വിശ്വാസത്തിന്റെ മറവിലെ കച്ചവടം ;ഹനുമാന് സീ്റ്റ് ഒഴിച്ചിട്ട് ആദിപുരുഷ്
80കളില്‍ രമാനന്ദ് സാഗറിന്റെ രാമയണം സീരിയല്‍, ഇന്ത്യ മുഴുവന്‍ ഹിറ്റായി ദൂരദര്‍ശനിലൂടെ പ്രദര്‍ശിപ്പിക്കപ്പെട്ടതാണ്. പക്ഷേ ആദിപുരുഷ് എന്ന സിനിമയുടെ ലോജിക്ക് അനുസരിച്ച് നോക്കുമ്പോള്‍, അത് കണ്ട വീടുകളിലെല്ലാം, ഒരു സീറ്റ് ഹനുമാന്‍ സ്വാമിക്കായി ഒഴിച്ചിടേണ്ടയാണ്. 80കളില്‍നിന്ന് അമ്പതുവര്‍ഷം കഴിയുമ്പോള്‍ ഇന്ത്യ എത്രമാത്രം പിറകോട്ടടിക്കുന്നുവെന്ന് നോക്കണം.

ദൈവം രക്ഷിക്കുമെന്ന് കരുതി കടുത്ത വിശ്വാസികള്‍പോലും, കെട്ടിടത്തില്‍നിന്ന് ചാടി നോക്കാറുണ്ടോ? അമ്പലങ്ങളില്‍പോയി വഴിപാട് കഴിച്ചതിന്റെ ബലത്തില്‍ പഠിക്കാതെ പരീക്ഷക്ക് പോവുന്ന എത്ര വിശ്വാസികള്‍ ഉണ്ട്, മക്കള്‍ക്ക് മരുന്ന് നല്‍കാതെ ദൈവം രക്ഷിക്കുമെന്ന് പറഞ്ഞ് പ്രാര്‍ത്ഥിച്ച് ഒരാളും മാറിനില്‍ക്കാറില്ല. ആ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍, എല്ലാ വിശ്വാസികളും 99 ശതമാനം യുക്തിവാദികളാണ്. തങ്ങളുടെ യുക്തിക്ക് അനുസരിച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. പക്ഷേ ഇപ്പോള്‍ ഇന്ത്യയില്‍നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ നൂറുശതമാനവും യുക്തിരഹിത ജീവിതത്തിന്റെതാണ്. കഥകളും, മിത്തുകളും, പുരാണങ്ങളുമൊക്കെ നമ്മുടെ ദൈനം ദിന ജീവിതത്തില്‍ ഇടപെടാന്‍ തുടങ്ങിയിട്ട് കാലം കുറേയെറെയായി.
ചാണകത്തില്‍നിന്ന് പ്ലൂട്ടോണിയം കിട്ടുമെന്നും, പുഷ്പകവിമാനമാണ് ആധുനിക ജറ്റ് വിമാനത്തേക്കാള്‍ മികച്ചതെന്നതും അടക്കമുള്ള അബദ്ധങ്ങള്‍, പ്രചരിപ്പിച്ച് പ്രചരിപ്പിച്ച് വിശ്വാസം നിത്യജീവിതത്തിലേക്ക് കടന്നുവരിക എന്ന കുരുക്കാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്, ആദിപുരുഷ് എന്ന ചിത്രത്തിനായി തീയേറ്ററില്‍ ഹുനുമാനുവേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന ചിത്രത്തിന്റെ അണിയറ ശില്‍പ്പികളുടെ പ്രഖ്യാപനം!
വിശ്വാസം അതല്ലേ എല്ലാം!
നമ്മുടെ ബാഹുബലി പ്രഭാസിനെ നായകനായി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷ് രാമായണവുമായി ബന്ധപ്പെട്ട ചിത്രമാണ്. ഈ മാസം 16ന് ചിത്രം തീയറ്ററുകളിലെത്തും. ‘രാമായണം പാരായണം ചെയ്യുന്നിടത്തെല്ലാം ഭഗവാന്‍ ഹനുമാന്‍ പ്രത്യക്ഷപ്പെടുന്നു. അത് നമ്മുടെ വിശ്വാസമാണ്. ഈ വിശ്വാസത്തെ മാനിച്ച്, പ്രഭാസിന്റെ രാമന്‍ നായകനായ ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയറ്ററുകളും ഒരു സീറ്റ് ഭഗവാന്‍ ഹനുമാന് റിസര്‍വ് ചെയ്യും. ഏറ്റവും വലിയ രാമഭക്തനെ ആദരിക്കുന്ന ചരിത്രം കേള്‍ക്കൂ.’ എന്നാണ് ചിത്രത്തിനായി ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ അണിയറ ശില്‍പ്പികള്‍ പറയുന്നത്.
