We Talk

വ്യാജ രേഖ ചമയ്ക്കുന്നതിലെ ജനാധിപത്യം

ജെ ഐശ്വര്യ

കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയിൽ സംഭവിക്കുന്നതെന്ത്? ഭരണത്തിലിരിക്കുന്ന പാർട്ടിയുടെ പിൻബലത്തിൽ അഴിമതിയും സ്വജനപക്ഷപാതവും ബന്ധുനിയമനവും വ്യാജരേഖ ചമയ്ക്കലുമൊക്കെ നിർഭയം നടക്കുന്നു. ഒറ്റപ്പെട്ട സംഭവം എന്നു പറഞ്ഞു ലഘൂകരിക്കാൻ പറ്റാത്ത വിധം തട്ടിപ്പുകൾ അനുദിനം പെരുകുകയാണ്.

ഏറ്റവുമൊടുവിൽ പുറത്ത് വന്നിരിക്കുന്നത് എറണാകുളം മഹാരാജാസ് കോളജിലെ മുൻ വിദ്യാർഥിയായ എസ്എഫ്ഐ നേതാവ് വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ചമച്ച സംഭവമാണ്. കാലടി സംസ്കൃത സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർഥിയായ കാസർകോട് തൃക്കരിപ്പൂർ സ്വദേശിനി കെ.വിദ്യയാണ് ഗെസ്റ്റ് ലക്ചറർ നിയമനത്തിനായി മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. സംഭവത്തിൽ പോലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു. വ്യാജരേഖ ചമച്ചതടക്കം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 465, 468, 471 എന്നീ വകുപ്പുകളാണ് ചുമത്തിയത്. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ ഗസ്റ്റ് ലക്ചറർ അഭിമുഖത്തിന് ഹാജരായപ്പോൾ സംശയം തോന്നിയ അധികൃതർ മഹാരാജാസ് കോളേജിൽ വിവരമറിയിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തു വന്നത്. തുടർന്നാണ് മഹാരാജാസ് കോളേജിന്റെ സീലും വൈസ് പ്രിൻസിപ്പലിന്റെ ഒപ്പും വ്യാജമായുണ്ടാക്കിയെന്ന് കാണിച്ച് പ്രിൻസിപ്പൽ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

കാലടി സംസ്കൃത സർവകലാശാലാ യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്ന വിദ്യ അതിനു മുൻപ് മഹാരാജാസിലും എസ്എഫ്ഐ നേതാവായിരുന്നു. ഈ മാസം രണ്ടിനു പാലക്കാട് അട്ടപ്പാടി ആർജിഎം ഗവ. കോളജിൽ ഗെസ്റ്റ് ലക്ചറർ ഇന്റർവ്യൂവിനു വിദ്യ രണ്ടു സർട്ടിഫിക്കറ്റുകൾ ഹാജരാക്കി. 2018 ജൂൺ 4 മുതൽ 2019 മാർച്ച് 31 വരെയും 2020 ജൂൺ 10 മുതൽ 2021 മാർച്ച് 31 വരെയും മഹാരാജാസിലെ മലയാള വിഭാഗത്തിൽ പഠിപ്പിച്ചിരുന്നുവെന്നാണ് ഇതിൽ പറയുന്നത്. ആദ്യ സർട്ടിഫിക്കറ്റിലെ കാലയളവിൽ വിദ്യ മഹാരാജാസിൽ പിജി വിദ്യാർഥിയായിരുന്നു. ഇന്റർവ്യൂ പാനലിലുള്ളവർ ലോഗോയും സീലും കണ്ടു സംശയം തോന്നി മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ടപ്പോഴാണ് കള്ളം പുറത്തായത്. മഹാരാജാസ് മലയാള വിഭാഗത്തിൽ 10 വർഷമായി ഗെസ്റ്റ് ലക്ചറർമാരെ നിയമിച്ചിട്ടില്ല. മുൻപ് പാലക്കാട്ടും കാസർകോട് കരിന്തളത്തുമുള്ള 2 ഗവ. കോളജുകളിൽ വിദ്യ ഗെസ്റ്റ് ലക്ചററായി ജോലി ചെയ്തിട്ടുണ്ട്. കാസർകോട്ടും മഹാരാജാസിലെ സർട്ടിഫിക്കറ്റ് ഹാജരാക്കിയതായി പറയുന്നു. എസ്എഫ്ഐ സംസ്ഥാന നേതാവിന്റെ അറിവോടെയും സഹായത്തോടെയുമാണു വ്യാജരേഖ ചമച്ച് അന്നും ജോലി നേടിയ തെന്ന് ആരോപണമുണ്ട്. കാലടി സംസ്കൃത സർവകലാശാലയിൽ വിദ്യയ്ക്കു പിഎച്ച്ഡി പ്രവേശനം ലഭിച്ചതിലും ഇത്തരം ഇടപെടൽ സംശയിക്കുന്നു. എന്തായാലും വിദ്യക്ക് തനിച്ചു ചെയ്യാൻ പറ്റുന്ന കാര്യങ്ങളല്ല ഇതെല്ലാമെന്നു വ്യക്തം.

