ദേഷ്യവും നിരാശയുമെല്ലാം മഹേഷ് തീർത്തത് ആറുവയസ്സുകാരിയായ മകളോട്
ആലപ്പുഴ: മാവേലിക്കര പുന്നമ്മൂട്ടിലാണ് നാടിനെ നടുക്കുന്ന സംഭവം നടന്നത്. പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് ശ്രീമഹേഷിനെ (38) പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മഴുകൊണ്ടാണ് ഇയാൾ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ഇയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന വ്യക്തിയാണെന്ന് നാട്ടുകാർ പറഞ്ഞു. കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തിയിട്ടിരിക്കുന്ന ദൃശ്യം കണ്ട് ഭയന്നോടിയ മഹേഷിൻ്റെ അമ്മ സുനന്ദയേയും ഇയാൾ വെട്ടിപരിക്കേൽപ്പിച്ചിരുന്നു. അവർ ആശുപത്രിയിൽ ചികിത്സയിലാണ്. മുള്ളിക്കുളങ്ങര ഗവ. എൽ.പി.എസ്. ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് നക്ഷത്ര. മാവേലിക്കര പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം വെെകുന്നേരം ഏഴരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ശ്രീമഹേഷിൻ്റെ വീടിന് തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലാണ് അമ്മ സുനന്ദ താമസിക്കുന്നത്. മകൻ്റെ വീട്ടിൽ ബഹളംകേട്ട് സുനന്ദ ഓടിച്ചെല്ലുമ്പോൾ കാണുന്നത് സോഫയിൽ നക്ഷത്ര വെട്ടേറ്റു കിടക്കുന്ന കാഴ്ചയാണ്. തൊട്ടടുത്ത് മഴുവുമായി മഹേഷും നിന്നിരുന്നു. നിലവിളിച്ചുകൊണ്ട് സുനന്ദ പുറത്തേക്കോടിയപ്പോൾ ശ്രീമഹേഷ് പിന്തുടർന്ന് അമ്മയേയും ആക്രമിക്കുകയായിരുന്നു. ഇതിനിടെ ബഹളംകേട്ട് അയൽ വാസികൾ ഓടിയെത്തി. ഇവരേയും ഇയാൾ മഴുകാട്ടി ആക്രമിക്കാൻ ശ്രമിച്ചു.
മൂന്നുവർഷംമുൻപ് നക്ഷത്രയുടെ അമ്മ വിദ്യ ആത്മഹത്യ ചെയ്തിരുന്നു. അതിനുശേഷം ശ്രീമഹേഷും മകളും മാത്രമാണു വീട്ടിലുണ്ടായിരുന്നതെന്നാണ് വിവരം. മകൻ ഇടയ്ക്കിടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച് അമ്മ സുനന്ദയെ ആക്രമിക്കാൻ ശ്രമിക്കുന്നതിനാൽ അവർ മകളുടെ വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. ശ്രീമഹേഷ് വിദ്യയുടെ മാതാപിതാക്കളുമായി അടുപ്പം പുലർത്തിയിരുന്നില്ല. എന്നാൽ നക്ഷത്രയ്ക്ക് അവർ പ്രിയപ്പെട്ടവരായിരുന്നു. വിദ്യയുടെ മാതാപിതാക്കളെ കാണാൻ പോകണമെന്നുപറഞ്ഞ് നക്ഷത്ര ശാഠ്യംപിടിക്കുമായിരുന്നു. കഴിഞ്ഞ ദിവസവും നക്ഷത്ര അച്ഛനോട് ഇക്കാര്യം ആവശ്യപ്പെട്ടെന്നാണ് സൂചനകൾ. ഇതേത്തുടർന്നു പെട്ടെന്നുണ്ടായ പ്രകോപനമാണ് കുഞ്ഞിൻ്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്.
മുൻപ് ശ്രീമഹേഷ് വിദേശത്തായിരുന്നു. ഇതിനിടെ അച്ഛൻ ശ്രീമഹേഷിൻ്റെ പിതാവ് ശ്രീമുകുന്ദൻ തീവണ്ടിതട്ടി മരിച്ചിരുന്നു അതിനുശേഷമാണു ശ്രീമഹേഷ് നാട്ടിലെത്തിയത്. പൊലീസ് ഉദ്യോഗസ്ഥയുമായി ശ്രീമഹേഷിൻ്റെ രണ്ടാംവിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ, ഇയാളുടെ സ്വഭാവ വൈകൃതങ്ങളും ഭാര്യ വിദ്യ ആത്മഹത്യ ചെയ്തതും നാട്ടിൽ ചർച്ചയായിരുന്നു. ഇതേതുടർന്ന് പൊലീസുകാരിയായ യുവതിയും അവരുടെ വീട്ടുകാരും ഈ വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. എന്നാൽ അതിനുശേഷവും ശ്രീമഹേഷ് യുവതിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്തു. ശല്യം തുടർന്നതോടെ ശ്രീമഹേഷിനെതിരേ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.