ശ്രീരാമനായി പ്രഭാസും സീതയായി കൃതി സോനാന്‍ വേഷമിടുന്നു. സെയ്ഫ് അലി ഖാനാണ് രാവണന്‍. രാമനും ലക്ഷ്മണനും സീതയും വനവാസത്തിനു പോകുന്നതും സീതയെ രാവണന്‍ ചതിയിലൂടെ ലങ്കയിലേക്ക് കൊണ്ടുപോകുന്നതും ഹനുമാന്‍ മരുത്വാ മല ചുമന്നുകൊണ്ട് വരുന്നതുമൊക്കെ ട്രെയിലറില്‍ കാണിച്ചിരുന്നു. ടീസര്‍ പുറത്തുവന്നതിനു പിന്നാലെ മോശം വിഎഫ്എക്‌സിന്റെ പേരില്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് രൂക്ഷമായ ട്രോളുകള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ട്രെയിലറില്‍ ടീസറിനെക്കാള്‍ മികച്ച വിഎഫ്എക്‌സ് കാണാന്‍ കഴിഞ്ഞു.
ഗദവെക്കാന്‍ സൗകര്യമുണ്ടോ?
അതിനിടെ സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളുകള്‍ക്കാണ് ആദിപുരുഷ് ടീമിന്റെ ഈ തീരുമാനം വഴിവെച്ചത്. ചില കമന്റുകള്‍ ഇങ്ങനെ.” എന്റെ ഒരുപാട് കാലത്തെ ആഗ്രഹമാണ് ഹനുമാന്റെ കുടെ ഒരു മോണിങ്്‌ഷോ. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി’. മറ്റൊരു ട്രോള്‍ ഗദവെക്കാന്‍ പാര്‍ക്കിങ്ങ് ഏരിയയില്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നാണ്. നമ്മുടെ സന്തോഷ് വര്‍ക്കിയുടെയൊക്കെ റിവ്യൂ പോലെ സിനിമ തീരുമ്പോള്‍ വായുപുത്രന്‍ റിവ്യൂ നല്‍കുമോ എന്ന് ചോദിക്കുന്നവരും ഉണ്ട്.
”ഹനുമാന്‍ തീയേറ്ററില്‍ വരുന്നു, ബാല്‍ക്കണിയില്‍ ഇരുന്ന് സിനിമ കാണുന്നു, അടുത്തിരിക്കുന്നവര്‍ക്ക് അനുഗ്രഹം കൊടുക്കുന്നു. ഇന്‍ര്‍വെല്‍ സമയത്ത് ചായയും പഫ്‌സും തിന്നുന്നു. വീണ്ടും സീറ്റില്‍ വന്നിരുന്ന് സിനിമ കാണുന്നു. കഴിഞ്ഞ് പുറത്തുപോവുമ്പോള്‍, ക്യാമറക്ക് മുന്നില്‍നിന്ന് അഭിപ്രായവും, അനുഗ്രഹവും നല്‍കുന്നു. എന്നിട്ട് അപ്രത്യക്ഷനാവുന്നു. ഇതെല്ലാം കണ്ട് ഹിന്ദുക്കള്‍ ഉണരുന്നു. ഹനുമാനെ കാണാന്‍ വരുന്നവരുടെ കളക്ഷന്‍ മാത്രം മതി. പടം സൂപ്പര്‍ ഹിറ്റ്” ഒരു കമന്റ് അങ്ങനെ പോകുന്നു. വാല്‍ ചുരുട്ടിവെക്കാന്‍ കഴിയുന്ന രീതിയില്‍ തീയേറ്ററില്‍ പ്രത്യേക സീറ്റ് ഹനുമാന്‍ സ്വാമിക്കായി മാറ്റിയിടണം എന്നും ട്രോളുണ്ട്.
