വാഴത്തോട്ടത്തിലെ ആത്മാവായി മാറിയ സി എൻ വിജയകൃഷ്ണൻ
സി എൻ വിജയകൃഷ്ണൻ വിജയശ്രീലാളിതനായ സഹകാരിയും അട്ടയുടെ കണ്ണു കണ്ട ബിസിനസുകാരനുമാണ്. കോഴിക്കോട്ടെ സിറ്റി കോ ഓപ്പറേറ്റീവ് ബാങ്ക് അദ്ദേഹം ഉണ്ടാക്കിയെടുത്ത സ്ഥാപനമാണ്. അവിടെ ആയിരം കോടി നിക്ഷേപം എത്തുമ്പോൾ പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് കാലേ കൂട്ടി പ്രഖ്യാപിച്ചു അതു അക്ഷരം പ്രതി നടപ്പിലാക്കിയ ആളാണ്. ലാഡർ എന്ന സഹകരണ പ്രസ്ഥാനത്തിന് രൂപം നൽകി അതിന്റെ തലപ്പത്തിരുന്നു കേരളത്തിലെ പ്രധാന നഗരങ്ങളിൽ ഹോട്ടലുകളും ഫ്ലാറ്റ് സമുച്ചയങ്ങളും നിർമ്മിച്ചു വരുന്നു. മലബാറിലെ ക്യാൻസർ ആശുപത്രികളിൽ പ്രമുഖ സ്ഥാനത്തുള്ള എം വി ആർ ക്യാൻസർ സെന്ററിന്റെ ചെയർമാൻ സ്ഥാനവും വിജയകൃഷ്ണൻ വഹിക്കുന്നു. തൊട്ടതൊക്കെ വിജയിപ്പിച്ചെടുക്കുന്ന വിജയകൃഷ്ണന് പക്ഷേ, നെന്മാറയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോയി തിരിച്ചടി കിട്ടി. സി പിഎമ്മിൽ നിന്നു പുറത്താക്കപ്പെട്ട എം വി രാഘവൻ രൂപീകരിച്ച സി എം പി യുടെ നേതാവാണ് അദ്ദേഹം. രാഘവന്റെ രാഷ്ട്രീയത്തെ അദ്ദേഹത്തിന്റെ മക്കൾ പോലും തള്ളിക്കളഞ്ഞിട്ടും വിജയകൃഷ്ണൻ ഇപ്പോഴും അതു പിന്തുടരുന്നു. രാഘവനെ പോലെ തന്നെ സി പിഎമ്മിൽ നിന്നു പുറത്താക്കപ്പെട്ടായാളാണ് വിജയകൃഷ്ണനും. സ്വകാര്യ ബസ് ജീവനക്കാരനായി ജീവിതം ആരംഭിച്ച അദ്ദേഹത്തിനു സിപിഎമ്മിന്റെ ചെങ്കൊടി കയ്യിൽ നിന്നു പോയ ശേഷമാണു നക്ഷത്രം തെളിഞ്ഞത്. ഇങ്ങിനെ പലതരം വിശേഷണങ്ങൾക്ക് അർഹനായ വിജയകൃഷ്ണൻ ഭാവനാ സമ്പന്നനായ ഒരെഴുത്തുകാരൻ കൂടിയാണെന്നാണ് ഇപ്പോൾ സ്വയം തെളിയിച്ചിരിക്കുന്നത്.
ഫേസ്ബുക്കിൽ സ്ഥിരമായി കുറിപ്പുകൾ ഇടുന്ന വിജയകൃഷ്ണൻ പുതുതായി കുറിച്ച വാഴത്തോട്ടത്തിൽ കുടുങ്ങിയ ആത്മാവ് എന്ന കഥ അദ്ദേഹത്തിന്റെ ഭാവനയുടെയും ഉദാത്തമായ രചനാ ശൈലിയുടെയും നർമത്തിൽ പൊതിഞ്ഞ ഭാഷയുടെയും ഉത്തമ സൂചകമാണ്. 2019 ൽ ബൈ പാസ്സ് ശസ്ത്രക്രിയയെ തുടർന്നു വിശ്രമിക്കുന്ന സന്ദർഭത്തിൽ അദ്ദേഹം രചിച്ച കഥയാണിത്. ദേഹം വിട്ടു ദേഹി പോയ ശേഷമുള്ള ആത്മാവിന്റെ വികാര വിചാരങ്ങളാണ് വിജയകൃഷ്ണൻ കുറിച്ചത്. അസാമാന്യമായ ഒരു വായനാ അനുഭവമാണ് ഇതു സമ്മാനിക്കുന്നത്. മരിച്ച ശേഷം നടക്കുന്ന കർമ്മങ്ങൾ, കോഴിക്കോട് നഗരത്തിലെ തന്റെ സൗഹൃദ വലയത്തിലുള്ളവർ അന്ത്യ ദർശനത്തിനെത്തുന്നത്, ഒടുവിൽ ശ്മാശാനത്തിൽ ചാരമായി ഒടുങ്ങുന്നത്, ആ ചാരം വാഴത്തോട്ടത്തിൽ വളമായി എത്തുന്നത്… എന്നിങ്ങനെ ഭാവനയുടെ ഒരു കടൽ തന്നെയാണ് ഈ കഥ. കോഴിക്കോടൻ സാമൂഹിക ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളായ ചിലരെ കണക്കിന് പരിഹസിക്കുകയും ചെയ്യുന്നുണ്ട് കഥയിൽ. കഥയും കാര്യവും കൂടിച്ചേർന്നുള്ള ഈ ഫാന്റസി ഇനി വായിക്കാം.

