We Talk

മെസി ഇനി ഇന്‌റര്‍ മയാമിയില്‍

അര്‍ജന്റീനിയന്‍ ഫുട്ബോള്‍ സൂപ്പര്‍ താരം ലയണല്‍ മെസി അമേരിക്കന്‍ ക്ലബ്ബായ ഇന്‌റര്‍ മയാമിയില്‍. മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം ഡേവിഡ് ബെക്കാം സഹ ഉടമയായ ഇന്റര്‍ മയാമിയുമായി രണ്ട് വര്‍ഷത്തെ കരാറാണ് മെസി ഒപ്പുവച്ചത്. പഴയ തട്ടകമായ ബാഴ്‌സലോണയിലേക്കുള്ള കൂടുമാറ്റം പ്രതിസന്ധിയിലായതോടെയാണ് തീരുമാനം. യൂറോപ്പിന് പുറത്തുള്ള ഒരു ക്ലബ്ബുമായി മെസി കരാറിലെത്തുന്നത് ആദ്യമായാണ്. ആപ്പിള്‍, അഡിഡാസ് തുടങ്ങിയ ബ്രാന്‍ഡുകളുമായും അദ്ദേഹം സഹകരിക്കും. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ബെക്കാം ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ മെസിയുമായി നടത്തിയിരുന്നു. പ്രതിവര്‍ഷം ഏകദേശം 445 കോടി രൂപയുടെ ഓഫറാണ് മയാമി മെസിക്ക് മുന്നില്‍ വച്ചത്. സൗദി ക്ലബ്ബായ അല്‍ ഹിലാല്‍ മുന്നോട്ട് വച്ച വമ്പന്‍ ഓഫര്‍ നിരസിച്ചാണ് താരം അമേരിക്കയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബിലേക്ക് ചേക്കേറുന്നത്. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയില്‍ നിന്നും പടിയിറങ്ങിയ മെസിക്ക് മുന്നില്‍ ഏകദേശം 3270 കോടി രൂപയുടെ വാഗ്ദാനവുമായാണ് അല്‍ ഹിലാല്‍ എത്തിയത്. ഇതിനിടെ ലാലിഗ പ്രതിരോധങ്ങളെ മറികടന്ന് ബാഴ്‌സലോണയും രംഗത്തെത്തിയതോടെ മെസി തന്റെ പഴയ മൈതാനത്തേക്ക് തിരിച്ചെത്തുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം മെസിയുടെ പിതാവ് യോര്‍ഗെ മെസി ബാഴ്‌സലോണ പ്രസിഡന്റ് യൊഹാന്‍ ലാപോര്‍ട്ടെയുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. മെസി ബാഴ്‌സയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നു എന്നാണ് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം അദ്ദേഹം പ്രതികരിച്ചത്. പക്ഷേ മെസിക്ക് മുന്‍പില്‍ ഓഫര്‍ വയ്ക്കാന്‍ ബാഴ്‌സ പരാജയപ്പെട്ടതോടെയാണ് ട്രാന്‍സ്ഫര്‍ സാധ്യമാകാതെ വന്നത്.

Leave a Reply

Your email address will not be published. Required fields are marked *