സ്കൂൾ അടയ്ക്കുന്നത് മാർച്ച് 31ന് തന്നെ; വേനലവധി പുന:ക്രമീകരിച്ചു
തിരുവനന്തപുരം: സ്‌കൂളിലെ പ്രവൃത്തി ദിനങ്ങൾ കുറയ്ക്കുന്ന കാര്യത്തിൽ അധ്യാപക സംഘടനകളുടെ ആവശ്യം അംഗീകരിച്ച് സംസ്ഥാന സർക്കാർ. ഈ അധ്യയന വർഷത്തെ പ്രവൃത്തി ദിനങ്ങൾ 205 ആക്കി പുന:ക്രമീകരിച്ചു. അക്കാദമിക് കലണ്ടർ പ്രകാരം 210 ആയിരുന്നു പ്രവൃത്തി ദിനങ്ങൾ. മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. ഏപ്രിൽ ആദ്യവാരത്തെ പ്രവൃത്തിദിനങ്ങളാണ് ഒഴിവാക്കിയത്. പുതുക്കിയ തീരുമാന പ്രകാരം മാർച്ച് 31ന് സ്കൂളുകൾ വേനലവധിക്കായി അടയ്ക്കും.
എന്നാൽ ശനിയാഴ്ചകളിലെ പ്രവൃത്തി ദിനം ഒഴിവാക്കുന്നതിനെ വിദ്യാഭ്യാസ വകുപ്പ് എതിർത്തു. മുഴുവൻ ശനിയാഴ്ചകളും അധ്യയന ദിവസങ്ങളാണ് എന്ന പ്രചാരണം ശരിയല്ലെന്ന് മന്ത്രി യോഗത്തിൽ അറിയിച്ചു. ആകെയുള്ള 52 ശനിയാഴ്ചകളിൽ 13 ശനിയാഴ്ചകൾ മാത്രമാണ് പ്രവൃത്തി ദിനമായി നിശ്ചയിച്ചിട്ടുള്ളത്. ആഴ്ചയിൽ അഞ്ച് ദിവസം അധ്യയന ദിനങ്ങൾ ലഭിക്കാത്തപ്പോൾ മാത്രമാണ് ശനിയാഴ്ച പഠന ദിവസമാക്കിയിട്ടുള്ളതെന്നും മന്ത്രി വിശദീകരിച്ചു. പുതിയ തീരുമാനപ്രകാരം അക്കാദമി കലണ്ടർ ഉടൻ പരിഷ്കരിക്കും.