We Talk

‘കണ്ണീര്‍ മറയ്ക്കാന്‍ പുറമേക്ക് ചിരിക്കുന്നു’; അന്തരിച്ച ഹാസ്യകലാകാരന്‍ കൊല്ലം സുധിയുടെ ജീവിതം

സ്വന്തം ലേഖകന്‍

‘ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യില്‍ തന്നിട്ട് ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോയി. ഏറെ വേദനിച്ച നാളുകളായിരുന്നു അത്. പിന്നീട് ഞാനും മോനും ഏറെ കഷ്ടപ്പെട്ടാണ് ജീവിതം തിരിച്ചു പിടിച്ചത്.’ നടന്‍ കൊല്ലം സുധി ഒരു ചാനല്‍ പരിപാടിയിലാണ് തന്റെ നൊമ്പരപ്പെടുത്തുന്ന വ്യക്തിജീവിതം വെളിപ്പെടുത്തിയത്

കൊല്ലം: കോമഡി സ്റ്റാര്‍, സ്റ്റാര്‍ മാജിക്ക് തുടങ്ങിയ കേരളത്തിലെ എറ്റവും ജനപ്രിയമായ ടെലിവിഷന്‍ ഷോകളിലും നിരവധി സിനിമകളിലും ചിരിയുടെ മാലപ്പടക്കം തീര്‍ത്ത, കൊല്ലം സുധി ഉള്ളില്‍ ഒരുപാട് നൊമ്പരങ്ങളുമായാണ് ജീവിച്ചതെന്ന് അധികമാര്‍ക്കും അറിയില്ലായിരുന്നു. സിനിമാതാരവും മിമിക്രി ആര്‍ടിസ്റ്റുമായ കൊല്ലം സുധിയുടെ വിയോഗം സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്ക് ഇനിയും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല.

കോഴിക്കോട് വടകരയില്‍ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങവേ, തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ പുലര്‍ച്ചെ 4.30ന് ഉണ്ടായ വാഹനാപകടത്തിലാണ് മരണം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പ് വാനുമായി ഇടിക്കുകയായിരുന്നു.കൂടെയുണ്ടായിരുന്ന ടെലിവിഷന്‍ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്ക് പരുക്കേറ്റു.

സ്വകാര്യ ചാനലിന്റെ പ്രോഗ്രാമില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ കാര്‍ തകര്‍ന്നു. പരുക്കേറ്റവര്‍ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്്്. പ്രതിസന്ധികള്‍ ഏറെ അതിജീവിച്ചാണ് സുധി ഇന്ന് പ്രേക്ഷകര്‍ അംഗീകരിക്കുന്ന നിലയിലേക്ക് വളര്‍ന്നത്. കഷ്ടപാടുകളുടെയും, പ്രതിസന്ധിയുടെയും നാളുകള്‍ അതിജീവിച്ചു ഒരു ജീവിതം തുടങ്ങുന്ന വേളയിലാണ് താരത്തിന്റെ മരണം എത്തിയത്.

വ്യക്തി ജീവിതത്തില്‍ സങ്കടക്കടല്‍

വേദിയില്‍ ചിരിയുടെ പൂരമൊരുക്കുന്ന സുധി ജീവിതത്തില്‍ താന്‍ താണ്ടിയ സങ്കടക്കടലുകളെക്കുറിച്ച് ഒരു ചാനല്‍ ഷോയില്‍ തുറന്നു പറഞ്ഞത് അവിശ്വസനീയതയോടെയാണ് പ്രേക്ഷകര്‍ കേട്ടത്. എന്റെ ഉള്ളിലെ സങ്കടം മറയ്ക്കാനാണ് ഞാന്‍ കോമഡി ചെയ്യുന്നത് എന്നാണ് സുധി അന്ന് പറഞ്ഞത്. ”ആദ്യ വിവാഹം പ്രണയിച്ചായിരുന്നു. പതിനാറ് വര്‍ഷം മുമ്പ്. പക്ഷേ ആ ബന്ധം അധികം നാള്‍ നീണ്ടുനിന്നില്ല. ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യില്‍ തന്നിട്ട് അവള്‍ മറ്റൊരാള്‍ക്കൊപ്പം പോയി. ഏറെ വേദനിച്ച നാളുകളായിരുന്നു അത്. പിന്നീട് ഞാനും മോനും ഏറെ കഷ്ടപ്പെട്ടാണ് ജീവിതം തിരിച്ചു പിടിച്ചത്. പിന്നീട് പുള്ളിക്കാരി ആത്മഹത്യ ചെയ്തു. അവരുടെ രണ്ടാം ദാമ്പത്യത്തിലെ ചില പ്രശ്‌നങ്ങളായിരുന്നത്രേ കാരണം. ആ ബന്ധത്തില്‍ അവര്‍ക്ക് ഒരു കുഞ്ഞുണ്ട്. ആരോടും പരാതിയോ പരിഭവമോ ഇല്ല. ദൈവം എനിക്കിപ്പോള്‍ സന്തോഷം മാത്രമുള്ള കുടുംബജീവിതം തന്നു. എന്റെ നെഞ്ചോട് ചേര്‍ന്നു നില്‍ക്കുന്ന ഭാര്യ രേണവും രണ്ടു മക്കളും ആണ് ഇന്നെന്റെ ലോകം. എന്റെ ഏറ്റവും വലിയ സമ്പാദ്യവും അതുതന്നെ.” സുധി പറഞ്ഞു.

