പിണറായിക്ക് കാവലായി റിയാസ്
മഹാഭാരത്തിലെ കഥാപാത്രമായ പഞ്ചപാണ്ഡവരുടെ പത്നി പാഞ്ചാലി ,താൻ ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ അമ്മായിഅമ്മ കുന്തി അവർക്കു നൽകുന്ന ഉപദേശം മഹാഭാരത്തിലെ പ്രസിദ്ധമായ വരികളാണ്. ഭാഗ്യവന്തം പ്രസൂയേഥാ ; മാ ശൂരം മാച പണ്ഠിതം . നീ ഭാഗ്യവാനെ പ്രസവിക്കണം, അല്ലാതെ ശൂരനെയോ പണ്ഡിതനെയോ ആവരുത്. വീരശൂര പരാക്രമികളും പണ്ഡിതരുമായ പാണ്ഡവന്മാർ കാട്ടിലും മേട്ടിലും അലഞ്ഞു നടക്കുന്ന സന്ദർഭത്തിലായിരുന്നു കുന്തിയുടെ ഈ ഉപദേശം. ഭാഗ്യമാണോ യോഗ്യതയാണോ ഒരാളുടെ ജീവിത വിജയത്തിന് കാരണം എന്ന ചോദ്യത്തിന് പലപ്പോഴും ഭാഗ്യം എന്നാണ് ഉത്തരം കിട്ടുക. അറിഞ്ഞോ അറിയാതെയോ നമ്മുടെ ദിനചര്യകൾക്കിടയിൽ ഭാഗ്യം എന്ന വാക്ക് പലപ്പോഴും കയറിവരും. ഐഎഎസിൽ ഒന്നാം റാങ്ക് കിട്ടുന്നവരും രാഷ്ട്രീയത്തിൽ സ്ഥാനമാനങ്ങൾ ലഭിക്കുന്നവരുമെല്ലാം അർഹതയെയും യോഗ്യതയെയുംകാൾ ഭാഗ്യത്തെയാണ് നമിക്കുന്നത്.
ഇനി വിഷയത്തിലേക്കു വരാം. കേരള രാഷ്ട്രീയത്തിൽ ഏറ്റവും ഭാഗ്യവാനായ വ്യക്തി ആരാണ് ? പി എ മുഹമ്മദ് റിയാസ് എന്നല്ലാതെ മറ്റൊരാളെ പറയാൻ ഉണ്ടാകില്ല.. മുഖ്യമന്ത്രിയുടെ മകളെ കെട്ടി എന്നതായിരുന്നു റിയാസിന് ഭാഗ്യം വന്നവഴി. പിണറായി വിജയന്റെ മകൾ വീണയെ മുഹമ്മദ് റിയാസ് പ്രണയിച്ച് വിവാഹം കഴിച്ചതോടെ അദ്ദേഹത്തിന്റെ ഭാഗ്യ നക്ഷത്രം തെളിഞ്ഞു. അങ്ങനെ ഒന്ന് നടന്നില്ലായിരുന്നെങ്കിൽ കോഴിക്കോട് ജില്ലയിലെ ഉറച്ച നിയമസഭാ സീറ്റായ ബേപ്പൂർ മണ്ഡലം അദ്ദേഹത്തിന് മത്സരിക്കാൻ കിട്ടുമായിരുന്നോ ? കന്നി അങ്കത്തിൽ ജയിച്ചു നിയമസഭയിൽ എത്തിയ റിയാസിന് മന്ത്രി സ്ഥാനം ലഭിക്കുമായിരുന്നോ ? പൊതുമരാമത്തിനു പുറമെ ടൂറിസം പോലൊരു പ്രധാന വകുപ്പ് കൂടി അദ്ദേഹത്തിന് നൽകുമായിരുന്നോ ?
മുഹമ്മദ് റിയാസ് എസ്എഫ്ഐയിലൂടെ ഡി വൈ എഫ് ഐയിലും സിപിഎമ്മിലും എത്തിയ ആളാണ്. കോഴിക്കോട്ടെ പാർട്ടി പരിപാടികളിൽ സജീവ സാന്നിധ്യം. ഡി വൈ എഫ് ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് പദവി വരെയെത്തി അദ്ദേഹം. എന്നാൽ, റിയാസിനു മുൻപേ ഈ പദവിയിൽ എത്തിയവരും രണ്ടാം വട്ടം എംഎൽഎമാരായി ജയിച്ചു വന്നവരുമൊക്കെ ഉണ്ടായിരിക്കെ , അവരെയൊക്കെ മാറ്റി നിർത്തി റിയാസിന് മന്ത്രിയാകാൻ കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ ഭാഗ്യ നക്ഷത്രം തെളിഞ്ഞത് കൊണ്ട് മാത്രമാണ്. കോഴിക്കോട് കോർപറേഷൻ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞടുപ്പിലും മുൻപ് ഭാഗ്യം കൈവിട്ടു പോയ ആളാണദ്ദേഹം. ലോക്‌സഭയിൽ എം കെ രാഘവനെതിരെ 2011 ൽ മത്സരിച്ചപ്പോൾ നൂലിഴയ്ക്കാണ് ഭാഗ്യം നഷ്ടപ്പെട്ടത്. പിന്നീടത് കൈവന്നപ്പോഴോ, എല്ലാം കൂടി ഒരുമിച്ചു വന്നു. മന്ത്രി ആയെന്നതു മാത്രമല്ല, പാർട്ടിയിലും ഉയർന്ന പദവിയിലേക്ക് ഒരു പ്രൊമോഷൻ. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം. സിപിഎമ്മിന്റെ സംസ്ഥാനത്തെ ഏറ്റവും വലിയ നയരൂപീകരണ സമിതിയായ സെക്രെട്ടറിയറ്റിൽ റിയാസ് വന്നത് ഡബിൾ പ്രൊമോഷനോടെയാണോ അതോ ത്രിബിൾ പ്രൊമോഷനോടെയാണോ എന്ന സംശയം ബാക്കി.