” ടീസര്‍ കണ്ടിട്ട് മിക്കവാറും എല്ലാ സീറ്റും ഹനുമാന് തന്നെ ആയിരിക്കും, അപ്പോള്‍ സുഗ്രീവനോ, അങ്ങേരെ തവിട്‌കൊടുത്ത് വാങ്ങിയതാണോ, ജയ് ഹനുമാന്‍ സീരിയലിന്റെ സ്‌പോണ്‍സര്‍ ആയ ബ്രിട്ടാനിയ ബിസ്‌ക്കറ്റ് സീറ്റില്‍വെക്കണേ, അപ്പോള്‍ ജാംബവാന് സീറ്റില്ലേ..’ അങ്ങനെ പോകുന്ന ട്രോളുകള്‍.
വെറും ബിസിനസ് തന്ത്രം മാത്രം
അതേസമയം ഇത് വെറും ബിസിനസ് തന്ത്രം മാത്രമാണെന്നും ആരോപണമുണ്ട്. ബാഹുബലിക്ക് ശേഷം ഇറങ്ങിയ പ്രഭാസിന്റെ ചിത്രങ്ങളെല്ലാം എട്ടുനിലയില്ല, പതിനെട്ട് നിലയിലാണ് പൊട്ടിയത്. അപ്പോള്‍ വിശ്വാസത്തെ കൂട്ടുപിടിച്ച് ഇറക്കിയ ഒരു മാര്‍ക്കറ്റിങ്ങ് തന്ത്രം എന്ന നിലക്ക് മാത്രമേ, ഇതിനെ കാണാന്‍ കഴിയുകയുള്ളൂ.
റിലീസിന് മുമ്പ് ബജറ്റിന്റെ 85 ശതമാനവും ചിത്രം തിരിച്ചുപിടിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെയാണ് വന്നിരുന്നത്. വിഎഫ്എക്‌സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 500 കോടിയാണ്. വന്‍ പ്രീ റിലീസ് ഹൈപ്പ് ലഭിക്കുന്ന ചിത്രങ്ങളുടെ പട്ടികയിലേക്ക് പ്രഭാസ് നായകനാവുന്ന ആദിപുരുഷ് ഇടം നേടുകയായിരുന്നു. സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക്, മറ്റ് റൈറ്റ്‌സുകളുടെ വില്‍പ്പന വഴി 247 കോടി രൂപയും തെന്നിന്ത്യയില്‍ നിന്ന് മാത്രം തിയേറ്റര്‍ വിതരണാവകാശം വഴി 185 കോടി രൂപയും ചിത്രം നേടി. ആകെ 432 കോടിയാണ് ചിത്രം ഇതിനോടകം നേടിയത്.
മികച്ച ഓപ്പണിംഗ് പ്രതീക്ഷിക്കപ്പെടുന്ന ചിത്രം പോസിറ്റീവ് അഭിപ്രായം നേടുകയാണെങ്കില്‍ ഹിന്ദി പതിപ്പില്‍ നിന്ന് മാത്രം ആദ്യ മൂന്ന് ദിവസങ്ങളില്‍ 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളില്‍ സിനിമ റിലീസ് ചെയ്യും.
80കളില്‍ രമാനന്ദ് സാഗറിന്റെ രാമയണം സീരിയല്‍, ഇന്ത്യ മുഴുവന്‍ ഹിറ്റായി ദൂരദര്‍ശനിലൂടെ പ്രദര്‍ശിപ്പിക്കപ്പെട്ടതാണ്. ഈ സിനിമയുടെ ലോജിക്ക് അനുസരിച്ച് നോക്കുമ്പോള്‍, അത് കണ്ട വീടുകളിലെല്ലാം, ഒരു സീറ്റ് ഹനുമാന്‍ സ്വാമിക്കായി ഒഴിച്ചിടേണ്ടയാണ്. 80കളില്‍നിന്ന് അമ്പതുവര്‍ഷം കഴിയുമ്പോള്‍ ഇന്ത്യ എത്രമാത്രം പിറകോട്ട് പോവുന്ന് എന്ന് നോക്കണം. മാത്രമല്ല ഹനുമാന്‍ ഇപ്പോള്‍ കൃത്യമായ ഒരു രാഷ്ട്രീയ സൂചകമാണ്. ഹനുമാന്‍ ചാലിസ ചൊല്ലല്‍ കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍വരെ ബിജെപി എടുത്തകളിച്ചതാണ്. ആ നിലക്ക് നോക്കുമ്പോള്‍ ആദിപുരുഷിലെ ഹനുമാന്‍ അത്ര നിഷ്‌ക്കളങ്കനല്ല എന്ന് വ്യക്തമാണ്.