വാഴത്തോട്ടത്തില്‍ കുടുങ്ങിയ ആത്മാവ്
മരണം എപ്പോഴും നമ്മുടെ കൂടെയുണ്ട്. അരൂപിയായി. ചിലപ്പോള്‍ നിഴലായി. ഏതുസമയത്തും നമ്മളെ തൊടാവുന്നത്ര ദൂരത്തില്‍. നമ്മുടെ മരിച്ചുപോയ പ്രിയപ്പെട്ടവര്‍ സ്വപ്‌നങ്ങളില്‍ ചിലപ്പോഴെങ്കിലും പ്രത്യക്ഷപ്പെടാറുണ്ട്. മരിച്ചവരായല്ല അവര്‍ നമുക്കു മുന്നില്‍ വരിക. നിത്യവും കണ്ടുമുട്ടുന്ന ഒരാളെപ്പോലെ, മരണശേഷമുള്ള ഏതോ അജ്ഞാതലോകത്താണെന്ന ചിന്തയില്ലാതെ, അവരങ്ങനെ നമ്മുടെയടുത്തു നില്‍ക്കും. മരിച്ചുപോയവരാണെന്ന ചിന്തയില്ലാതെ നമ്മള്‍ അവരോട് ഇടപഴകും. എന്നാല്‍, നമ്മള്‍ സ്വന്തം മരണം എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? സംശയമാണ്. എന്നാല്‍, എനിക്കങ്ങനെ വിചിത്രമായ ഒരനുഭവമുണ്ടായിട്ടുണ്ട്. പ്രിയപ്പെട്ടവരുടെ നടുവില്‍ നിശ്ചലനായി, ജഡമായി കിടന്നുപോയിട്ടുണ്ട് ഞാന്‍.(2019 ൽ ബൈ പാസ്സ് ശസ്ത്രക്രിയ്ക്ക് വിധേയനായി വിശ്രമിക്കുന്ന കാലത്ത് എഴുതിയ കഥയാണിത്.)
2019 ജൂലായ് അഞ്ചിനു രാവിലെ അഞ്ചരക്കാണു സംഭവം. എന്റെ നെഞ്ചിനകത്തു കഠിനമായ വേദന. സഹിക്കാനാവുന്നില്ല. കണ്ണില്‍ ഇരുട്ടു കയറുന്നു. അന്ത്യമടുത്തു എന്നു നിനച്ചുപോയ ശപിക്കപ്പെട്ട നിമിഷങ്ങള്‍. എന്റെ സുഹൃത്തും സീനിയര്‍ ഡോക്ടറുമായ എന്‍.പി. കുട്ടിയെ വിളിക്കൂ എന്നുമാത്രം ഞാന്‍ ഭാര്യയോടു പറഞ്ഞു. പിന്നെ എന്റെ ലോകം മാറിമറിഞ്ഞു. ഒരജ്ഞാതലോകത്തേക്കു ഞാന്‍ എടുത്തെറിയപ്പെട്ടതുപോലെ. ഡോ. എന്‍.പി. കുട്ടിയും സ്‌നേഹിതന്‍ ഹസ്സന്‍ കോയയും ഒരുമിച്ചു രാവിലെ നിസ്‌ക്കാരത്തിനു പള്ളിയില്‍ പോയിരിക്കുകയായിരുന്നു. ഡോക്ടര്‍ എന്നെ രക്ഷിക്കാന്‍ അടുത്തെത്തിയപ്പോഴേക്കും എന്റെ ആത്മാവ് ശരീരവുമായി വേര്‍പെട്ടിരുന്നു. എങ്കിലും, അരൂപിയായ എനിക്ക് എല്ലാവരെയും കാണാമായിരുന്നു. എല്ലാം കേള്‍ക്കാമായിരുന്നു. മകനെവിടെയാണെന്നു ഡോക്ടര്‍ എന്റെ ഭാര്യയോടു ചോദിച്ചു. അവനെയും ഫ്‌ളാറ്റുകളിലുള്ളവരെയും വിവരമറിയിക്കാന്‍ ഹസ്സന്‍കോയയെ ഏര്‍പ്പാടാക്കി. നിമിഷങ്ങള്‍ക്കുള്ളില്‍ എന്റെ കോഴിക്കോട് നഗരം ഈ സങ്കടവിവരം അറിഞ്ഞുതുടങ്ങി. ഭാര്യ വല്ലാത്തൊരു അവസ്ഥയിലായിരുന്നു. ഫ്‌ളാറ്റ് സമുച്ചയത്തിന്റെ സെക്രട്ടറിയും മറ്റുള്ളവരും ചേര്‍ന്നു മൃതദേഹം ഹാളിലേക്കു മാറ്റി. ബോഡി വളരെ വേഗത്തില്‍ എടുക്കണമെന്നും വെച്ചുതാമസിപ്പിക്കരുതെന്നും ആരേയും കാത്തിരിക്കരുതെന്നുമായിരുന്നു എന്റെ ചിന്താഗതി. ഇതു ഭാര്യ എല്ലാവരോടും പറയുന്നുണ്ടായിരുന്നു. പക്ഷേ, അവര്‍ക്കതു ബോധ്യപ്പെട്ടോ എന്നറിഞ്ഞൂടാ.
മരണവാര്‍ത്തയറിഞ്ഞു പലരും വന്നുകൊണ്ടിരിക്കുന്നുണ്ട്. എന്നെ സ്‌നേഹിക്കുന്ന എത്രയോ പേരുണ്ടതില്‍. ചിലര്‍ പൊട്ടിക്കരയുന്നു. ചിലര്‍ ദു:ഖമടക്കാനാവാതെ നിശ്ശബ്ദരായി അവിടവിടെയായി നില്‍ക്കുന്നു. എന്റെ പാര്‍ട്ടിയുടെ നേതാക്കളൊക്കെ മൂന്നു മണിയാകുമ്പോഴേയ്ക്കും നഗരത്തിലെത്തുന്നുണ്ട്. വളരെ ദൂരത്തുള്ള സുഹൃത്തുകളൊക്കെ പുറപ്പെട്ടുകഴിഞ്ഞു. അവരൊക്കെ രണ്ടു മണിയാകുമ്പോഴേയ്ക്കും എത്തും. അപ്പോള്‍ എന്റെ ശവമടക്ക് അഞ്ചു മണിക്കെങ്കിലും നടക്കും എന്നു ഞാന്‍ കണക്കുകൂട്ടി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ദു:ഖാകുലനായി എത്തി. കൈകൂപ്പി നിന്നപ്പോള്‍ ആ സുഹൃത്തിന്റെ കണ്ണുകള്‍ നിറഞ്ഞതു എനിക്കു കാണാമായിരുന്നു. ഭാര്യയെ ഒന്നുനോക്കി പുറത്തുണ്ടെന്നു പറഞ്ഞ് അദ്ദേഹം ഇറങ്ങി. പുറത്തു സ്വാതിവക്കീലിനോടും മറ്റുള്ളവരോടും എന്റെ അനുസരണക്കേടിനെക്കുറിച്ചാണു നഗരപിതാവ് സങ്കടത്തോടെ പറഞ്ഞത്. ഞാന്‍ കാണുമ്പോഴൊക്ക