‘മരണത്തിന് ഉത്തരവാദികൾ ഡിപ്പാർട്ട്മെന്റ് എച്ച്ഒഡിയും വാർഡനും’; ശ്രദ്ധയുടെ അച്ഛന്റെ സുഹൃത്തിന്റെ പോസ്റ്റ്
കോട്ടയം അമൽ ജ്യോതി കോളേജിലെ രണ്ടാം വർഷ വിദ്യാർഥി ശ്രദ്ധയുടെ മരണത്തിൽ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. കുട്ടിയുടെ അച്ഛന്റെ സുഹൃത്തിന്റെ പോസ്റ്റ് ഇപ്പോൾ ഫെയ്സ്ബുക്കിൽ വൈറലാണ്. മരണത്തിന്റെ ഉത്തരവാദികൾ ഡിപ്പാർട്ട്മെന്റ് എച്ച്ഒഡിയും വാർഡനുമാണെന്ന് കുറിപ്പിൽ ആരോപിക്കുന്നു.
പോസ്റ്റിന്റെ പൂർണരൂപം:
ഒരു പ്രധാന കാര്യം പറയുവാൻ ആണ് ഈ പോസ്റ്റ് ഇടുന്നത്. എൻ്റെ സുഹൃത്തും അയൽവാസിയുമായ ശ്രീ സതീഷിൻ്റെ മകളുടെ മരണവും ആയി ബന്ധപ്പെട്ടാണ് ഈ പോസ്റ്റ്. കൂട്ടുകാരൻ്റെ മകൾ ആയ ഇരുപത് വയസ്സ്കാരി ശ്രദ്ധ പ്ലസ്ടൂ പoനത്തിനു ശേഷം അവളുടെ ഇഷ്ടവിഷയമായ ഫുഡ് ടെക്നോളജിയ്ക്ക് കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ പ്രവേശനം എടുത്തു. അവധിക്കാലത്തിനു ശേഷം ഞങ്ങളുടെ കുട്ടി ജൂൺ ഒന്നാം തിയതി രാവിലെ അച്ഛന് ടാറ്റാ കൊടുത്ത് ബസ്സിൽ കയറുമ്പോഴും അച്ഛനും മകളും നാളെയുള്ള ഭാവിയെ പറ്റിയുള്ള ആകാംക്ഷയിലും പ്രതീക്ഷയിലും ആയിരുന്നു. പക്ഷെ കാര്യങ്ങൾ ഡിപ്പാർട്ട്മെൻ്റ് എച്ച്ഒഡി എന്ന കോമാളിയും വാർഡൻ എന്ന രാക്ഷസിയും ചേർന്ന് തകിടം മറിച്ചു. ലാബിൽ ഫോൺ നോട്ടിഫിക്കേഷൻ നോക്കി എന്ന കാരണം കൊണ്ട് ലാബ് അസിസ്റ്റൻ്റ് എന്നയാൾ ഫോൺ മേടിച്ചെടുത്ത് കോമാളി സമക്ഷം ഹാജരാക്കി ഞങ്ങളുടെ കൊച്ചിനെ വിസ്താരം നടത്തി. മാനസികമായി അങ്ങേയറ്റം പീഡനം ടിയാളിൽ നിന്നും ലഭിച്ച ശേഷം ഹോസ്റ്റലിൽ ചെന്ന ശേഷം കൊച്ചിന് മാനസികമായി പീഡനം ഏറ്റുവാങ്ങേണ്ടി വന്നു എന്ന് അറിയുവാൻ സാധിച്ചു .
എട്ട് മണിക്ക് ശേഷം പിതാവിന് കോളേജിൽ നിന്നും മകൾ ഗുരുതരാവസ്ഥയിലാണെന്നും ഉടൻ എത്തിച്ചേരണം എന്നും അറിയിപ്പ് ലഭിച്ചു.പത്ത് മിനിറ്റുകൾക്ക് ശേഷം കോളേജ് മാനേജർ എന്ന് അവകാശപ്പെടുന്ന വ്യക്തി വിളിച്ച് താങ്കളുടെ മകൾ പോയി എന്ന് ഒരു മര്യാദപോലും ഇല്ലാതെ പച്ചയ്ക്ക് ആ പിതാവിനെ അറിയിച്ചു.തുടർന്ന് ഞാനും പിതാവും കുറച്ച് സുഹൃത്തുക്കളുമായി കോളേജിലേക്ക് പോന്നു. ‘യാത്രാമദ്ധ്യേ കാഞ്ഞിരപ്പിള്ളി എസ്‌ഐ സർ പറഞ്ഞതു പ്രകാരം ഞങ്ങൾ കാഞ്ഞിരപ്പിള്ളി മേരി ക്വീൻ ആശുപത്രിയിൽ എത്തിയപ്പോൾ അവിടെ വാർഡും സഹവാർഡനും ഉണ്ടായിരുന്നു. ‘അങ്ങേ അറ്റം ആഥിത്യ മര്യാദ ഉണ്ടായിരുന്ന അവർ എന്നെയും പിതാവിനെയും ഒരു മൂലയ്ക്ക് ഇരുത്തി സ്ഥലം കാലിയാക്കി. തുർന്ന് എസ്.ഐയുമായി സംസാരിച്ച് പോലീസ് എത്തിയപ്പോൾ കോളേജ് അധികാരികളും ഒപ്പം എത്തി എന്നെയും ശ്രീ സതീഷിനെയും മോർച്ചറിയിൽ കൊണ്ടുപോയി മരിച്ച് മരവിച്ചു കിടക്കുന്ന ഞങ്ങളുടെ കൊച്ചിനെ കാണിച്ചു തന്നു.
പിറ്റേ ദിവസം ഇൻക്വസ്റ്റ് നടപടികൾക്കായി രാവിലെ ഏഴരയോടെ അവിടെ എത്തി ചേർന്ന ഞങ്ങളെ പോലീസിൽ നിന്നും ഒഫീഷ്യൽ ആയി റിട്ടയർ ചെയ്ത ചെന്നായ്ക്കൾ ചേർന്ന് ശ്രദ്ധയുടെ പരീക്ഷയിൽ തോറ്റ മാനസ്സിക വിഷമം മൂലമാണ് മരിച്ചതെന്ന കാപ്സ്യൂൾ കഴിപ്പിക്കാൻ ശ്രമിച്ചു.ഏകദേശം നൂറോളം വരുന്ന നല്ലവരായ സഹപാഠികൾ തലേ ദിവസം തന്നെ ഈ വിവരങ്ങൾ ധരിപ്പിച്ചിരുന്നതിനാൽ ഈ ക്യാപ്സൂൾ ഞാനും എൻ്റെ കൂട്ടുകാരും വിഴുങ്ങിയില്ല. ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഒരു കുട്ടിയെ ആശുപത്രിയിൽ തല കറങ്ങിവീണതാണെന്ന ഒരു ഇഞ്ചക്ഷനും ഡോക്ടർമാർക്ക് ഇവർ കൊടുക്കുവാൻ ശ്രമിച്ചു എന്ന് അറിയാൻ സാധിച്ചു. നഷ്ടം എന്നത് എന്നെന്നേക്കും ആയി ശ്രദ്ധയുടെ അച്ഛനും അമ്മയ്ക്കും കുടുംബത്തിനും മാത്രമാണ് എന്ന സത്യം ഉൾക്കൊണ്ട് പറയട്ടെ ശ്രദ്ധക്ക് നീതി വേണം. പ്രിയ സുഹൃത്തുക്കളെ മകൾ നഷ്ടപ്പെട്ട അമ്മയുടെയും അച്ഛൻ്റെയും വിഷമം മനസ്സിലാക്കി നാളെ നമ്മുടെ വീട്ടില്ല ഈ ദുരന്തം ആവർത്തിക്കാതിരിക്കാൻ നിങ്ങൾ ഓരോരുത്തരും ഈ സംഭവം പത്ത് ആളുകളിലേക്കെങ്കിലും എത്തിക്കണം എന്ന് അഭ്യർത്ഥിക്കുന്ന ‘പണം മാത്രം പ്രതീക്ഷിക്കുന്ന സ്ഥാപനങ്ങൾക്ക് ഇത് ഒരു പ്രതികരണം നൽകണം എന്ന് മനസ്സിലാക്കി അണ്ണാറക്കണ്ണനും തന്നാലാവുന്നത് ചെയ്യുക