അമ്മയുടെ ശരീരത്തില്‍ കുട്ടി പെയിന്റ് ചെയ്താല്‍ പോക്‌സോ കുറ്റമോ ? രഹ്നഫാത്തിമ കേസില്‍ നാണംകെട്ട് കേരളാപൊലീസ്
അടുത്തകാലത്ത്, കേരളാ പൊലീസിന് കോടതിയില്‍നിന്ന് കിട്ടിയ ഏറ്റവും വലിയ പ്രഹരമാണ് രഹ്നഫാത്തിമയുടെ ബോഡി ആര്‍ട്ട് കേസ്. അമ്മയുടെ ശരീരത്തില്‍ മകന്‍ പെയിന്റ് ചെയ്താല്‍ അത് എങ്ങനെയാണ് കുറ്റകൃത്യമാവുന്നത് എന്ന് ചോദിച്ച കോടതി പൊലീസിനെ ശരിക്കും കുടഞ്ഞിടുകയായിരുന്നു

കൊച്ചി: സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയെത്തുടര്‍ന്ന്, ശബരിമലയില്‍ കയറാന്‍ ശ്രമിച്ചതിലൂടെ വിവാദ നായികയായ ആക്റ്റീവിസ്റ്റ് രഹ്ന ഫാത്തിമ ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് ഒരു കോടതി വിധിയിലൂടെയാണ്. മകനെകൊണ്ട് തന്റെ അര്‍ധനഗ്‌ന ശരീരത്തില്‍ പെയിന്റിങ്ങ് നടത്തിച്ചതിനെ തുടര്‍ന്ന് കേരളാ പൊലീസ് രഹ്നക്കെതിരെ എടുത്ത കേസ് ഹൈക്കോടതി തള്ളിയത്, പൊലീസിന് എതിരായ രൂക്ഷ വിമര്‍ശനത്തോടെയാണ്.
സ്വന്തം മക്കളെ കൊണ്ട് തന്റെ നഗ്‌നശരീരത്തില്‍ ചിത്രം വരപ്പിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് രഹ്ന ഫാത്തിമക്കെതിരെ പോലീസ് കേസെടുത്തിരുന്നത്. പോക്‌സോ, ഐ ടി ആക്ട് പ്രകാരമായിരുന്നു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് കേസ് റദ്ദാക്കിയത്.
തിരുവല്ല, എറണാകുളം സൗത്ത് സ്റ്റേഷനുകളില്‍ രഹനക്കെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു എന്ന കാരണം കാണിച്ച് ഐടി ആക്ടിലെ 67 വകുപ്പും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 വകുപ്പ് പ്രകാരവുമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ ശരീര പ്രദര്‍ശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമാണെന്ന്്് ചൂണ്ടിക്കാട്ടിയാണ് തിരുവല്ല സ്വദേശിയായ അഭിഭാഷകന്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് രഹനയുടെ പനമ്പള്ളി നഗറിലെ ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സില്‍ എറണാകുളം സൗത്ത് പോലീസ് നടത്തിയ റെയ്ഡില്‍ ലാപ്‌ടോപ്പും ചിത്രം വരച്ച ബ്രഷും പെയ്ന്റും പെന്‍സിലും മറ്റും പിടിച്ചെടുത്തിരുന്നു. ശബരിമലയിലെ ആക്റ്റീവിസത്തിന്റെ പേരില്‍ ചിലര്‍ രഹ്നയോട്, ആസൂത്രിതമായ പക പോക്കുകയായിരുന്നുവെന്നും കേരളാ പൊലീസ് ഇതിന് കൂട്ടുനില്‍ക്കയാണെന്നും അന്നു തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
