We Talk

അമൽ ജ്യോതി കോളേജിലെ ശ്രദ്ധയുടെ മരണം, ഉത്തരവാദി ആര്?

നമ്മുടെ കലാലയങ്ങൾ കൊലക്കളങ്ങളാകുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കോട്ടയം കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ രണ്ടാം വർഷ വിദ്യാർഥി ശ്രദ്ധയുടെ മരണം. തങ്ങളുടെ സഹപാഠിക്ക് നീതി ആവശ്യപ്പെട്ട് വിദ്യാർഥികൾ സമരത്തിലാണ്. പണത്തിന്റെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും അഹങ്കാരത്തിൽ എന്തുമാകാം എന്ന അമൽ ജ്യോതി കോളേജ് മാനേജ്മെന്റിന്റെ ധാർഷ്ട്യത്തിന് ഇനിയെങ്കിലും അന്ത്യമുണ്ടാകണം.

ജൂൺ 2നാണ് ഫുഡ് ടെക്‌നോളജി വിദ്യാർഥിനി തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ശ്രദ്ധ സതീഷ് ജീവനൊടുക്കിയത്. ഒപ്പമുണ്ടായിരുന്ന സഹപാഠികൾ ഭക്ഷണം കഴിക്കാൻ പോയപ്പോഴായിരുന്നു സംഭവം. കോളജ് ലാബിൽ മൊബൈൽ ഉപയോഗിച്ചെന്ന് പറഞ്ഞ് ശ്രദ്ധയുടെ ഫോൺ പിടിച്ചുവെച്ചെന്നും കുട്ടിയെ എച്ച്ഒഡിയുടെ മുറിയിൽ വിളിച്ച് ശകാരിച്ചതായും സഹപാഠികൾ പറയുന്നു. എച്ച്ഒഡിയുടെ മുറിയിൽ നിന്നും തിരികെ വന്നതിനു ശേഷമാണു കുട്ടി മാനസികമായി തകർന്നത്. ഫോൺ തിരികെ കിട്ടണമെങ്കിൽ എറണാകുളത്തുനിന്നും മാതാപിതാക്കൾ നേരിട്ട് കോളജിലെത്തണമെന്ന് വിദ്യാർത്ഥിനിയോട് കോളജ് അധികൃതർ പറഞ്ഞിരുന്നു. പരീക്ഷയിൽ പരാജയപ്പെട്ട വിവരം വീട്ടിൽ അറിയിക്കുമെന്നും അധ്യാപകർ ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെയാണ് കോളജ് ഹോസ്റ്റലിൽ ശ്രദ്ധയെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ജീവനൊടുക്കാൻ ശ്രമിച്ച കുട്ടിയെ ആശുപത്രിയിൽ എത്തിച്ച കോളേജ് അധികൃതർ പറഞ്ഞത് കുട്ടി കുഴഞ്ഞു വീണു എന്നാണ്. ആശുപത്രി അധികൃതർ നിർബന്ധിച്ച ശേഷമാണ് കോളേജ് അധികൃതർ കൃത്യമായ വിവരങ്ങൾ നൽകിയത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മുൻപും ഈ കോളേജിൽ കുട്ടികൾക്ക് അധികൃതരിൽ നിന്ന് മാനസിക പീഡനം ഉണ്ടായതായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ പറയുന്നു. പ്രതികരിച്ച് കഴിഞ്ഞാൽ പരീക്ഷയിൽ തോൽപ്പിക്കുകയും ഇന്റേണൽ മാർക്ക് കുറക്കുകയും ചെയ്യും. ഇത് പേടിച്ചാണ് കുട്ടികൾ പ്രതികരിക്കാത്തത്. മാനേജ്മെന്റിൽ അധ്യാപകർക്ക് എതിരെ പരാതികൾ നൽകി എങ്കിലും നടപടിയൊന്നും എടുത്തില്ല എന്നും കുട്ടികൾ പറയുന്നു. വിദ്യാർഥികളുടെ പ്രതിഷേധത്തെ തുടർന്ന് മാനേജ്മെന്റ് ചർച്ചയ്ക്ക് തയ്യാറായിരുന്നു. സർക്കാർ ചീഫ് വിപ്പിന്റെ മധ്യസ്ഥതയിലാണ് ചർ‌ച്ച നടത്തിയത്. എന്നാൽ വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ മാനേജ്മെന്റ് തയ്യാറായില്ല. സംഭവത്തിൽ കോളജിനെതിരെ ഗുരുതര ആരോപണവുമായി ശ്രദ്ധയുടെ കുടുംബം രംഗത്ത് വന്നിട്ടുണ്ട്. ശ്രദ്ധയെ ആശുപത്രിയിൽ എത്തിക്കുന്നതിൽ കോളേജ് അധികൃതർ മനഃപൂർവമായ വീഴ്ച്ച കാണിച്ചെന്ന് കുടുംബം ആരോപിക്കുന്നു. ‘എച്ച് ഒ ഡി എന്തൊക്കയോ മകളോട് സംസാരിച്ചിട്ടുണ്ട് അവളെ ഹറാസ് ചെയ്തിട്ടുണ്ട്. ക്യാബിനിൽ നിന്നും പുറത്തേക്ക് പോയതോടെ ആണ് ശ്രദ്ധയ്ക്ക് സമനില തെറ്റിയത് പോലെ തോന്നിയതെന്ന് സുഹൃത്തുക്കൾ പറഞ്ഞിരുന്നു’ എന്നും ശ്രദ്ധയുടെ പിതാവ് പറഞ്ഞു. കുട്ടി തലകറങ്ങി വീണതാണെന്നാണ് കോളേജ് അധികൃതർ ഡോക്ടറോട് പറഞ്ഞതെന്നും ആത്മഹത്യാശ്രമമാണ് എന്ന് പറഞ്ഞിരുന്നെങ്കിൽ അതിന് അനുസരിച്ചുള്ള ചികിത്സ ലഭിച്ചേനെ എന്നും കോളേജ് അധികൃതർ കള്ളം പറഞ്ഞതുകൊണ്ടാണ് ശരിയായ ചികിത്സ ലഭിക്കാതിരുന്നതെന്നും ശ്രദ്ധയുടെ ബന്ധു ആരോപിച്ചു.

