വോട്ടിങ്ങ് യന്ത്രങ്ങളുടെ പരിശോധന തുടങ്ങി: വയനാട് ലോക്സഭ മണ്ഡലം വീണ്ടും ചര്‍ച്ചയാകുന്നു
കല്‍പ്പറ്റ: ഒഴിവ് വന്ന വയനാട് ലോക്‌സഭ മണ്ഡലത്തില്‍ ഉടന്‍ തിരഞ്ഞെടുപ്പ് നടത്താന്‍ സാധ്യത. അതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ടിങ്ങ് യന്ത്രങ്ങള്‍ പരിശോധിച്ച് തുടങ്ങി.ഇതോടെ പാര്‍ട്ടികളില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ ഇനി സജീവമാകും.
രാഹുല്‍ ഗാന്ധിയെ ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് വയനാട് മണ്ഡലത്തില്‍ ഒഴിവ് വന്നത്.ഇതോടെ മണ്ഡലത്തില്‍ ആര് മത്സരിക്കുമെന്നത് വീണ്ടും ചര്‍ച്ചയാകുന്നു.കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആരാകുമെന്ന കാര്യത്തിലാണ് കൂടുതല്‍ ആകാംക്ഷ . പ്രിയങ്ക ഗാന്ധി മത്സരിക്കുമോ എന്നതാണ് പ്രധാന ചോദ്യം.പ്രിയങ്കയാണ് സ്ഥാനാര്‍ഥിയെങ്കില്‍ വലിയ പ്രതിസന്ധികൂടാതെ സ്ഥാനാര്‍ഥി നിര്‍ണയം നടക്കും.

ഇടതുപക്ഷത്തിനും വലിയ വെല്ലുവിളി തന്നെയായിരിക്കും ഈ ഉപതിരഞ്ഞെടുപ്പ്.പ്രത്യേകിച്ച് പിണറായി വിജയന്റെ രണ്ടാം സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകളും വിവാദങ്ങളും തിരഞ്ഞെടുപ്പില്‍ എങ്ങിനെ ബാധിക്കുമെന്നത് സിപിഎംനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരിക്കും.
വയനാട് ജില്ലയിലെ മാനന്തവാടി,സുല്‍ത്താന്‍ബത്തേരി,കല്‍പ്പറ്റ,കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി,മലപ്പുറം ജില്ലയിലെ ഏറനാട്,നിലമ്പൂര്‍,വണ്ടൂര്‍ എന്നീ നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് വയനാട് ലോക്സഭ മണ്ഡലം. തിരുവമ്പാടി നിയോജകമണ്ഡലത്തിലാണ് ബുധനാഴ്ച വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിച്ചത്.മറ്റു നിയോജകമണ്ഡലങ്ങളിലും അടുത്ത ദിവസങ്ങളിലായി വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന നടക്കും.