പൊലീസിനെ കുടഞ്ഞിട്ട് കോടതി
ആരുടെയോ ഒരു പരാതികിട്ടിയ ഉടന്‍, പാഞ്ഞെത്തി പെയിന്റും ബ്രഷും ലാപ്‌ടോപ്പും അടക്കം കണ്ടുകെട്ടി തൊണ്ടിയാക്കി, അമ്മയ്‌ക്കെതിരെ പോക്‌സോയും ഐടി നിയമവും ചുമത്തിയ കേരള പോലീസിന്റെ കുറ്റപത്രം വലിച്ചുകീറി കുട്ടയിലിട്ടതിന് സമാനമായ നടപടിയാണ് ഹൈക്കോടതിയില്‍നിന്ന് ഉണ്ടായത്. പുരുഷന് അവന്റെ ശരീരത്തിന്റെ മേലുള്ള അധികാരം ,സമൂഹത്തില്‍ വളരെ അപൂര്‍വമായി മാത്രമേ ചോദ്യം ചെയ്യപ്പെടുന്നുള്ളൂ. അതേസമയം സ്ത്രീക്ക് അവളുടെ ശരീരത്തിലുള്ള അവകാശം പുരുഷാധിപത്യ സമൂഹത്തില്‍ നിരന്തരം ചോദ്യം ചെയ്യപ്പെടുന്നു. ശരീരത്തിന്റെയും ജീവിതത്തിന്റെയും കാര്യത്തില്‍ തീരുമാനം എടുക്കുന്നതിന്റെ പേരില്‍ സ്ത്രീയെ സമൂഹംഭീഷണിപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും വിചാരണ നടത്തുകയും ചെയ്യുന്നു. ” ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വിധിയില്‍ ചൂണ്ടിക്കാട്ടി.
28 പേജുള്ള വിധിയില്‍ ഇങ്ങനെ പറയുന്നു ”തൃശ്ശൂരിലെ പുലികളി ഉത്സവത്തില്‍ പുരുഷന്മാരുടെ ബോഡി പെയിന്റിംഗ് അംഗീകൃത പാരമ്പര്യമാണ്. ക്ഷേത്രത്തില്‍ തെയ്യവും മറ്റ് ആചാരങ്ങളും നടത്തുമ്പോള്‍ പുരുഷ കലാകാരന്മാരുടെ ദേഹത്ത് ചിത്രരചന നടത്താറുണ്ട്. ഷര്‍ട്ട് ധരിക്കാതെ നടക്കുന്ന പുരുഷന്മാരെ നമ്മള്‍ പലപ്പോഴും കാണാറുണ്ട്. ഈ പ്രവൃത്തികള്‍ ഒരിക്കലും അശ്ലീലമോ ആഭാസമോ ആയി കണക്കാക്കില്ല.പുരുഷന്റെ അര്‍ദ്ധനഗ്‌നശരീരം ലൈംഗികതയുടെ സൂചനയില്ലാതെ സ്വാഭാവികം എന്ന നിലയില്‍ വിലയിരുത്തപ്പെടുന്നു. എന്നാല്‍, സ്ത്രീ ശരീരത്തെ അതേ രീതിയില്‍ പരിഗണിക്കുന്നില്ല. ഒരു സ്ത്രീയുടെ നഗ്‌നശരീരത്തെ അമിതമായ ലൈംഗികതയുടെയോ ആസക്തിയുടെയോ അടയാളമായി കണക്കാക്കുന്നത് സമൂഹത്തില്‍ പതിവാണ്. സ്ത്രീ നഗ്‌നത നിഷിദ്ധമാണ്, കാരണം നഗ്‌നമായ സ്ത്രീ ശരീരം ലൈംഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാണ് എന്നതാണ് പൊതു മനോഭാവം.സമൂഹത്തിലെ ഈ ഇരട്ടത്താപ്പ് തുറന്നുകാട്ടുക എന്നതായിരുന്നു ഇവിടെ (കുറ്റാരോപിതയുടെ) ഉദ്ദേശം. കുട്ടിയെ ഏതെങ്കിലും ലൈംഗിക പ്രവര്‍ത്തികള്‍ക്ക് ഉപയോഗിച്ചുവെന്ന് ആര്‍ക്കും ആരോപിക്കാന്‍ കഴിയില്ല. കുട്ടിക്ക് പെയിന്റ് ചെയ്യാനുള്ള ക്യാന്‍വാസായി തന്റെ ശരീരം ഉപയോഗിക്കാന്‍ മാത്രമാണ് അമ്മ അനുവദിച്ചത്.
ഒരു സ്ത്രീക്ക് തന്റെ ശരീരത്തെക്കുറിച്ച് തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശം അവളുടെ മൗലികാവകാശത്തിന്റെ കാതലാണ്. ഇവിടെ ഈ ദൃശ്യം പങ്കുവെച്ച സന്ദര്‍ഭവും അത് സമൂഹത്തിന് നല്‍കിയ സന്ദേശവും അവഗണിച്ചുകൊണ്ട് അമ്മയ്‌ക്കെതിരെ നടപടിയെടുക്കാന്‍ മതിയായ കാരണങ്ങള്‍ ഒന്നും ഈ കോടതി കാണുന്നില്ല.സ്ത്രീയുടെ നഗ്‌നമായ ശരീരം എപ്പോഴും ലൈംഗികമായി മാത്രം കണക്കാക്കരുത്. ഇക്കാര്യം ബഹുമാനപ്പെട്ട സുപ്രീംകോടതി രഞ്ജിത്ത് ഡി ഉദ്ദേശി വേഴ്‌സസ് സ്‌റ്റേറ്് ഓഫ് മഹാരാഷ്ട്ര കേസില്‍ വ്യക്തമാക്കിയിട്ടുണ്ട്. അത് ഇങ്ങനെയാണ്: ”നഗ്‌നതയെ അടിസ്ഥാനപരമായി അശ്ലീലമോ അധാര്‍മ്മികമോ ആയി കാണുന്നത് തെറ്റാണ്. രാജ്യത്തുടനീളമുള്ള പൗരാണിക ക്ഷേത്രങ്ങളില്‍ അര്‍ദ്ധനഗ്‌നമായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചുവര്‍ചിത്രങ്ങളും ശില്പങ്ങളും ദേവതാ രൂപങ്ങളും നമുക്കുണ്ട്. അത്തരം നഗ്‌ന ശില്‍പങ്ങളും ചിത്രങ്ങളും കലയായും പലപ്പോഴും വിശുദ്ധമായും കണക്കാക്കപ്പെടുന്നു. അത്തരമൊരു ദേവതക്കു മുന്നില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, വികാരം ലൈംഗികതയല്ല, ദൈവികതയാണ്.” കോടതി വ്യക്തമാക്കി. കേസില്‍ രഹ്‌നഫാത്തിമക്ക് വേണ്ടി അഭിഭാഷകനായ രഞ്ജിത് മാരാരാണ് ഹാജരായത്.
ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ്, രഹ്നഫാത്തിമ സംഘപരിവാറിന്റെയടക്കം നോട്ടപ്പുള്ളിയായി മാറിയത്. മതസ്പര്‍ധയുണ്ടാക്കിയെന്ന കുറ്റം ചുമത്തി അവരെ റിമാന്‍ഡ് ചെയ്തു. ജോലിയില്‍നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. ഒരു വാടകവീടുപോലും കിട്ടാത്ത അവസ്ഥയുണ്ടായെന്നും നേരത്തെ അവര്‍ പറഞ്ഞിരുന്നു. പല തവണ കൈയേറ്റ ശ്രമങ്ങളും ഉണ്ടായി. അപ്പോഴോന്നും കാര്യമായി ഇടപെടാതിരുന്നു പൊലീസ് ആണ് രഹ്നക്കെതിരെ ഒരു പരാതി കിട്ടിയപ്പോഴേക്കും ഓടിയെത്തി നടപടി എടുത്തത്