സിപിഎം നേതാവും മുൻ എം പിയും നിലവിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ മലയാളം വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ ആയി നിയമിച്ചത് ആവശ്യമായ യോഗ്യത ഇല്ലാതായിരുന്നുവെന്ന പരാതിയിൽ സംസ്ഥാന സർക്കാരിനും കണ്ണൂർ സർവകലാശാലക്കും ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ട് അധിക നാളുകൾ ആയിട്ടില്ല. യുജിസി ചട്ടം ലംഘിച്ചുള്ള നിയമനമാണ് സർവകലാശാല നടത്തിയതെന്ന് ആരോപിച്ചു റാങ്ക് ലിസ്റ്റിലെ രണ്ടാം റാങ്കുകാരൻ ചെങ്ങനാശ്ശേരി എസ് ബി കോളജിലെ മലയാളം വകുപ്പ് മേധാവി ജോസഫ് സ്‌കറിയ കോടതിയിൽ പോയത് കൊണ്ടാണ് ഈ വിഷയത്തിൽ നീതി നടപ്പിലായത്. എന്നാൽ, പാർട്ടിയെയും അധികാര സ്ഥാപനങ്ങളെയും ഭയന്നു നിയമപീഠത്തെ സമീപിക്കാൻ പലരും ഭയക്കുന്നതിനാൽ യോഗ്യതയുള്ളവരെ മറികടന്നു പാർട്ടി നേതാക്കളുടെ ഭാര്യമാരും മക്കളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലിയിൽ കയറുന്നത് കേരളത്തിൽ സർവ്വസാധാരണമായിക്കഴിഞ്ഞു. അധ്യാപന പരിചയവും റിസർച്ച് സ്കോറും കുറവായിരുന്നിട്ടും അഭിമുഖത്തിൽ ഉയർന്ന മാർക്ക് നൽകിയാണ് പ്രിയക്ക് അസോസിയേറ്റ്ഒ പ്രൊഫസർ തസ്തികയിൽ ന്നാം റാങ്ക് നൽകിയത് എന്ന് തെളിയിക്കുന്ന നിർണായക രേഖ പുറത്ത് വന്നിട്ടും സർവകലാശാലയുടെ തലപ്പത്തോ സംസ്ഥാന ഭരണതലപ്പത്തോ ഇരിക്കുന്നവർക്ക് ഒരു ജാള്യതയും ഉണ്ടായില്ല. ഇവിടെ ഇതൊക്കെ ഇങ്ങിനെയാണ്‌ ഭായ് എന്ന മനോഭാവമായിരുന്നു അവർക്കെല്ലാം.

2019ൽ കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാർഥി അഖിലിനെ ക്യാമ്പസിൽ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കളുടെ വീടുകളിൽ നിന്ന് യൂണിവേഴ്സിറ്റി പരീക്ഷാ ഉത്തരക്കടലാസുകളും സീലുകളും കണ്ടെടുത്തത്. .കേസിലെ ഒന്നാം പ്രതി എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത് പി എസ് സി നടത്തിയ പോലീസ് കോൺസ്റ്റബിൾ ലിസ്റ്റിൽ ഒന്നാം റാങ്കുകാരനായിരുന്നു. രണ്ടാം പ്രതി എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി നസീമു, മറ്റൊരു പ്രതിയായ പ്രണവും ഇതേ റാങ്ക് ലിസ്റ്റിൽ ഉയർന്ന റാങ്കുകാരായിരുന്നു. വളഞ്ഞ വഴിയിലൂടെയാണ്ഉ ഇവർ റാങ്ക്ന്ന ലിസ്റ്റിൽ കയറിയതെന്ന്ത അഖിൽ പറഞ്ഞതാണ് ആ ചെറുപ്പക്കാരന്റെ അരുംകൊലയിൽ കലാശിച്ചത്. വിദ്യാഭ്യാസ മേഖല മാത്രമല്ല, നീതിയുക്തമായി ഉദ്യോഗനിയമനം നടത്തുമെന്ന് പൊതു ജനങ്ങൾ വിശ്വാസവും പ്രതീക്ഷയും അർപ്പിക്കുന്ന പി എസ് സി പോലും അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും ചെളിക്കുണ്ടിൽ വീണു പോയി എന്ന് തെളിയിക്കുന്നതായിരുന്നു ഈ സംഭവം.

തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യൻ കോളജ് തിരഞ്ഞെടുപ്പിലെ ആൾമാറാട്ടത്തിലും എസ്എഫ്ഐ നേതൃത്വം പ്രതിക്കൂട്ടിലായത് ഈയടുത്താണ്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി ജയിച്ച അനഘ എന്ന പെൺകുട്ടിക്ക് പകരം എസ്.എഫ്.ഐ. ഏരിയാ സെക്രട്ടറി വിശാഖിന്റെ പേരാണ് പ്രിൻസിപ്പൽ സർവകലാശാലയ്ക്ക് അയച്ചത്. ഇത്തരത്തിൽ എസ്എഫ്ഐ പ്രതി സ്ഥാനത്ത് വരുന്ന നിരവധി സംഭവങ്ങളാണ് പിണറായി സർക്കാർ അധികാരത്തിലേറിയതു മുതൽ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ജീവവായുവിൽ പോലും കക്ഷിരാഷ്ട്രീയമുള്ള സംസ്ഥാനത്തു ഏതാനും ദിവസങ്ങൾ ചർച്ചകളിൽ തങ്ങി നിൽക്കുന്ന ഒന്നായി മാത്രം ഈ നെറികേടുകൾ ഒതുങ്ങിത്തീരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *