപ്പു നൽകിയിട്ടില്ല. വിദഗ്ധരുടെ നിർദേശങ്ങൾക്കനുസരിച്ചാണ് പാഠപുസ്തകങ്ങൾ പരിഷ്‍കരി​ച്ചതെന്നാണ് വാദം. വളർന്നു വരുന്ന തലമുറ എന്ത് പഠിക്കണം എന്ത് പഠിക്കേണ്ട എന്നത് ഒരു ബിജെപിയും ആർഎസ്എസും അവർക്ക് വേണ്ട രീതിയിൽ തീരുമാനിക്കുന്ന അവസ്ഥയിലേക്ക് രാജ്യം എത്തിയിരിക്കുന്നു എന്ന യാഥാർഥ്യമാണ് കൺമുന്നിലുള്ളത്. ജനാധിപത്യം എന്താണ് എന്നറിയാത്ത ഒരു തലമുറയെ ഏകാധിപതികൾക്ക് ഭരിക്കാൻ എളുപ്പമായിരിക്കുമല്ലോ അല്ലേ…

Leave a Reply

Your email address will not be published. Required fields are marked *