ഇപ്പോഴും ഭാഗ്യ ദേവതയിൽ ചുറ്റിക്കറങ്ങി കാര്യത്തിലേക്കു നമ്മൾ കടന്നിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ അദ്ദേഹത്ത പ്രതിരോധിക്കാൻ മന്ത്രിമാർ മുൻപോട്ടു വരുന്നില്ലെന്ന ആക്ഷേപം അടുത്തിടെ റിയാസ് ഉയർത്തി. സംഗതി വാസ്തവമാണ്. കേരളം ഇന്ന് വരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത വിധമാണ് പിണറായി വിജയനെതിരെ ആരോപണങ്ങൾ ഉയരുന്നത്. ഒരു മുഖ്യമന്ത്രിയും ഇതുപോലെ ആരോപണ വിധേയനായിട്ടില്ല. സ്പ്രിംഗിളിൽ തുടങ്ങിയത് എ ഐ ക്യാമറയിൽ എത്തി നിൽക്കുന്നു . വിശ്വസ്തനായ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ശിവശങ്കരനു ജയിലിൽ നിന്നിറങ്ങാൻ നേരമില്ല. ഹോണറബിൾ ചീഫ് മിനിസ്റ്റർ എന്ന് സംബോധന ചെയ്തു സ്വപ്ന സുരേഷ് ഇടയ്ക്കിടെ അലോസരം ഉണ്ടാക്കുന്നു. തൊട്ടതിലെല്ലാം അഴിമതി ആരോപിക്കുകയാണ് പ്രതിപക്ഷം. കോവിഡ് കാലത്തും പ്രളയ കാലത്തും പ്രശംസകൾ ചൊരിഞ്ഞ മാധ്യമങ്ങൾ വിടാതെ പിടികൂടിയിരിക്കുന്നു.. സോഷ്യൽ മീഡിയയിൽ പാർട്ടിയുടെ സൈബർ കുങ്കികൾ ഇറക്കി വിടുന്ന ക്യാപ്സ്യൂളുകൾ മതിയാകാതെ വരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് ചുറ്റും പ്രതിരോധം തീർക്കേണ്ട മന്ത്രിമാർ മിണ്ടാതെയിരിക്കുന്നു എന്നാണ് മുഹമ്മദ് റിയാസിന്റെ പരിദേവനം.
അദ്ദേഹം പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. കോടിയേരി ബാലകൃഷ്ണൻ ഉണ്ടായിരുന്ന കാലത്തു ഏതൊരു ആരോപണത്തോടും ഉടൻ പ്രതികരിച്ചു മുഖ്യമന്ത്രിക്ക് കവചം തീർക്കുമായിരുന്നു. ഗോവിന്ദൻ മാഷ് സൈദ്ധാന്തികൻ ആയതു കൊണ്ടാകാം , അതിനൊന്നും മിനക്കെടാറില്ല. അന്തരിച്ച ജോസഫൈൻ പറഞ്ഞത് പോലെ അനുഭവിച്ചോ എന്ന് ഉള്ളിൽ പറയുന്നുണ്ടോ എന്ന സംശയം ഇല്ലാതില്ല. പാർട്ടിയുടെ മന്ത്രിമാരിൽ ആകെ ഒരു പി രാജീവ് മാത്രമാണ് വല്ലപ്പോഴെങ്കിലും മുഖ്യമന്ത്രിക്ക് വേണ്ടി വായ തുറക്കുന്നത്. വെറുതെ എന്തിനു പുലിവാല് പിടിക്കണം എന്ന ചിന്തയിലായിരിക്കാം മറ്റു മന്ത്രിമാർ. മിണ്ടാതിരിക്കുന്നത്. സി പി ഐയിലെ അടക്കം ഘടകകക്ഷി മന്ത്രിമാരും നിശ്ശബ്ദരാണ്. പിന്നെ ആകെയുള്ളത്, എന്തെങ്കിലും പറയുന്നത് ഒരേയൊരു ഒരു എ കെ ബാലൻ ആണ്. ഇത്തവണയും മന്ത്രിയാകാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും മാറ്റി നിർത്തേണ്ടി വന്നു. തോമസ് ഐസക്ക് തുടർച്ചയായി ഫേസ്‌ബുക്കിൽ കുറിപ്പിടുന്ന ആളാണെങ്കിലും അതിലൊക്കെയും വലിയ വലിയ കാര്യങ്ങളാണ്. ചുരുക്കിപ്പറഞ്ഞാൽ മന്ത്രിസഭയിൽ പിണറായിയെ പ്രതിരോധിക്കാൻ ആകെ മരുമകൻ റിയാസ് മാത്രമേ ഉള്ളൂ എന്ന സത്യമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. അതിൽ റിയാസ് കുണ്ഠിതപ്പെടേണ്ട കാര്യമില്ല. റിയാസിന്റെ കടമയും കർത്തവ്യവും ആണത്. . അത് ചെയ്‌തില്ലെങ്കിൽ ഭാഗ്യ ദേവത കോപിക്കില്ലേ ? ഇതിന്റെ പേരിൽ റിയാസ് ആരോടും പരിഭവിക്കേണ്ട കാര്യവുമില്ല.
ReplyForward |