”രേണുവിന് ജീവനാണ് രാഹുലിനെ. താന്‍ പ്രസവിച്ചതല്ലെങ്കിലും എന്റെ മൂത്ത മോന്‍ അവനാണെന്നാണ് എപ്പോഴും രേണു പറയുന്നത്. രണ്ടു പേരും വലിയ ചങ്കുകളാണ്. ഇപ്പോള്‍ പത്താം ക്ലാസിലാണ് രാഹുല്‍. മോന് 11 വയസ്സുള്ളപ്പോഴാണ് ഞാന്‍ രേണുവിനെ വിവാഹം കഴിച്ചത്. അന്നു മുതല്‍ എന്റെ മോന്‍ അമ്മയുടെ കുറവ് അനുഭവിച്ചിട്ടില്ല.

എന്റെ ജീവിതത്തിലെ എല്ലാം അറിഞ്ഞ് എനിക്കൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതാണ് രേണു. എന്റെ വളര്‍ച്ചയില്‍ ഈ നിമിഷം വരെ അവളുടെ പിന്തുണയാണ് വലുത്. രേണു ജീവിതത്തിലേക്ക് കടന്നുവരും മുന്‍പ്, ഒന്നര വയസ്സുള്ള കാലം മുതല്‍ രാഹുലിനെയും കൊണ്ടാണ് ഞാന്‍ സ്റ്റേജ് ഷോകള്‍ക്ക് പോയിരുന്നത്. ഞാന്‍ സ്റ്റേജില്‍ കയറുമ്പോള്‍ സ്റ്റേജിന് പിന്നില്‍ അവനെ ഉറക്കിക്കിടത്തും. ഇല്ലെങ്കില്‍ ഒപ്പമുള്ള ആരെങ്കിലും നോക്കും. അഞ്ച് വയസ്സൊക്കെ ആയപ്പോള്‍ മോന്‍ കര്‍ട്ടന്‍ പിടിക്കാന്‍ തുടങ്ങി.” സുധി പറഞ്ഞു.

കോമഡി ഷോകളിലൂടെ വളര്‍ന്നു

സുധി ജനിച്ചത് കൊച്ചിയിലായിരുന്നു. അച്ഛന്‍ ശിവദാസന്‍ കൊച്ചിന്‍ കോര്‍പ്പറേഷനിലെ റവന്യൂ ഇന്‍സ്‌പെക്ടറായിരുന്നു. അമ്മ ഗോമതി. പിന്നീട് ഈ കുടുംബം കൊല്ലത്ത് വന്നു. ഒരു ചേച്ചിയും ചേട്ടനും അനിയനുമാണ് കുടുംബത്തിലുള്ളത്. അനിയന്‍ സുഭാഷ് മരിച്ചു. സുധി മിമിക്രിയിലേക്ക് വന്നിട്ട് 30 വര്‍ഷമായി. 16ാം വയസ്സു മുതല്‍ തുടങ്ങിയതാണ്. പാട്ടായിരുന്നു ആദ്യം. അതാണ് മിമിക്രിയിലേക്ക് വഴിതിരിച്ചത്. ”അമ്മയ്ക്ക് ഞാന്‍ പാടുന്നത് വലിയ ഇഷ്ടമായിരുന്നു. മിമിക്രിയില്‍ ആദ്യകാലത്ത് പ്രവര്‍ത്തിച്ചിരുന്നത് മുണ്ടയ്ക്കല്‍ വിനോദ്, ഷോബി തിലകന്‍, രാജാ സാഹിബ്, ഷമ്മി തിലകന്‍ തുടങ്ങിയവരുടെയൊക്കെ ടീമിലാണ്. തുടക്കകാലത്ത് ഞാന്‍ കൂടുതല്‍ അനുകരിച്ചിരുന്നത് സുരേഷ് ഗോപി ചേട്ടനെയാണ്. പിന്നീട് ജഗദീഷേട്ടനെയും.

ഏഷ്യനെറ്റിലെ കോമഡി സ്റ്റാര്‍സ് വലിയ ബ്രേക്കായി. മഴവില്‍ മനോരമയിലെ ‘കോമഡി ഫെസ്റ്റിവലും’ വലിയ അംഗീകാരം നേടിത്തന്നു. കോമഡി ഫെസ്റ്റിവലില്‍ ഒന്നാം സ്ഥാനം ലഭിച്ചതും സുധിയുടെ ടീമിനായിരുന്നു. അതിനുശേഷം ഫഌവഴ്‌സ് ടീവിയിലെ സ്റ്റാര്‍ മാജിക്കിലായിരുന്നു സുധി തിളങ്ങിയത്. ബിനു അടിമാലി, തങ്കച്ചന്‍ എന്നിവരോടൊപ്പം തിളങ്ങി നില്‍ക്കവേയാണ് മരണം വില്ലനായി എത്തിയത്.

അതിനിടെ 40ഓളം സിനിമകളിലും വേഷമിട്ടു. പ്രദീപേട്ടന്റെ ‘ചെന്നൈക്കൂട്ട’മാണ് ആദ്യ സിനിമ. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ സുധി എത്തിയിട്ടുണ്ട്. ദാമ്പത്യ പ്രശ്‌നങ്ങളൊക്കെ പരിഹരിച്ച് സ്വന്തമായി ഒരു വീടുവെച്ച് നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിനിടെയാണ് മരണം, രംഗബോധമില്ലാത്ത കോമാളിയെപ്പോലെ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *