We Talk

ഇന്ത്യൻ റെയിൽവേയിൽ‌ ജീവനക്കാർക്ക് ക്ഷാമം

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജീവനക്കാർക്ക് ക്ഷാമം നേരിടുന്നു. 3.12 ലക്ഷം നോൺ-ഗസറ്റഡ് തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. വടക്കൻ മേഖലയിൽ 38,754, പടിഞ്ഞാറൻ മേഖലയിൽ 30,476, കിഴക്കൻ മേഖലയിൽ 30,141, സെൻട്രൽ സോണുകളിൽ 28,650 എന്നിങ്ങനെയാണ് ഒഴിവുകൾ. തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞ വർഷം നവംബറിൽ, ‘നാഷണൽ റെയിൽവേ മസ്ദൂർ യൂണിയൻ’ ഛത്രപതി ശിവജി ടെർമിനസിൽ ഡിവിഷണൽ റെയിൽവേ മാനേജരുടെ ഓഫീസിന് മുന്നിൽ ധർണ നടത്തിയിരുന്നു. സെൻട്രൽ സോണിൽ ഒഴിവുള്ള 28,650 തസ്തികകളിൽ, ഏകദേശം 50% ഒഴിവുകളും സുരക്ഷാ വിഭാഗത്തിലാണ്. ഇൻസ്‌പെക്ടർമാർ, ഡ്രൈവർമാർ, ട്രെയിൻ എക്‌സാമിനർമാർ, ഷണ്ടറുകൾ, ഓപ്പറേറ്റിംഗ്, മെയിന്റനൻസ് സ്റ്റാഫുകൾ എന്നിവരാണ് ഈ വിഭാ​ഗത്തിൽ ഉൾപ്പെടുന്നത്. എഞ്ചിനീയർമാർ, ടെക്‌നീഷ്യൻമാർ, ക്ലാർക്കുമാർ, സ്റ്റേഷൻ മാസ്റ്റർമാർ, ടിക്കറ്റ് കളക്ടർമാർ തുടങ്ങി നിരവധി വിഭാഗങ്ങൾ നോൺ-ഗസറ്റഡ് പോസ്റ്റുകളിൽ ഉൾപ്പെടുന്നുണ്ട്. തസ്തികകൾ നികത്താൻ കഴിയാത്തത് ജീവനക്കാരെ അധികസമയം ജോലിചെയ്യാൻ നിർബന്ധിതരാക്കുന്നുണ്ട്. ജീവനക്കാരുടെ കുറവുമൂലം നിരവധി ടിക്കറ്റ് ബുക്കിംഗ് വിൻഡോകൾ പ്രവർത്തനരഹിതമാകുന്നത് നീണ്ട ക്യൂകൾക്കും തിരക്കിനും ഇടയാക്കുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *