‘2018’ ഒടിടി റിലീസിനെതിരെ പ്രതിഷേധം; തിയേറ്ററുകൾ രണ്ടു ദിവസം അടച്ചിടും
2018 സിനിമ കരാർ ലംഘിച്ച് ഒടിടിയ്ക്ക് നൽകിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സിനിമ തിയേറ്ററുകൾ നാളെയും മറ്റന്നാളും(ജൂൺ 7,8) അടച്ചിടും. തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ യോഗത്തിലാണ് തീരുമാനം. സൂചന പണിമുടക്കെന്ന രീതിയിലായിരിക്കും തിയേറ്ററുകൾ അടച്ചിടുക. നാളെയും മറ്റന്നാളുമായി തിയേറ്ററുകളിൽ ടിക്കറ്റ് ബുക്ക് ചെയ്ത ആളുകൾക്ക് പണം തിരികെ നൽകുമെന്നും ഉടമകൾ പറയുഞ്ഞു . അടുത്ത കാലത്ത് പുറത്തിറങ്ങിയതിൽ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു 2018. ചിത്രം തിയേറ്ററിലെത്തി 42 ദിവസങ്ങൾക്കു ശേഷം മാത്രമെ ഒടിടിയിക്ക് നൽകാനാകൂ എന്ന കരാറാണ് അണിയറപ്രവർത്തകർ ലംഘിച്ചത്. ജൂൺ 7 മുതൽ 2018 ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലീവിൽ സ്ട്രീം ചെയ്യാനിരിക്കെയാണ് തീയേറ്റർ ഉടമകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഇതിനകം 150 കോടി ക്ലബ്ബിലും ചിത്രം ഇടം നേടി. ഇതിനിടെയാണ് ഒടിടി റിലീസ് എന്ന വാർത്ത പുറത്തു വന്നത്. അടുത്തിടെ, ഒടിടി പ്ലാറ്റ്‌ഫോമിൽ ചിത്രം റിലീസ് ചെയ്യാനുള്ള നിർമ്മാതാക്കളുടെ തീരുമാനത്തിൽ നിരവധി സിനിമാപ്രേമികളും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.