We Talk

അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനി ശ്രദ്ധയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളജിലെ വിദ്യാർഥി ശ്രദ്ധ സതീശന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. വിദ്യാർഥികളുമായും കോളേജ് മാനേജ്മെന്റുമായും മന്ത്രിമാരായ ആർ ബിന്ദുവും വി എൻ വാസവനും ചർച്ച നടത്തി. ഇതോടെ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് സഹപാഠികൾ നടത്തുന്ന സമരം പിൻവലിച്ചു. തിങ്കളാഴ്ച്ച കോളജ് തുറക്കാനും ചർച്ചയിൽ തീരുമാനമായി. കോളജ് ഹോസ്റ്റലിന്റെ ചീഫ് വാർഡൻ സിസ്റ്റർ മായയെ മാറ്റുമെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യം മാനേജ്മെന്റ് തത്വത്തിൽ അം​ഗീകരിച്ചു.
വിദ്യാർത്ഥി സമരം കൃത്യമായ അജണ്ടയുടെ അടിസ്ഥാനത്തിലാണെന്ന കാഞ്ഞിരപ്പള്ളി രൂപതയുടെ ആരോപണം മന്ത്രി വി എൻ വാസവൻ തള്ളി. സർക്കാർ എന്തെങ്കിലും പ്രത്യേക അജണ്ടയുടെ ഭാഗമായി പ്രവർത്തിക്കുന്നില്ലെന്നായിരുന്നു ചർച്ചയ്ക്ക് മുമ്പ് മന്ത്രിയുടെ മറുപടി. അതേസമയം, ആരോപണ വിധേയർക്കെതിരെ ഇപ്പോൾ നടപടി ഉണ്ടാകില്ല. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ മാത്രം നടപടികളിലേക്ക് കടക്കും.
അമൽജ്യോതി കോളജിലെ രണ്ടാം വർഷ വിദ്യാർഥിനി ശ്രദ്ധ സതീഷ് ജീവനൊടുക്കാൻ കാരണം അധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും മാനസിക പീഡനമാണെന്ന് ആരോപിച്ച് വിദ്യാർഥികളും ബന്ധുക്കളും രംഗത്തുവന്നിരുന്നു. ഫുഡ് ടെക്‌നോളജി വിദ്യാർത്ഥിനിയായ തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധയെ വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് കോളജ് ഹോസ്റ്റലിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോളജ് എച്ച്ഒഡിയും അധ്യാപകരും ഹോസ്റ്റൽ വാർഡനും ശ്രദ്ധയെ മാനസ്സികമായി തകർക്കുന്ന തരത്തിലാണ് പെരുമാറിയതെന്ന് വിദ്യാർഥികൾ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *