We Talk

രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടങ്ങൾ

രാജ്യത്തെ ഏറ്റവും വലിയ തീവണ്ടി അപകടങ്ങളിലൊന്നാണ് 1981 ജൂണ്‍ 6ന് ബിഹാറില്‍ നടന്നത്. ബഗ്മതി പുഴയിലേക്ക് ട്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 500നും 800 ഇടയിലാണ്. രാജ്യത്തുണ്ടായതിൽ വച്ച് ഏറ്റവും വലിയ ദുരന്തമായിരുന്നു ഇത്. ചുഴലിക്കാറ്റ് മൂലം ട്രെയിനിന്റെ ഒമ്പത് ബോഗികളില്‍ ഏഴെണ്ണം പാലത്തില്‍ നിന്ന് നദിയിലേക്ക് മറിയുകയായിരുന്നു. അമിതമായി ആളുകളെ കുത്തിനിറച്ച തീവണ്ടി മാന്‍സിയില്‍ സഹര്‍സയിലേക്ക് പോകുകയായിരുന്നു. കണക്കുകള്‍ പ്രകാരം നിരവധി ദിവസത്തെ രക്ഷാപ്രവര്‍ത്തനത്തിന് ശേഷം വെള്ളത്തില്‍ മുങ്ങിയ മൃതദേഹങ്ങള്‍ ഓരോന്നായി പുറത്തെടുത്തതിനാല്‍ മരണസംഖ്യ 800 മുതൽ 2000 വരെ ഉണ്ടാകാം. നാല് വലിയ വിവാഹപാര്‍ട്ടികളടക്കം തീവണ്ടിയില്‍ ഉണ്ടായിരുന്നതിനാല്‍ യാത്രക്കാരുടെ എണ്ണം തിട്ടപ്പെടുത്താനായിരുന്നില്ല. 1981 ഇന്ത്യന്‍ റെയില്‍വേയെ മരണം വേട്ടയാടിയ വര്‍ഷം കൂടിയായിരുന്നു. ആദ്യ ഒമ്പത് മാസങ്ങളില്‍ മാത്രം 526 തീവണ്ടികള്‍ പാളം തെറ്റിയതായി കണക്കാക്കുന്നു.

രാജ്യത്തുണ്ടായ മറ്റു പ്രധാന അപകടങ്ങളും മരണസംഖ്യയും:

  • ഉത്തര്‍പ്രദേശിലെ ഫറോസാബാദ് റെയില്‍വെ സ്റ്റേഷനിൽ 1995 ഓഗസ്‌റ്റ് 20 പുരുഷോത്തം എക്സ്പ്രസും കാളിന്ദി എക്‌സ്പ്രസും കൂട്ടിയിടിച്ചു – 400 മരണം
  • അസമിലെ ഗൈസാലില്‍ 1999 ഓഗസ്റ്റ് 2 ന് തീവണ്ടികള്‍ കൂട്ടിയിടിച്ചു- 290 മരണം
  • പഞ്ചാബില്‍ ഖന്നയില്‍ 1998 നവംബര്‍ 26ന് തീവണ്ടികള്‍ കൂട്ടിയിടിച്ചു – 212 മരണം
  • ഹൈദരാബാദിനടുത്ത് 1954 സപ്തംബര്‍ 28 ന് തീവണ്ടി നദിയിലേക്ക് മറിഞ്ഞു- 139 മരണം
  • അമൃത്സര്‍ -ഹൗറ മെയില്‍ 1962 ജൂലായ് 22ന് നദിയിലേക്ക് മറിഞ്ഞു- 104ലധികം മരണം
  • മദ്രാസ് – തൂത്തുക്കുടി എക്‌സപ്രസ്് ട്രെയില്‍ 1956 നവംബര്‍ 23ന് നദിയിലേക്ക് മറിഞ്ഞു -104 മരണം
  • ധനുഷ്‌കോടി പാമ്പന്‍ പാസഞ്ചര്‍ തീവണ്ടി 1964 ഡിസംബര്‍ 23 ന് – 126 മരണം
  • ബംഗാളിലെ നക്‌സല്‍സില്‍ 2010 മെയ് 28 ജ്ഞാനേശ്വരി എക്‌സ്പ്രസ് പാളം തെറ്റി- 148 മരണം
  • ബിഹാറിലെ ഔറംഗാബാദ് ജില്ലയില്‍ 2010 മെയ് 28ന് രാജധാനി എക്‌സ്പ്രസിന്റെ കോച്ച് നദിയില്‍ മറിഞ്ഞ്- 148 മരണം

