മുണ്ടുപൊക്കുന്ന അഖില്‍ മാരാര്‍ ; ബസിലെ പീഡകന് സ്വീകരണം ; സന്തോഷ് വര്‍ക്കിക്ക് തല്ല്; ടോക്‌സിക്കാവുന്ന മലയാളികള്‍!
ബിഗ്‌ബോസില്‍ മുണ്ട്‌പൊക്കിക്കാണിക്കയും നിരന്തരം സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ നടത്തുകയും ചെയ്യുന്ന അഖില്‍ മാരാരെ ന്യായീകരിച്ച് ആയിരങ്ങളാണ് രംഗത്ത് എത്തുന്നത്. ഓടുന്ന ബസില്‍ സ്വയംഭോഗം ചെയ്തുവെന്ന് ആരോപണവിധേയനായ സവാദിനും കിട്ടി വന്‍ ‘പൗര സ്വീകരണം’. എന്തുകൊണ്ട് മലയാളി ഇങ്ങനെ ടോക്‌സിക്കാവുന്നു?

ഒന്നേകാല്‍ക്കോടിയോളം പേര്‍ കാണുന്ന ഒരു റിയാലിറ്റിഷോയില്‍ ഒരു മത്സരാര്‍ഥി മുണ്ടുപൊക്കിക്കാണിക്കുന്നു! എന്നിട്ടോ കാണിച്ചവനെതിരെ നടപടിയുണ്ടാവുന്നില്ല. അവര്‍ വലിയ ഹീറോ ആവുന്നു. ബിഗ്‌ബോസ് മലയാളം സീസണ്‍ ഫൈവില്‍ അഖില്‍ മാരാര്‍ എന്ന മത്സരാര്‍ത്ഥിയുടെ മുണ്ടുപൊക്കല്‍ വിവാദം ന്യായീകരിക്കുന്ന ആയിരക്കണക്കിന് ഫാന്‍സുകാരെ കാണുമ്പോള്‍, മലയാളിക്ക് ഇത് എന്തുപറ്റി എന്ന് തോന്നിപ്പോവും. അതുപോലെ, ഓടുന്ന ബസില്‍ രണ്ടു സ്ത്രീകള്‍ക്കിടയില്‍ ഇരുന്നുകൊണ്ട് സ്വയംഭോഗം ചെയ്തുവെന്ന് ആരോപണവിധേയനായ സവാദിന് വന്‍ സ്വീകരണം ലഭിക്കയാണ്. അയാള്‍ റിമാന്‍ഡ് കാലാവധി കഴിഞ്ഞ് ജയിലില്‍നിന്ന് ഇറങ്ങുമ്പോള്‍ മുല്ലപ്പൂമാലയുമായി ആളുകള്‍ എത്തുന്നു!
മലയാളി എത്രമാത്രം ടോക്‌സിക്ക് ആവുന്ന എന്നതിന് സമീപകാലത്ത് വേറയും ഉദാഹരണങ്ങള്‍ ഉണ്ട്. ഈയിടെ ആറാട്ടണ്ണന്‍ എന്നുപറയുന്ന സന്തോഷ് വര്‍ക്കിയെന്ന ഫസ്റ്റ്‌ഡേ ഫിലിം റിവ്യൂവര്‍ തീയേറ്റില്‍ പരസ്യമായി ആക്രമിക്കപ്പെട്ടപ്പോള്‍, അവനെ തല്ലിക്കൊല്ലണം എന്ന് പ്രതികരിക്കുന്ന സിനിമാ പ്രേമികള്‍ എത്രയോ. അതുപോലെയാണ് മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ എഡിറ്റര്‍ ഷാജന്‍ സ്‌ക്കറിയക്ക് നേരെയുള്ള ലണ്ടന്‍ തല്ലുകേസ്. മാനവികവാദികളാണെന്ന് പറയുുന്ന ഇടതുപക്ഷക്കാര്‍പോലും ഈ തല്ലിയെന്ന് പറയുന്നവനെ ഹീറോ ആക്കുകയാണ് ചെയ്തത്. ഷാജന്‍ സ്‌കറിയയുടെ ജേര്‍ണലിസത്തോട് വിയോജിപ്പുള്ളവര്‍, നിയമനടപടികളിലൂടെയാണ് അതിനെ നേരിടേണ്ടത്. അല്ലാതെ തെരുവില്‍ നേരിടാന്‍ ആഹ്വാനം ചെയ്തിട്ടില്ല. ആധുനികാലത്തും മലയാളി കൂടുതല്‍ കൂടുതല്‍ ടോക്‌സിക്ക് ആവുകയാണെന്ന് ഈ സംഭവങ്ങള്‍ തെളിയിക്കുന്നു.
മുണ്ടുപൊക്കുന്ന മാരാര്‍
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കാണുന്ന ടെലിവിഷന്‍ പരിപാടി, നമ്മുടെ ലാലേട്ടന്‍ ആങ്കറായി എത്തുന്ന ബിഗ്‌ബോസ് മലയാളം എന്നുതന്നെയാവും. മലയാളിയുടെ സഹജമായ പരദൂഷണത്വര, ഒളിഞ്ഞുനോട്ട പ്രവണത, കുറ്റം കണ്ടുപിടിക്കല്‍, ഉത്തരവാദിത്വങ്ങള്‍ മറ്റുള്ളവരുടെ തലയിലിടുന്ന രീതി തുടങ്ങിയവയൊക്കെയാണ്, സീസണ്‍ ഓഫ് ഒറിജിനല്‍സ് എന്ന് പറയുന്ന, ഈ സീസണിലും കണ്ടുവരുന്നത്. ഒരു റിയാലിറ്റിഷോ എത്രമാത്രം, തറയാവുമെന്നതിന്റെ ഉദാഹരണം കൂടിയാണ് ബിഗ്‌ബോസ്. ഇതിലെ ഒരു മത്സരാര്‍ഥിയും, സിനിമാ സംവിധായകനുമായ അഖില്‍ മാരാരുടെ വായില്‍നിന്ന് പലപ്പോഴും സെപ്റ്റിക്ക് ടാങ്കുപോലെ, ദുര്‍ഗന്ധം വമിപ്പിക്കുന്ന വാക്കുകളാണ് പുറത്തുവരുന്നത് എന്നാണ് സോഷ്യല്‍ മീഡിയ അനിലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്.
ഇതിലെ ഒരു മത്സരാര്‍ഥിയും, സിനിമാ സംവിധായകനുമായ അഖില്‍ മാരാരുടെ വായില്‍നിന്ന് പലപ്പോഴും സെപ്റ്റിക്ക് ടാങ്കുപോലെ, ദുര്‍ഗന്ധം വമിപ്പിക്കുന്ന വാക്കുകളാണ് പുറത്തുവരുന്നത് എന്നാണ് സോഷ്യല്‍ മീഡിയ അനിലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്.
നേരെത്ത അരി മോഷ്ടിച്ചാല്‍, അട്ടപ്പാടിയിലെ മധുവിന്റെ അവസ്ഥ വരുമെന്ന് പറഞ്ഞതിന് മോഹന്‍ലാലില്‍നിന്ന് താക്കീത് വാങ്ങിയവനാണ് ഇദ്ദേഹം. തെറി പറഞ്ഞിട്ട് മാപ്പു പറയുക മാരാര്‍ക്ക് ഒരു പുതുമയല്ല. തന്റെ ഭാര്യയെ തല്ലിയിട്ടുണ്ടെന്ന് പരസ്യമായി ഷോയില്‍ ഇയാള്‍ പറഞ്ഞിട്ടുണ്ട്. ഇതിനും മോഹന്‍ലാല്‍ താക്കീത് ചെയ്തു. അതിനുഷേശമാണ് ജൂനൈസ് എന്ന സഹമത്സരാര്‍ഥിയെ ഇയാള്‍ ശരീരത്തില്‍ മുട്ടിയത്. അതിനും കിട്ടി താക്കീത്. അതിനുശേഷമാണ് ശോഭ എന്ന യുവ സരംഭക ആളുകളെ സുഖിപ്പിച്ചാണ് തന്റെ ബിസിനസ് ചെയ്യുന്നതെന്ന് മാരാര്‍ പറയുന്നത്. ഇത് വനിതാ കമ്മീഷനില്‍ കേസായി. മാരാര്‍ പതിവുപോലെ , ലാലേട്ടന് മുന്നില്‍ ക്ഷമ പറയുകയും ചെയ്തു. പക്ഷേ മാരാരുടെ വിക്രിയകള്‍ തീര്‍ന്നില്ല. നേരത്തെ ബിഗ്‌ബോസ് പരിപാടിയെക്കുറിച്ച് വലിയ കുറ്റം പറഞ്ഞ ആളാണ് ഇയാള്‍. ബിഗ്്്‌ബോസില്‍ പങ്കെടുക്കുന്നതിനേക്കാള്‍ നല്ലത്, ലുലുമാളില്‍പോയി മുണ്ടുപൊക്കിക്കാണിക്കയാണെന്നാണ് ഇയാള്‍ പറഞ്ഞത്. അതുസംബന്ധിച്ച ഒരു ചര്‍ച്ച ഹൗസില്‍ വന്നപ്പോഴാണ്, ‘ഇവിടെ നിന്നും മുണ്ടുപൊക്കിക്കാണിക്കുമെന്ന് പറഞ്ഞ്’, സത്രീകള്‍ അടക്കം ഇരിക്കവേ, അങ്ങനെ ചെയ്തത്.
അടിമുടി സ്ത്രീവിരുദ്ധനാണ് മാരാര്‍ എന്ന് അയാളുടെ ചെയ്തികള്‍ കണ്ടാല്‍ അറിയാം. സ്ത്രീകളെ ലക്ഷ്യമിട്ട് ബുള്ളിയിങ്് നടത്തുക, തുപ്പുക, തെറിപറയുക എന്നിവയൊക്കെയാണ് ആശാന്റെ ഹോബി. ഇത്രയും മോശമായ പ്രവര്‍ത്തികള്‍ ചെയ്തിട്ടും ഇയാള്‍ക്ക് വലിയ ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാകുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്നത്. ‘പകുതിയല്ലേ മുണ്ടുപൊക്കിയത്, എന്തെങ്കിലും കണ്ടോ’ എന്നൊക്കെ ചോദിച്ച് അവര്‍ അത് ന്യായീകരിക്കയാണ്. നാളെ സവാദിനെപ്പോലെ മാരാര്‍, ബിഗ്‌ബോസിലിരുന്ന് പരസ്യമായി സ്വയംഭോഗം ചെയ്താലും, ആരാധകര്‍ ജയ് വിളിക്കും! ലാലേട്ടന്‍ ഒരു താക്കീതില്‍ പ്രശ്‌നം ഒതുക്കും. വിദേശ രാജ്യങ്ങളില്‍ നടക്കുന്ന, ഇതേ എന്‍ഡമോള്‍ ഷൈന്‍ ഗ്രൂപ്പിന്റെ തന്നെ, ബിഗ് ബ്രദര്‍പോലുള്ള റിയാലിറ്റി ഷോകളില്‍ ഇത്തരം പരാമര്‍ശനം നടത്തിയിരുന്നു.