ഒഡിഷ ട്രെയിൻ അപകടം: 250ലേറെ ജീവനുകൾക്ക് മറുപടി പറയേണ്ടത് ആര്?
മിനിട്ടുകളുടെ വ്യത്യാസത്തിന് രണ്ട് ട്രെയിന്‍ അപകടങ്ങള്‍. മരിച്ചത് 250ലേറെപ്പേര്‍. ആയിരത്തോളം പേർക്ക് പരിക്ക്. മരണസംഖ്യ ഇനിയും ഉയരുമോ എന്ന ആശങ്ക. ഒഡീഷയിലെ ബാലസോര്‍ തീവണ്ടി അപകടത്തിന്റെ ആഘാതത്തിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുകയാണ്. ഒരേ സമയം മൂന്നു ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്. ഷാലിമാര്‍ – ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസ്, യശ്വന്ത്പുര്‍ -ഹൗറ എക്‌സ്പ്രസ് എന്നീ പാസഞ്ചര്‍ ട്രെയിനുകള്‍ക്കൊപ്പം ഒരു ഗുഡ്‌സ് ട്രെയിനും അപകടത്തില്‍പ്പെട്ടു.
വെള്ളിയാഴ്ച രാത്രി 7.20നാണ് ആദ്യത്തെ ട്രെയിന്‍ അപകടത്തില്‍പ്പെട്ടത്. ബെംഗളൂരുവില്‍നിന്ന് കൊല്‍ക്കത്തയിലേക്കു പോവുകയായിരുന്ന യശ്വന്ത്പുര്‍- ഹൗറ എക്‌സ്പ്രസ് ട്രെയിന്‍ ബഹാനഗാ ബസാര്‍ സ്റ്റേഷനു സമീപം പാളം തെറ്റി മറിഞ്ഞതാണ് ആദ്യ അപകടം. ഈ കോച്ചുകളിലേക്ക് അടുത്ത പാളത്തിലൂടെ വന്ന ഷാലിമാര്‍- ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പാളം തെറ്റിയ കോറമണ്ഡല്‍ എക്‌സ്പ്രസ് സമീപത്തെ ഗുഡ്‌സ് ട്രെയിനിനു മുകളിലേക്ക് മറിഞ്ഞു. നിരവധി ബോഗികള്‍ ഗുഡ്‌സ് ട്രെയിനിന്റെ മുകളിലാണ്. മരിച്ചവരില്‍ ഏറെയും കോറമണ്ഡല്‍ എക്‌സപ്രസിലെ യാത്രക്കാരാണ്. വെള്ളിയാഴ്ച വൈകിട്ട് 3.30ന് ബംഗാളിലെ ഷാലിമാര്‍ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. വൈകിട്ട് 6.30നാണ് ട്രെയിന്‍ ബാലസോര്‍ സ്റ്റേഷനിലെത്തിയത്. പിന്നീട് 7.20ഓടെ ബഹനാഗ സ്റ്റേഷനു സമീപത്തുവച്ചാണ് അപകടം. ശനിയാഴ്ച വൈകിട്ട് 4.50ന് ചെന്നൈ റെയില്‍വേ സ്റ്റേഷനിലത്തേണ്ട ട്രെയിനാണിത്.
അപകടത്തില്‍ പെടുമ്പോള്‍ ഹൗറ എക്പ്രസിന് 100 കിലോമീറ്ററിലേറെ വേഗതയുണ്ടായിരുന്നു. ഇതിലേക്കാണ് അതുപോലെ നൂറ് കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന കോറമണ്ഡല്‍ എക്പ്രസ് ഇടിച്ചു കയറിയത്. ആദ്യ അപകടം നടന്നപ്പോള്‍ തന്നെ യഥാസമയം കമ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍, രണ്ടാമത്തെ അപകടം ഒഴിവാക്കാൻ കഴിയുമായിരുന്നു.
ലൈവ് നിരീക്ഷണം വേണം
പക്ഷേ അപകടങ്ങള്‍ തമ്മില്‍ മിനുട്ടുകള്‍ മാത്രം വ്യത്യാസം ഉള്ളതിനാല്‍ ലോക്കോപൈലറ്റിന് കമ്യുണിക്കേറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. നമ്മുടെ റയിൽവേ സുരക്ഷാ സംവിധാനങ്ങളുടെ പോരായ്മയിലേക്കാണ് ഇതു വെളിച്ചം വീശുന്നത്. റെയില്‍വെ സുരക്ഷക്ക് വേണ്ടി മുൻകാലങ്ങളിൽ അപകടം ഉണ്ടായപ്പോൾ വിവിധ കമ്മീഷനുകൾ സമർപ്പിച്ച മിക്ക നിര്‍ദേശങ്ങളും ഇപ്പോഴും നടപ്പിലായിട്ടില്ല. വിദേശരാജ്യങ്ങളിൽ ഹൈ സ്പീഡ് ട്രെയിനുകളിൽ ലോക്കോ പൈലറ്റിനോട് തത്സമയം ആശയവിനിമയം നടത്താന്‍ കഴിയുന്ന, സംവിധാനം ഉണ്ട്. അതു ഇവിടെയും വേണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. അങ്ങനെ ഒരു സംവിധാനം ഉണ്ടായിരുന്നെങ്കില്‍ ആദ്യ അപകടത്തിന്റെ വിവരം തത്സമയം തന്നെ അധികൃതര്‍ക്ക് അറിയാന്‍ കഴിയുമായിരുന്നു. ഉടനെ തന്നെ സിഗ്‌നല്‍ നല്‍കി ട്രെയിൻ നിര്‍ത്തി രണ്ടാമത്തെ അപകടം ഒഴിവാക്കൻ കഴിയുമായിരുന്നു.
അതുപോലെ തന്നെ ക്യാമറയും, വിമാനത്തിലെ ബ്ലാക്ക്‌ബോക്‌സ് പോലുള്ള സംവിധാനങ്ങളും ചൈനയില്‍ അടക്കം തീവണ്ടികളിൽ ഉണ്ട്. ഇവയെല്ലാം നമ്മുടെ നാട്ടിലും കൊണ്ടുവരണമെന്ന്, ലോക്കോ പൈലറ്റുമാരുടെയും റെയില്‍വേ ജീവനക്കാരുടെയും സംഘടനകള്‍ പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതു വരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. . ട്രെയിനുകള്‍ കൂട്ടിയിടിച്ചത് പരമാവധി വേഗതയില്‍ സഞ്ചരിക്കുമ്പോഴാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ തന്നെ അപകടത്തിന്റെ വ്യാപ്തി വലുതായി. ഒരു ട്രെയിന്‍ അപകടത്തില്‍ പെട്ടാല്‍ ഓട്ടോമാറ്റിക്ക് ആയി, മറ്റ് ലോക്കോപൈലറ്റുമാരുടെയും, റെയില്‍വേ അധികൃതരുടെയും ഫോണിലേക്ക് എമര്‍ജന്‍സി അലേര്‍ട്ട് പോകുന്ന സംവിധാനവും ഹൈ സ്പീഡ് ട്രെയിനുകൾ ഓടിക്കുന്ന രാജ്യങ്ങളിലുണ്ട്. അതും ഇന്ത്യൻ റെയിൽവേയിൽ നടപ്പിലാക്കിയിട്ടില്ല.
അപകടം ഉണ്ടായാല്‍ തെളിയുന്ന വിധത്തില്‍ ഹൈമാസ്റ്റ് വിളക്കുകള്‍ ബോഗിയില്‍ വേണമെന്നും, എമര്‍ജന്‍സി എക്‌സിറ്റുകള്‍ കാര്യക്ഷമാക്കണമെന്നുമൊക്കെയുള്ള നിര്‍ദേശങ്ങളും ഇപ്പോഴും ഫയലിൽ ഉറങ്ങുകയാണ്. . അപായച്ചങ്ങല വലിച്ചാല്‍പോലും നില്‍ക്കാത്ത രീതിയിലാണ് പല ട്രെയിനുകളും. കൂടുതല്‍ ഹൈടെക്ക് ട്രെയിനുകള്‍ ഇറക്കിക്കൊണ്ടിരിക്കുന്ന റെയിൽവേ അധികൃതര്‍, യാത്രക്കാരുടെ സുരക്ഷയില്‍ ശ്രദ്ധ കൊടുക്കുന്നില്ല എന്നത് ഗുരുതരമായ അലംഭാവമാണ്. ഇന്ത്യന്‍ റെയില്‍വേയുടെ ശാപമായ സിഗ്‌നല്‍ തകരാറുകള്‍ പരിഹരിക്കുന്നതിന് ഇനിയും പൂര്‍ണ്ണമായി കഴിഞ്ഞിട്ടില്ല.ബാലസോറിൽ ആദ്യ ട്രെയിന്‍ പാളം തെറ്റിയത് സിഗ്‌നല്‍ തകരാര്‍ കാരണമാണോ എന്നു പരിശോധിച്ച് വരികയാണ്.
ബാലസോർ ദുരന്തത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജി വെക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയിൽ തീവണ്ടി അപകടങ്ങളെ തുടർന്നു രാജി വെച്ച രണ്ടു റയിൽവേ മന്ത്രിമാരേ ഉള്ളൂ. ലാൽ ബഹാദൂർ ശാസ്ത്രിയും നിതീഷ് കുമാറും. 1956 ൽ തമിഴ്‌നാട്ടിലെ അരിയല്ലൂർ തീവണ്ടി അപകടത്തെ തുടർന്നാണ് ശാസ്ത്രി രാജി വെച്ചത്. 142 പേരാണ് അന്നു മരിച്ചത്. 1995 ഓഗസ്റ്റിൽ അസമിലെ ഗെയ്സാലിൽ 290 പേരുടെ മരണത്തിനിടയായ ട്രെയിൻ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് നിതീഷ് കുമാർ രാജി വെച്ചത്.
ReplyForward |