പറയാറുണ്ട് ഗുരുവായുരപ്പനോട് പ്രാര്‍ത്ഥിക്കണമെന്ന്. പക്ഷേ, അതൊന്നും കേട്ടില്ല. ഇനിയെന്തു പറയാന്‍ ? – മേയര്‍ നെടുവീര്‍പ്പിടുന്നു. മൃതദേഹം ഒരു നോക്കു കാണാനെത്തുന്നവരൊക്കെ സങ്കടത്തിലാണ്. ഞാനുണ്ടാക്കിയ സ്ഥാപനങ്ങളിലെ ജീവനക്കാരും ഭരണസമിതിയംഗങ്ങളും ഓര്‍ക്കാപ്പുറത്തുള്ള വേര്‍പാട് വിശ്വസിക്കാനാവാതെ ദു:ഖിതരായി വന്നുപോകുന്നതു കണ്ടു. ആരോ മുന്‍കൈയെടുത്ത് കുറേ കസേരകള്‍ കൊണ്ടുവന്നു റോഡരികില്‍ ഇടുന്നുണ്ട്. ചിലര്‍ എന്നെപ്പറ്റി നല്ലതുമാത്രം പറയുന്നു. എന്നെ കുറ്റം പറഞ്ഞിരുന്നവര്‍പോലും ഇപ്പോള്‍ നല്ലതുമാത്രം പറയുന്നു. നഗരത്തിലെ അനുശോചനയോഗ സംഘാടകന്‍ അഡ്വ.രാജൻ തിരക്കിട്ടാണ് എത്തിയത്. ആറു മണിക്ക് അനുശോചനയോഗം നടത്താമെന്നു അദ്ദേഹമങ്ങ് തീരുമാനിച്ചു. ഞാനുണ്ടാക്കിയ ഓഡിറ്റോറിയത്തില്‍ വച്ചുതന്നെ യോഗം നടത്താമെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ ആരും എതിര്‍ത്തില്ല. എന്നിട്ട് എം.പി.യെയും എം.എല്‍.എ.യെയുമൊക്കെ വിളിക്കാന്‍ തുടങ്ങി.
മൃതദേഹം കാണാനെത്തുന്നവരെ ഞാന്‍ സാകൂതം ശ്രദ്ധിക്കുകയായിരുന്നു. അപ്പോള്‍ ഒരു കാര്യം മനസ്സിലായി. എന്നെ പല കാര്യങ്ങളിലും എതിര്‍ക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തവര്‍ക്കാണ് എന്നെ സ്‌നേഹിച്ചവരേക്കാള്‍ സങ്കടമുള്ളത്. അപ്പോള്‍, ഈ നഗരത്തോട് ഞാന്‍ എന്നെന്നേക്കുമായി വിടപറയുകയാണല്ലോ എന്നോര്‍ത്തപ്പോള്‍ അതിയായ സങ്കടം തോന്നി. വൈകുന്നേരത്തോടെ ഞാനും ഒരുപിടി ചാരമായി മാറും. നഗരം അതോടെ എന്നെയും മറക്കും. നാളെ വിശേഷിച്ചൊന്നും സംഭവിക്കാത്തമട്ടില്‍ നഗരം പതിവുപോലെ ഉണരും. എന്റെ സ്‌നേഹിതരും കുടുംബവുമെല്ലാം അവരുടെ ജീവിതവെപ്രാളങ്ങളിലേക്കു പതിവുപോലെ ആണ്ടിറങ്ങും. എന്റെ വിയോഗമോര്‍ത്തുള്ള ചിന്തകളുടെ ആയുസ്സ് ഒന്നുരണ്ടു ദിവസത്തേക്കു മാത്രം. പിന്നെ ആരോര്‍ക്കാന്‍ ? പിന്നെ ചടങ്ങുപോലെ വര്‍ഷത്തില്‍ ഒരനുസ്മരണം. തീര്‍ന്നു. ഒരായുസ്സിന്റെ പുസ്തകംഅതോടെ അടയും.
ശവമെടുക്കാനായിട്ടില്ല. എന്റെ സുഹൃത്തുക്കള്‍ കൂട്ടംകൂട്ടമായി കസേരകളിലിരുന്നു വര്‍ത്തമാനം പറയുന്നുണ്ട്. ബാപ്പുട്ടിയുണ്ട്.എൻ .സി അബൂബക്കറുണ്ട്. ദു:ഖം മറക്കാന്‍ കവിത പാടുന്ന ജെ. പി യുണ്ട് . ഇവരെല്ലാം മരിച്ചിട്ടേ ഞാന്‍ മരിക്കൂ എന്നായിരുന്നു എന്റെ അഹങ്കാരം. എന്നാല്‍, നടന്നതു തിരിച്ചാണ്. എന്റെ ചാത്തം ആദ്യം അവരുണ്ണും. ആത്മാവിനു മരണം കാണാന്‍ കഴിയുമോ എന്നറിയില്ല. സമയം ഉച്ചയ്ക്കു 12 മണിയാകുന്നു. ആത്മാവായതുകൊണ്ട് വിശപ്പൊന്നുമില്ല. മാത്രവുമല്ല, അമ്പതു മീറ്ററിനുള്ളില്‍ ആത്മാവിനു സ്വതന്ത്രമായി സഞ്ചരിക്കാം. അവിടെ നടക്കുന്നതു മുഴുവന്‍ കാണാം. കേള്‍ക്കാം. അമ്പതു മീറ്ററിനപ്പുറം പോകാന്‍ അനുവാദമില്ല. ഇപ്പോഴത്തെ ഭാഷയില്‍ റെയ്ഞ്ചുണ്ടാവില്ല. ആരോ പിന്നില്‍നിന്നു വലിക്കും. ഭാര്യയുടെ അടുത്ത് ബന്ധുക്കളടക്കം ധാരാളം പേരുണ്ട്. അപ്രതീക്ഷിത വിയോഗത്തില്‍ അവളും ദു:ഖം കടിച്ചമര്‍ത്തുകയാണ്. എന്നെ അവസാനമായി കാണാന്‍ മായിന്‍ ഹാജി എത്തി. മൃതദേഹം കണ്ട് ഭാര്യയുടെ അടുത്തുചെന്നു. മായിന്‍ ഹാജിയാണ് ഭാര്യക്ക് അദ്ദേഹത്തിന്റെ ബാങ്കില്‍ ജോലി കൊടുത്തത്. മായിന്‍ ഹാജിക്കു സഹിക്കാന്‍ കഴിയാത്ത ദു:ഖമുണ്ടെന്നു തോന്നി. ജപിക്കുന്നതുപോലെയാണ് അദ്ദേഹം ഇരിക്കുന്നത്. വരുന്നവരോടൊക്കെ ഒന്നുരണ്ടു വാക്കില്‍ സംസാരം ഒതുക്കുന്നുണ്ട്. മായിന്‍ ഹാജിയുടെ അടുത്ത സുഹൃത്തായിരുന്നു ഞാന്‍. അതായിരിക്കും അദ്ദേഹത്തിന് ഇത്രപ്രയാസം. മായിന്‍ ഹാജി നഗരത്തിലെ അറിയപ്പെടുന്ന വ്യക്തിയാണ്. നല്ലൊരു മനസ്സിന്റെ ഉടമയും.
ആളുകള്‍ വന്നും പോയുംകൊണ്ടിരിക്കുന്നു. അപ്പോഴാണ് ഒരു സ്ത്രീയെ ശ്രദ്ധിച്ചത്. തലയെടുപ്പുള്ള സ്ത്രീ. എനിക്കവരെ പരിചയമില്ല. മൃതദേഹം കണ്ടുകഴിഞ്ഞ് കുറച്ചുമാറി ഒരിടത്തുപോയി നിന്നു കരയുകയാണവര്‍. ആരാണവര്‍? ജീവിതത്തില്‍ കടന്നുപോയിട്ടുള്ള മുഖങ്ങളൊക്കെ ഒരിക്കല്‍ക്കൂടി പരതിനോക്കി. പക്ഷേ, ഇങ്ങനെയൊരു മുഖം ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. അവര്‍ വല്ലാണ്ട് വേദനിക്കുന്നുണ്ട്. അവരുടെ അടുത്തുപോയി നിങ്ങളാരാണെന്ന് എനിക്കു ചോദിക്കാനാവില്ലല്ലോ ? ഞാന്‍ ചോദിക്കുന്നതു അവര്‍ക്കു കേള്‍ക്കാനാവില്ലല്ലോ? ഇങ്ങനെയൊരാളെ ഞാന്‍ സഹായിക്കുകയോ ദ്രോഹിക്കുകയോ ചെയ്തിട്ടില്ല. പിന്നെന്തിനാണ് അവര്‍ കരയുന്നത്. പണ്ട് എന്റെ നേതൃത്വത്തില്‍ നടത്തിയിരുന്ന സൗജന്യ ഡയാലിസിസ് സെന്ററില്‍ ഡയാലിസിസിനായി ഒരു മുസ്ലീം സ്ത്രീയും കുട്ടിയും ഭര്‍ത്താവും വന്നിരുന്നു. സ്ത്രീക്കു 35 വയസ്സേ ഉണ്ടായിരുന്നുള്ളൂ. വൃക്കരോഗിയായിരുന്നു. ഞാന്‍ ഇടപെട്ട് അവര്‍ക്കു ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം ചെയ്തുകൊടുത്തു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവര്‍ മരിച്ചുപോയി. മരിച്ചതിന്റെ മൂന്നാം ദിവസം അവരുടെ ഭര്‍ത്താവ് 10-12 വയസ്സുള്ള കുട്ടിയുമായി എന്റെ ക്യാബിനില്‍ വന്നു. ‘ നന്ദി പറയാന്‍ വന്നതാണ് സാര്‍’ – അയാള്‍ പറഞ്ഞു. ‘ എന്തിനാണ് എന്നോട് നന്ദി പറയുന്നത്?’ – ഞാന്‍ ചോദിച്ചു. എന്റെ ഭാര്യ മൂന്നു ദിവസം മുമ്പു മരിച്ചു. മരിക്കുന്നതിനു മുന്നേ അവള്‍ എന്നോട് പറഞ്ഞിരുന്നു ഞാന്‍ മരിച്ചാല്‍ ഇദ്ദേഹത്തോട് പോയി നന്ദി പറയണമെന്ന്. ഇത്രയും കാലം അവരുടെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിച്ചത് ഞാനാണെന്നായിരുന്നു അവരുടെ ധാരണ. എന്നെ വല്ലാതെ വേദനിപ്പിച്ച ദിവസങ്ങളിലൊന്നായിരുന്നു അത്. ആ കുടുംബവുമായി ഈ സ്ത്രീക്ക് എന്തെങ്കിലും ബന്ധമുണ്ടാകുമോ? പക്ഷേ, അങ്ങനെയാണെങ്കില്‍ ഒരു തട്ടമെങ്കിലും ഇവരുടെ തലയില്‍ കാണേണ്ടേ?