കുട്ടികളോട് ഹോസ്റ്റലുകൾ ഒഴിയണമെന്ന് പ്രിൻസിപ്പൽ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ, ഹോസ്റ്റൽ ഒഴിയില്ലെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. ഹോസ്റ്റലുകളിലും സമരം നടക്കുകയാണ്. ശ്രദ്ധയുടെ നീതിക്കായി ഏതറ്റം വരെയും പോരാടുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. ഇതോടെ കോളേജ് അടച്ചിടാൻ മാനേജ്മെൻ്റ് തീരുമാനിച്ചിരിക്കുകയാണ്. ശ്രദ്ധയെ മാനസികമായി പീഡിപ്പിച്ച ഹോസ്റ്റൽ വാർഡനും ഫുഡ്‌ ടെക്നോളജി ഡിപ്പാർട്മെന്റ് മേധാവിക്കുമെതിരെ നടപടിയെടുത്ത് ചുമതലകളിൽ നിന്ന് മാറ്റി നിർത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. പൊലീസ് നടപടി വൈകുന്നതിലും വിദ്യാർത്ഥികൾക്ക് അമർഷമുണ്ട്. വിദ്യാർഥി സംഘടനയായ എസ്എഫ്ഐയാണ് ആദ്യം വിഷയത്തിൽ പ്രതികരിച്ചതും സമരം ആരംഭിച്ചതും. സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അന്വേഷണത്തിന് ഉത്തരവിട്ടു. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയിക്കാണ് അന്വേഷണ ചുമതല. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
മുഖ്യധാരാ മാധ്യമങ്ങളൊന്നും തന്നെ സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും വാർത്ത നൽകിയിരുന്നില്ല. ഇതുപോലെ മുൻപും കോളേജ് പ്രതിസ്ഥാനത്ത് വരുന്ന സംഭവങ്ങളൊന്നും പുറത്തറിയാറില്ലെന്ന് വിദ്യാർഥികൾ പറയുന്നു. കുറച്ച് വർഷങ്ങൾക്ക് മുൻപ് കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധയുണ്ടാവുകയും 500ഒാളം കുട്ടികൾ ആശുപത്രികളിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. എന്നാൽ മാനേജ്മെന്റിന്റെ ഇടപെടൽ മൂലം സംഭവം പുറത്തറഞ്ഞില്ല. പരാതിപ്പെട്ടവരോട് ഇവിടെ ഇങ്ങനെയാണ് വേണമെങ്കിൽ പഠിച്ചാൽ മതി എന്നാണ് അധികൃതർ പ്രതികരിച്ചത്.‌

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, പല പ്രൈവറ്റ് കോളേജുകളുടെയും അവസ്ഥ ഇതുതന്നെയാണ്. ഒരുപാട് പ്രതീക്ഷകളുമായി കോളേജുകളിലെത്തുന്ന വിദ്യാർഥികൾ അതികഠിനമായ  മാനസികസമ്മർദങ്ങളിലൂടെയും പീഡനങ്ങളിലൂടെയുമാണ് കടന്നുപോകേണ്ടി വരുന്നത്. ശ്രദ്ധയുടേത് ആത്മഹത്യയല്ല, ഇൻസ്റ്റിറ്റ്യൂഷണൽ മർഡറാണ്, മനുഷ്യാവകാശ ലംഘനമാണ്.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് ശ്രദ്ധയോട് ഒരു സുഹൃത്ത് ജീവിതത്തിൽ എടുത്ത ഏതെങ്കിലും ഒരു തീരുമാനം മാറ്റാൻ കഴിയുമായിരുന്നെങ്കിൽ അതെന്തായിരിക്കും എന്ന് ചോദിച്ചപ്പോൾ അവളുടെ ഉത്തരം ആ കോളേജ് തിരഞ്ഞെടുക്കില്ല എന്നായിരുന്നു. അതെ ആ കോളേജിൽ പോയില്ലായിരുന്നുവെങ്കിൽ ശ്രദ്ധ ഇപ്പോഴും ജീവനോടെയുണ്ടാകുമായിരുന്നു. ശ്രദ്ധയ്ക്ക് നീതി ലഭിക്കണം.

One thought on “അമൽ ജ്യോതി കോളേജിലെ ശ്രദ്ധയുടെ മരണം, ഉത്തരവാദി ആര്?

Leave a Reply

Your email address will not be published. Required fields are marked *