പെരുമൺ ദുരന്തം

കേരളത്തിൽ മൂന്നരപ്പതിറ്റാണ്ട് മുൻപുണ്ടായ ട്രെയിൻ ദുരന്തത്തിൽ നൂറിലധികം പേർക്കായിരുന്നു ജീവൻ നഷ്ടമായത്. 1988 ജൂലൈ എട്ടിന് കൊല്ലത്തെ പെരിനാടിനടുത്തുള്ള പേരുമാണ് പാലത്തിന് മുകളിൽ നിന്ന് ബാംഗ്ലൂർ-കന്യാകുമാരി ഐലന്റ് എക്സ്പ്രസ് പാളംതെറ്റി വീണത് അഷ്ടമുടി കായലിലേക്കായിരുന്നു. പെരുമൺ ദുരന്തമെന്നറിയപ്പെടുന്ന ട്രെയിൻ അപകടത്തിൽ 105 പേരാണ് മരിച്ചത്. ഇരുന്നൂറിലധികം പേർക്ക് അന്ന് പരുക്കേൽക്കുകയും ചെയ്തിരുന്നു.

കടലുണ്ടി ട്രെയിൻ അപകടം

2001 ജൂൺ 22 നായിരുന്നു 52 പേരുടെ മരണത്തിന് ഇടയാക്കിയ കടലുണ്ടി ട്രെയിൻ അപകടം നടന്നത്. പെരുമൺ ദുരന്തത്തിനു ശേഷം സംസ്ഥാനം കണ്ട ഏറ്റവും വലിയ തീവണ്ടി അപകടമായിരുന്നു കടലുണ്ടിയിലേത്. 6602-ാം നമ്പർ മംഗളൂരു- ചെന്നൈ എക്‌സ്പ്രസ് കടലുണ്ടിപ്പാലത്തിനു മുകളിൽ നിന്ന് പാളം തെറ്റി പുഴയിലേക്ക് പതിച്ചായിരുന്നു അപകടം. കനത്ത മഴയുള്ള ദിവസം വൈകിട്ട് 5.10 ന് മൂന്ന് ബോഗികൾ പുഴയിലേക്ക് മറിഞ്ഞു. ഇവയിൽ രണ്ടെണ്ണം പാലത്തിനും പുഴയ്ക്കുമിടയിൽ തൂങ്ങിനിന്നു.

ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വിപുലവുമായ തീവണ്ടിപ്പാതാ ശൃംഖലകളിലൊന്നാണ് ഇന്ത്യൻ റെയില്‍വേ. ഏകദേശം 5000 കോടി യാത്രക്കാരും, 650 ദശലക്ഷം ടണ്‍ ചരക്കും ഓരോ വര്‍ഷവും ഇന്ത്യന്‍ റെയില്‍പ്പാതകളിലൂടെ നീങ്ങുന്നുണ്ട്. എല്ലാ പ്രധാന സംസ്ഥാനങ്ങളിലൂടെയും റെയില്‍വേ കടന്നുപോകുന്നു. മാത്രമല്ല 16 ലക്ഷത്തില്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു സ്ഥാപനവും കൂടിയാണ് ഇന്ത്യന്‍ റെയില്‍വേ. ഇന്ത്യയിലെ റെയില്‍ ഗതാഗതം പൂര്‍ണ്ണമായും പൊതുമേഖലയിലാണ്. ഇന്ത്യന്‍ റെയില്‍വേയിലെ മൊത്തം തീവണ്ടിപ്പാതയുടെ നീളം 63,940 കിലോമീറ്ററോളം വരും.

Leave a Reply

Your email address will not be published. Required fields are marked *