ആദിപുരുഷ് കാണാൻ ഹനുമാൻ എത്തും; തിയേറ്ററുകളിൽ ഒരു സീറ്റ് മാറ്റിവെക്കുമെന്ന് അണിയറപ്രവർത്തകർ
ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് ആദിപുരുഷ്. ചിത്രവുമായി ബന്ധപ്പെട്ട് കൗതുകകരമായ ഒരു വാര്‍ത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയേറ്ററിലും ഒരു സീറ്റ് ഒഴിച്ചിടാനാണ് തീരുമാനം. സിനിമ കാണാൻ ഹനുമാൻ എത്തുമെന്ന വിശ്വാസത്തിന്‍റെ പേരിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നത് .ഹനുമാന്‍ ചിരഞ്ജീവിയാണെന്നാണ് വിശ്വാസം. അതുകൊണ്ട് രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും ഹനുമാന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ കരുതുന്നത്. ട്രേഡ് അനലിസ്റ്റ് എബി ജോർജ് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
രാമായണത്തെ ആസ്പദമാക്കിയുള്ള എപിക് മിത്തോളജിക്കല്‍ ചിത്രത്തിന്‍റെ ബജറ്റ് 500 കോടിയാണെന്നാണ് പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. അതിന്‍റെ 85 ശതമാനത്തോളം റിലീസിന് മുന്‍പ് തന്നെ ചിത്രം തിരിച്ചുപിടിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് . പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദിപുരുഷ്. ജൂൺ 16ന് ചിത്രം തിയേറ്ററുകളിൽ എത്തും.