കുറച്ച് കഴിഞ്ഞപ്പോള്‍ കലങ്ങിയ കണ്ണുകളുമായി അജയേട്ടന്‍ വരുന്നു. എന്റെ അടുത്ത സുഹൃത്താണ്. എനിക്ക് സാമ്പത്തികമായി ബുദ്ധിമുട്ടു വരുമ്പോള്‍ സഹായിക്കാറുള്ള ആളാണ്. അദ്ദേഹം ഉഷയുടെ അടുത്തുപോയി എല്ലാ ഏര്‍പ്പാടും ചെയ്തിട്ടുണ്ടെന്നു പറയുന്നു. ഒന്നേ കാലോടെ എന്റെ പാര്‍ട്ടി നേതാവ് സി.പി. ജോണ്‍, എന്റെ സുഹൃത്ത് അഡ്വ. സാജു എന്നിവരൊക്കെ എത്തി. എന്റെ പഴയ നേതാവ് എം.വി. രാഘവന്റെ മരുമകന്‍ പ്രൊഫ. കുഞ്ഞിരാമനും എത്തിയിരുന്നു. ജോണ്‍ ഭാര്യയുടെ അടുത്തിരുന്നു മരണത്തെപ്പെറ്റി നീണ്ട ക്ലാസെടുത്തു. അപ്പോഴേയ്ക്കും മകനും ദുബായില്‍ നിന്നുള്ള സുഹൃത്തുക്കളും എത്തി. ലോകത്തെത്തന്നെ ഏറ്റവും വലിയ കോഴിക്കച്ചവടക്കാരനായ മന്‍സൂര്‍, എന്റെ സ്ഥാപനത്തിന്റെ വൈസ് ചെയര്‍മാന്‍ ഹസന്‍ തുടങ്ങിയ പ്രമുഖര്‍ അക്കൂട്ടത്തിലുണ്ട്. എന്റെ സുഹൃത്തായ സംവിധായകന്‍ ഒടിയന്‍ ശ്രീകുമാറും എത്തിയിട്ടുണ്ട്. മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ സാര്‍ വന്നു പൊട്ടിക്കരഞ്ഞ രംഗം കണ്ടുനിന്നവരെയെല്ലാം വേദനിപ്പിച്ചു. സി.പി. ജോണും എന്റെ സുഹൃത്ത് മണികണ്ഠന്‍ അടക്കമുള്ളവരും ചേര്‍ന്ന് അദ്ദേഹത്തെ താങ്ങി ഒരു കസേരയില്‍ ഇരുത്തി. സുഖമില്ലാത്ത അവസ്ഥയിലും മൃതദേഹം കാണാന്‍ കെ.പി. ഉണ്ണിക്കൃഷ്ണനും വന്നു. ഉണ്ണിയേട്ടന്‍ ശങ്കരനാരായണന്റെ അടുത്തിരുന്നു. അവരെന്തൊക്കയോ സംസാരിക്കുന്നുണ്ട്. സമയം വളരെ വേഗത്തില്‍ പോയിക്കൊണ്ടിരിക്കുന്നു. സായിഭക്തനും ഞാന്‍ താമസിക്കുന്ന പ്രദേശത്തിന്റെ നേതാവുമായ കെ.പി. രാമചന്ദ്രന്‍ ഒരു കാരണവരെപ്പോലെ കാര്യങ്ങള്‍ എറ്റെടുത്തു. ‘ ഇദ്ദേഹത്തിനു കര്‍മ്മമൊന്നും ഇഷ്ടമാകില്ല. നമുക്ക് ബോഡി എടുക്കാം’ എന്നു രാമചന്ദ്രന്‍ പ്രഖ്യാപിച്ചു. ആംബുലന്‍സില്‍ കയറ്റുന്നതിനു മുന്‍പേ അവസാനമായി ഭാര്യ എന്റെ മുഖം ഒന്നു കണ്ടു.
നഗരമധ്യത്തിലെ മാവൂര്‍റോഡ് ശ്മശാനത്തിലേക്കാണ് ആംബുലന്‍സ് പോകുന്നത്. നഗരമധ്യത്തിലുള്ള ശ്മശാനം ഇവിടത്തെമാത്രം പ്രത്യേകതയാണ്. മറ്റു നഗരങ്ങളിലൊന്നും ഇങ്ങനെ കാണില്ല. ആംബുലന്‍സ് പുറപ്പെട്ടതോടെ കുറേയാളുകള്‍ പിരിഞ്ഞുപോയി. കുറേപ്പേര്‍ ശ്മശാനത്തിലേക്കും പുറപ്പെട്ടു. എന്റെ ആത്മാവിനു വീണ്ടും ഫ്‌ളാറ്റിലേക്കു കടക്കാന്‍ കഴിയുമോ എന്നു ഞാന്‍ ഒരു ശ്രമം നടത്തിനോക്കി. എന്നാല്‍, മൃതദേഹത്തില്‍നിന്നു 50 മീറ്റര്‍ അകലം വിട്ട് ആത്മാവിനു പോകാന്‍ പറ്റില്ല. റെയ്ഞ്ചില്ലെന്നര്‍ഥം. ശ്മശാനത്തില്‍ എത്തിയപ്പോള്‍ മേയര്‍, മുന്‍മന്ത്രി പി. ശങ്കരന്‍, മുന്‍മന്ത്രിയും എം.എല്‍.എ. യുമായ എം.കെ മുനീര്‍ അടക്കമുള്ളവര്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. ഇനിയാരും കാണാനില്ലെങ്കില്‍ നമുക്ക് എടുക്കാം എന്നായി രാമചന്ദ്രേട്ടന്‍. അമ്പത്തെട്ടു വര്‍ഷം പരിപാലിച്ചുപോന്ന ശരീരം രണ്ടു മിനിറ്റുകൊണ്ട് അഗ്നി വിഴുങ്ങി. എല്ലാവരും ദു:ഖം കടിച്ചമര്‍ത്തി വിടപറയുകയാണ്. എല്ലാവരെയും അനുശോചനയോഗസ്ഥലത്തേക്ക് ക്ഷണിക്കുകയാണ് അഡ്വ. രാജൻ.എനിക്കും പോകണമെന്നുണ്ടായിരുന്നു. ശ്മശാനത്തിലെ കണക്കെല്ലാം തീര്‍ത്ത് അവസാനം ഇറങ്ങിയത് അജയേട്ടനായിരുന്നു. അജയേട്ടനും കൂടെ രണ്ടാളുകളും പുറത്തേക്കു പോകുമ്പോള്‍ ഞാനും അവര്‍ക്കൊപ്പം കൂടി. പക്ഷേ, മാവൂര്‍ റോഡിലെത്തിയപ്പോള്‍ മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. മൃതദേഹത്തിനടുത്തുനിന്നു 50 മീറ്റര്‍ വിട്ട് അകലെപോകാന്‍ കഴിയില്ലെന്നു മനസ്സിലായി. മാവൂര്‍ റോഡില്‍ത്തന്നെ നിന്നു. പുതിയ ബസ്റ്റാന്റില്‍ ബസ്സിലേക്കും മാളിലേക്കും ആളുകള്‍ തള്ളിക്കയറുന്നതും നോക്കിനിന്നു. ഇനി ആത്മാവുപോലും നഷ്ടപ്പെടുമോ എന്നൊരു പേടി. തിരിച്ചു ഞാന്‍ ശ്മശാനത്തിലേക്ക് വന്നു. ഇന്നു മൂന്നുപേരെയാണു ദഹിപ്പിച്ചതെന്നു ശ്മശാനം ജീവനക്കാരന്‍ പറയുന്നുണ്ടായിരുന്നു. 92 വയസ്സുള്ള സ്വാതന്ത്ര്യസമരസേനാനിയും 35 വയസ്സുള്ള ഒരു സുന്ദരിയുമാണു മറ്റുള്ളവര്‍. കാന്‍സര്‍ മൂലമാണു സുന്ദരി മരിച്ചത്. അവരുടെ ആത്മാവ് ഇവിടെത്തന്നെ ഉണ്ടാകുമല്ലോ എന്നു ഞാന്‍ ആലോചിച്ചു. മരണാനന്തരവും ഒരു സുന്ദരിയുടെ കൂട്ട് രസമല്ലേ ? രണ്ട് ആത്മാക്കളെയും കണ്ടു. ഞങ്ങള്‍ സംസാരിച്ചു. 92 കാരന്‍ ആത്മാവിനു സംസാരിക്കാന്‍ താല്‍പ്പര്യമില്ലായിരുന്നു. സുന്ദരിയാത്മാവ് സംസാരപ്രിയയായിരുന്നു. അവരെന്റെ പേര് കേട്ടിട്ടുണ്ടെന്നു പറഞ്ഞു. ഞാന്‍ പടുത്തുയര്‍ത്തിയ കാന്‍സര്‍ ആശുപത്രിയിലായിരുന്നു അവരുടെ ചികിത്സ. ആശുപത്രിയെ അവര്‍ പുകഴ്ത്തുന്നുണ്ടായിരുന്നു. അവര്‍ക്കു രണ്ടു കുട്ടികള്‍. ഭര്‍ത്താവ് ബിസിനിസ്സുകാരനാണ്. കുട്ടികളില്‍ ഒരാള്‍ പ്ലസ് ടു. മറ്റേയാള്‍ ഒന്‍പതാം ക്ലാസില്‍. അവര്‍ക്കു കുട്ടികളെയോര്‍ത്തു വല്യ പ്രയാസമുള്ളതായി തോന്നിയില്ല. ഇനിയും ഈ ശ്മശാനത്തില്‍ത്തന്നെയാവുമോ ഞങ്ങളുടെ ആത്മാവ് നില്‍ക്കുക എന്നു സംശയമായി. നമ്മുടെ ആത്മാവടങ്ങിയ ചിതാഭസ്മം ഒരു പാത്രത്തിലാക്കി കൊണ്ടുപോകുമെന്ന് അവര്‍ സൂചിപ്പിച്ചു. രാവിലെ ഞാന്‍ ഇടയ്ക്ക് മാവൂര്‍ റോഡില്‍ പോയി നില്‍ക്കും. ബസ്സുകള്‍ പോകുന്നതും വരുന്നതും കാണാമല്ലോ ? നഗരത്തിന്റെ രാത്രിയും ഉദിച്ചുവരുന്ന പകലും കണ്ടു. ആത്മാവായതു കൊണ്ട് ഭക്ഷണം വേണ്ടിയിരുന്നില്ല. എട്ടു മണിയായപ്പോള്‍ ഒരു ഓഡി കാര്‍ ശ്മശാനത്തിലേക്കു വരുന്നതു കണ്ടു. കാറിന്റെ പിന്നാലെ ചെന്നുനോക്കിയപ്പോള്‍ അതെന്റെ സ്‌നേഹിതന്‍ ഖാലിദിന്റെ വണ്ടിയാണ്. ഈ രാവിലെ ഇവിടെയെന്താ ഖാലിദിനു പണിയെന്ന് എനിക്കു മനസ്സിലായില്ല. ജീവനക്കാരുമായി ഖാലിദ് സംസാരിക്കുന്നുണ്ടായിരുന്നു. ഒരു കൂട് ഓട്ടോറിക്ഷയില്‍ ഞങ്ങളുടെ മൂന്നുപേരുടെയും ചിതാഭസ്മം ഒരു ചാക്കിലാക്കി കയറ്റി. ഖാലിദേ എന്നു ഞാന്‍ വിളിച്ചെങ്കിലും അവന്‍ കേട്ടില്ല. മൈന്റ് ചെയ്യാതെ കാറില്‍ കയറി യാത്രയായി.
ഓട്ടോറിക്ഷ യാത്ര തുടങ്ങിയപ്പോള്‍ ഞങ്ങളുടെ ആത്മാക്കളും ഓട്ടോയുടെ കൂടെപ്പോയി. മെഡിക്കല്‍ കോളേജ് ഭാഗത്തേക്കാണു പോയത്. ചെറൂപ്പപ്പാലം കഴിഞ്ഞപ്പോള്‍ എം.വി. ആര്‍. കാന്‍സര്‍ സെന്ററിലേക്കുള്ള വഴിയേ ഓട്ടോറിക്ഷ പോയി. അതു ചെന്നുനിന്നതു ഖാലിദിന്റെ വലിയ വാഴത്തോട്ടത്തിലാണ്. ചെറിയ വാഴകളാണ്. ഓട്ടോ ഡ്രൈവര്‍ ചാക്കുകെട്ട് വാഴത്തോട്ടത്തിലേക്ക് ഇട്ടു. പണിക്കാര്‍ ചാരം വാഴയുടെ കടയ്ക്കലേക്ക് വാരിയിട്ടു. സുന്ദരിയാത്മാവ് പറഞ്ഞു – ഇനി ഈ വാഴത്തോട്ടത്തിലായിരിക്കും നമ്മള്‍ കുറേക്കാലം. ഇതിലൂടെ നമുക്ക് മോചനം കിട്ടുമെന്നായിരുന്നു വയസ്സനാത്മാവിന്റെ പ്രതികരണം. എന്തു മോചനം? വാഴയായോ കുലയായോ- എന്റെ മനസ് സ്വയം ചോദിച്ചു. രണ്ടു മണിക്കു ഖാലിദ് വാഴത്തോട്ടത്തില്‍ വന്നു. ഞാന്‍ വിളിച്ചപ്പോള്‍ ഖാലിദ് മൈന്റ് ചെയ്തില്ല. എന്തായാലും സമാധാനം. ഖാലിദിന്റെ വാഴത്തോട്ടത്തിലാണല്ലോ. ഇനി ബാക്കി പിന്നീട് പറയാം. ഞാന്‍ ആരാണെന്നു നിങ്ങളോട് പറയേണ്ടേ? അതു പറയാം.
എന്റെ ആത്മാവിനെ
എന്റെ നഗരത്തിലെത്തിക്കാമോ ?

ഇവിടേക്കു വരുന്ന ആരെയും ഹൃദയം തുറന്നു സ്വീകരിക്കുന്ന സ്വഭാവം എന്റെ നഗരത്തിനുണ്ട്. ഇവിടം ഭരിച്ച സാമൂതിരി രാജാവില്‍ നിന്നു കിട്ടിയതാണ് ഈ സ്വഭാവം. അതിപ്പോഴും നിലനില്‍ക്കുന്നു. നഗരത്തിലെ എം.എല്‍.എ.യോ എം.പി.യോ ജില്ലയ്ക്കു പുറത്തു നിന്നായാലും അവരെ സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഞങ്ങളുടെ സംസ്‌കാരം അതാണ്. അവരെ ഏട്ടാ, ഏടത്തി എന്നു വിളിച്ച് അങ്ങേയറ്റം സ്‌നേഹിക്കും. ആരു വീട്ടില്‍ കേറി വന്നാലും ഭക്ഷണം കഴിപ്പിക്കുക എന്നത് ഞങ്ങളുടെ ശൈലിയാണ്. സാമൂതിരി രാജാവിന്റെ കാലത്തുനിന്ന് ഏറെ മുന്നോട്ട് പോയെങ്കിലും സംസ്‌കാരം ഇപ്പോഴും അതാണ്. കേരളത്തിലെ ഏറ്റവും വലിയ സാഹിത്യക്കാരൻ എം. ടി. വാസുദേവൻ നായർ മലപ്പുറം ജില്ലക്കാരൻ ആണെങ്കിലും ഞങ്ങളുടെ നഗരത്തിലാണു താമസം. അതുപോലെത്തന്നെ ഞങ്ങളുടെ എം.പി. പയ്യന്നൂര്‍ക്കാരനാണ്. ഞങ്ങളുടെ എം.എല്‍.എ. നാദാപുരത്തുകാരനാണ്. എത്രയോ വര്‍ഷമായി ഞങ്ങളവരെയെല്ലാം സ്‌നേഹത്തോടെ കൂടെ കൊണ്ടുനടക്കുന്നു. ഇനിയും പുറത്തു നിന്ന് ആരെങ്കിലും വരാനുണ്ടെങ്കില്‍ അവരെയും സ്വീകരിക്കാനുള്ള മാനസികാവസ്ഥയുണ്ട്. അവരുടെ നാട്ടില്‍ അവര്‍ക്ക് അംഗീകാരം ലഭിച്ചില്ലെങ്കിലും ഈ നാട്ടില്‍ അവര്‍ക്ക് അംഗീകാരം കൊടുക്കും. 58 വര്‍ഷം മുമ്പ് അന്നത്തെ പഴയ പട്ടണത്തില്‍ നിന്നും 10 കിലോ മീറ്റര്‍ അകലെയാണു ഞാന്‍ ജനിച്ചതെങ്കിലും സിനിമ കാണാനും സര്‍ക്കസ് കാണാനുമൊക്കെ ഈ പട്ടണത്തിലാണ് വന്നിരുന്നത്. കുട്ടിയാകുമ്പോള്‍ത്തന്നെ ഈ പട്ടണവുമായി വല്ലാത്തൊരു അടുപ്പം എനിക്കുണ്ടായിരുന്നു. പിന്നീട് പട്ടണം വളര്‍ന്നു വന്‍നഗരങ്ങളിലൊന്നായി.
എന്റെ നഗരത്തിലാണു കേരളത്തിലെ പത്രമുത്തശ്ശിയുടെ തറവാട്. ഗുരുവായുരപ്പന്‍ കോളേജ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, പ്രോവിഡന്‍സ് കോളേജ്, ദേവഗിരി കോളേജ് എന്നിവ മലബാറിലെ പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളാണ്. വിദ്യാഭ്യാസ രംഗത്തും സാംസ്‌കാരിക രംഗത്തും എത്രയോ പ്രമുഖരെ സൃഷ്ടിച്ച നഗരം. എസ്.കെ പൊറ്റക്കാടിനു ജന്മം നല്‍കിയ നഗരം. വാസ്‌കോഡ ഗാമയെ സ്വീകരിച്ച നഗരം. ഫൂട്‌ബോള്‍ഭ്രാന്തമാരുടെ നഗരം. പ്രാവ് പറത്തുന്നവരുടെ കൂട്ടായ്മയുടെ നഗരം. ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ബാവുക്കയെപ്പോലെയുള്ള സംഗീത സംവിധായകരുടെ നഗരം. സത്യം പറഞ്ഞാല്‍ ഈ നഗരം 30 വര്‍ഷമായി പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്നെ അറിയുന്നു. സ്‌കൂളില്‍ പഠിക്കുമ്പോഴായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതിനെതിരെ പ്രവര്‍ത്തിച്ചതിനു അക്കാലത്തു 14 ദിവസം റിമാന്റില്‍ കഴിയേണ്ടിവന്നു എന്നതാണ് എന്നിലെ വിപ്ലവകാരി ചെയ്ത ആകെയുള്ള ത്യാഗം. 30 വര്‍ഷമായി പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒരു പൈസപോലും മുടക്കാതെ ആരാന്റെ കാറില്‍ ഒരു ലിറ്റര്‍ പെട്രോള്‍പോലും സ്വന്തമായി അടിക്കാതെ ഡ്രൈവറെ വച്ച് യാത്ര ചെയ്യുന്ന പൊതുപ്രവര്‍ത്തകന്‍. എന്ത് അര്‍ഹതയാണ് ഇതിനുള്ളത് എന്നു ചോദിച്ചാല്‍ ഒരു അര്‍ഹതയുമില്ല. മറിച്ച് നാണം കെട്ട് ജീവിക്കുക എന്നതാണ്. ജില്ലാ കളക്ടര്‍ നഗരത്തിലെ ആയിരം പ്രധാനികളുടെ പേരെഴുതുമ്പോള്‍ ആയിരാമത്തെ ആളായി എന്റെ പേരും എഴുതുമായിരിക്കും. ഒരു പൈസപോലും മുടക്കാതെ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എത്ര പേര്‍ ഇതുപോലെ നമ്മുടെ നാട്ടില്‍ ജീവിക്കുന്നുണ്ട് എന്നു ഞാന്‍ ആലോചിക്കാറുണ്ട്. ഇവര്‍ക്കെല്ലാം എന്ത് അര്‍ഹതയാണുള്ളത് ? ഈ സമൂഹം പാവമായതു കൊണ്ടല്ലേ, ക്ഷമാശീലരായതുകൊണ്ടല്ലേ എന്നെപ്പോലുള്ള ആളുകളെ കൊണ്ടുനടക്കുന്നത് ? വേഗം മരിച്ചതു നന്നായി എന്നാണ് എന്റെ തോന്നല്‍. അല്ലെങ്കില്‍, എന്നെപ്പോലുള്ള ആളുകളെ എത്രകാലം ഇങ്ങനെ കൊണ്ടുനടക്കേണ്ടിവരും ?. അതില്‍ നിന്ന് എനിക്കു മാറാന്‍ കഴിഞ്ഞല്ലോ ?.
എന്റെ നഗരത്തില്‍ ആര്‍ക്കും അവാര്‍ഡ് സൃഷ്ടിച്ചുകൊടുക്കുന്ന ഒരു പറ്റം ആള്‍ക്കാരുണ്ട്. അവര്‍ക്കും പൊതുപ്രവര്‍ത്തകരുടെ മേലങ്കിയാണുള്ളത്. അവര്‍ എത്രയോ പ്രാവശ്യം അവാര്‍ഡുമായി എന്റെ പിന്നാലെ വന്നിട്ടുണ്ട്. ആദ്യമായിട്ടാകും ഒരു പൊതു പ്രവര്‍ത്തകന്‍ ഒരവാര്‍ഡും സ്വീകരിക്കാതെ മരണത്തിനു കീഴടങ്ങേണ്ടി വന്നത്. പുറത്തുപോയി കഷ്ടപ്പെട്ടു പണമുണ്ടാക്കി ബിസിനസ് ചെയ്തു ജീവിക്കുന്ന എത്രയോ മനുഷ്യര്‍ ഇവിടെയുണ്ട്. അവരൊക്കെ ഈ പൊതുപ്രവര്‍ത്തകരെക്കാള്‍ എത്രയോ ഉയരത്തില്‍ നില്‍ക്കുന്നു. അവര്‍ നല്‍കിയ സംഭാവനകളല്ലേ ഈ നഗരത്തില്‍ മുഴുവന്‍ ?. 1970 ല്‍ എന്റെ പട്ടണത്തില്‍ ഇന്നുകാണുന്ന ജയന്തി ബില്‍ഡിംഗ് അന്നത്തെ മേയര്‍ നിര്‍മ്മിച്ചതിനു ശേഷം നഗരസഭ ഏതെങ്കിലും ബില്‍ഡിംഗ്് നിര്‍മ്മിച്ചിട്ടുണ്ടോ എന്നു തപ്പി നോക്കിയാല്‍ ഒന്നും കാണാന്‍ കഴിയില്ല. എന്നാല്‍, ഇന്നു കാണുന്ന തിയേറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങി നഗരത്തിന്റെ വികസനം മുഴുവന്‍ ഗള്‍ഫില്‍ പോയി കഷ്ടപ്പെട്ടു പണമുണ്ടാക്കി തിരിച്ചുവന്നവരുടെ സംഭാവനയല്ലേ ?. പഴയ ഹോട്ടലുകളായ അളകാപുരിയും ആരാധനയുമൊക്കെ അന്നത്തെ പ്രതാപികളായ വ്യക്തികള്‍ ഉണ്ടാക്കിയതാണെങ്കിലും അതിനുശേഷം വന്ന എല്ലാ വികസനത്തിലും ഗള്‍ഫുകാരുടെ കയ്യൊപ്പു പതിഞ്ഞിട്ടുണ്ട്. അവരെടുത്ത റിസ്‌ക് ഇല്ലായിരുന്നുവെങ്കില്‍ ഈ നഗരം ഇത്രമാത്രം വികസിക്കില്ലായിരുന്നു. കോഴിക്കോട് നഗരത്തിന്റെ വളര്‍ച്ചയ്ക്കു വലിയ പങ്ക് വഹിച്ചതില്‍ നാദാപുരത്തുകാരായ ഗള്‍ഫുകാര്‍ക്കു പങ്കുണ്ട്. റെയില്‍വേയിലൊന്നും പണ്ടുണ്ടായിരുന്നത്രപോലും വികസനം സത്യം പറഞ്ഞാല്‍ ഇപ്പോഴില്ല. പഴയ ബ്രിട്ടീഷുകാരുടെ കല്ലായിപ്പാലം പൊളിച്ചുനീക്കി കോണ്‍ക്രീറ്റ് പാലമുണ്ടാക്കി എന്നതാണു റെയില്‍വേയുടെ ഏക വികസനം. കൊങ്കണ്‍ റെയില്‍വേ വന്നപ്പോള്‍ വണ്ടികളുടെ തിരക്ക് വര്‍ധിച്ചു എന്നു പറയാതിരിക്കാനാവില്ല. ഇങ്ങനെയുള്ള നഗരത്തിന് എന്റെതായുള്ള സംഭാവനകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അറുപതിനുമേല്‍ പ്രായമുള്ള നിര്‍ധനരായ 101 പേര്‍ക്കു ദിവസവും ഉച്ചഭക്ഷണം കൊടുക്കാന്‍ കഴിഞ്ഞുവെന്നതാണ് ഒരു കാര്യം. ഒരു ദിവസം 48 രോഗികള്‍ക്ക് ഡയാലിസിസ് പൂര്‍ണ്ണമായും സൗജന്യമായി ചെയ്തുകൊടുക്കുന്നു എന്നതാണ് മറ്റൊരു കാര്യം. അതും എന്റെ കയ്യില്‍ നിന്ന് ഒരു പൈസപോലും ചെലവാക്കാതെ, എന്റെ സൊസൈറ്റി നടത്തുന്ന പ്രവര്‍ത്തനം ഞാനാണു നടത്തുന്നത് എന്നു ഭാവിക്കുക മാത്രമാണ്. ഏതായാലും, ഈ വാഴത്തോട്ടത്തിലിരുന്ന് ഈ നഗരം കാണാന്‍ കഴിയില്ലല്ലോ ?. എന്റെ ആത്മാവിനെ ഈ വാഴത്തോട്ടത്തില്‍ നിന്നു നിങ്ങള്‍ക്കാര്‍ക്കെങ്കിലും എന്റെ നഗരത്തില്‍ എത്തിക്കാന്‍ കഴിയുമോ? എന്റെ വലിയ ആഗ്രഹമാണ് എന്റെ ആളുകളെ കാണാന്‍, എന്റെ നഗരം കാണാന്‍. എന്നെ ഒന്നു കൊണ്ടുപോകാന്‍ കഴിയുമോ?
C. N. വിജയകൃഷ്ണൻ