We Talk

മാര്‍ക്‌സും ഏംഗല്‍സും പിന്നെ ഞാനും

ഡോ . മുഹമ്മദ് അഷ്‌റഫ്

ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മാര്‍ക്‌സിനെ കാണാന്‍ ഞാന്‍ വീണ്ടും പോകുന്നത്. പഠന ഗവേഷണ കാലങ്ങളില്‍ ഒരുപാട് തവണ ട്രിയര്‍ എന്ന മനോഹരമായ കൊച്ചു നഗരവും ബ്രുക്കന്‍ സ്ട്രാസ്സേ പത്തിലെ മാര്‍ക്‌സ് ഹൗസും പോയി കണ്ടിട്ടുണ്ട് . ചില കുറിപ്പുകള്‍ എഴുതുകയും ചെയ്തിരുന്നു അക്കാലത്ത്….,പിന്നെ എന്തുകൊണ്ടോ ആ വഴി മറന്നു പോയി.
അതിനിടയില്‍ നിനച്ചിരിക്കാതെ പിടി കൂടിയ രോഗവും ചികിത്സയും യാത്രാ വിലക്കുകളും ഒക്കെയായപ്പോള്‍ എല്ലാ ചലനങ്ങളും നിയന്ത്രിക്കപ്പെട്ടിരുന്നു . യാത്രാ വിലക്ക് പൂര്‍ണമായി മാറിയ അറിയിപ്പ് കിട്ടിയിട്ട് ദിവസങ്ങളെ ആയുള്ളൂ . അപ്പോള്‍ ഒന്നുകൂടി പോകണമെന്ന് ആദ്യം ആഗ്രഹം തോന്നിയത് ട്രിയറിലേക്ക് തന്നെയായിരുന്നു .

അങ്ങനെ പ്ലാന്‍ ചെയ്യാന്‍ വേറൊരു കാരണം കൂടി ഉണ്ടായി .അന്തരിച്ച എന്റെ പ്രിയ കൂട്ടുകാരന്‍ യോഹാനീസ് മറിയാ ഹോഫ്മാന്റെ മകന്‍ ജൂനിയര്‍ മറിയക്ക് ഇപ്പോള്‍ കോബ്‌ളന്‍സില്‍ മലമുകളില്‍ ഒരു ചെറിയ മുന്തിരി തോട്ടവും വീടുമുണ്ട്.
ഇപ്പോള്‍ നല്ല ചൂടുള്ള പകലുകള്‍ ആയതു കൊണ്ട് അവിടുത്തെ താമസം ആസ്വാദ്യകരമായിരിക്കും .അച്ഛന്‍ മരിച്ച ശേഷം ഞാന്‍ അവനെ കണ്ടിട്ടില്ല .കുറെ കാലമായി വിളി തുടങ്ങിയിട്ട് . ഇത്തവണ അവനെ കാണലും മാര്‍ക്‌സിന്റെ പൂര്‍വകാലത്തു ഒപ്പം ചേരാലും ഒന്നിച്ചാക്കിഒന്നര ദിവസത്തെ യാത്ര പ്ലാന്‍ ചെയ്തു .ഒപ്പം ചെറിയ ഒരു മോഹവും..,സാധിക്കുമെങ്കില്‍ ആ മഹനീയ കാലഘട്ടം എന്റെ കളി എഴുത്തു രീതിയില്‍ ലളിതമായി എഴുതി ഫലിപ്പിക്കണം ??

കോബ്‌ളന്‍സില്‍ വണ്ടിയിറങ്ങിയപ്പോള്‍ , കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം മാറിപ്പോയ ജൂനിയര്‍ മറിയ വലിയ ടാങ്കു പോലൊരു വാഹനവും ആയി കാത്തു നില്‍പ്പുണ്ടായിരുന്നു . സമയം വൈകാതെ ആദ്യം മാര്‍ക്‌സിനെ കാണാന്‍ ട്രിയയിലേക്ക് തന്നെ വാഹനം തിരിച്ചു വിട്ടു..ബ്രുക്കന്‍ സ്ട്രാസ്സേ പത്തിലെ മാര്‍ക്‌സ് ഹൗസിലെ മൂന്നു നിലകളും പുറകിലെ ഉദ്യാനവും നടന്നു കണ്ടപ്പോള്‍ തന്നെ മൂന്നു മണിക്കൂര്‍ കടന്നുപോയി. .അവിടെ എഴുതി വെച്ചിരിക്കുന്നത് വായിക്കുന്നതിലും എത്രയോ മടങ്ങു അറിയാന്‍ കഴിയുക തദ്ദേശീയനായ ഒരു സുഹൃത്തില്‍ നിന്നു കേട്ടറിയുന്ന കാര്യങ്ങളാണ് .ശരിക്കും മാര്‍ക്‌സിസ്റ്റ് ആയിരുന്ന മറിയയുടെ മകന്‍ അച്ഛനെ വെല്ലുന്ന അറിവുള്ളവനാണ് . ഓരോ ചെറു കാര്യങ്ങളും അവന്‍ പറഞ്ഞു തന്നപ്പോഴാണ് ഞാന്‍ കാലത്തോടൊപ്പം സഞ്ചരിക്കുകയാണെന്ന് ബോധ്യമായത് .

പന്തു കളി ആരാധകനായ അവനുകൊടുക്കാന്‍ മാന്ത്രിക ബൂട്ടിന്റെ ഒരു കോപ്പി ഞാന്‍ കരുതിയിരുന്നു . അത് വാങ്ങി അവന്‍ കണ്ണിറുക്കി ഒന്ന് ചിരിച്ചു .അതിന്റെ പൊരുള്‍ എന്തെന്ന് പിന്നീടാണ് എനിക്ക് പിടി കിട്ടിയത് . മഹാനായ ആ മനുഷ്യ സ്‌നേഹി, ലോകത്തെ ചിരിക്കാനും ചിന്തിപ്പിക്കാനും പഠിപ്പിച്ച ആ വലിയ മനുഷ്യന്‍ എഴുതാനും വായിക്കാനും ഉപയോഗിച്ചിരുന്ന ” കസേര’ ക്കു അടുത്തു കൂട്ടിക്കൊണ്ടുപോയി ജൂനിയര്‍ മറിയ പുസ്തകം തുറന്നു എന്നെ ഏല്‍പ്പിച്ചു വായിച്ചോ എന്നൊരു നിര്‍ദേശം നല്‍കി.
പിന്നെ അവന്റെ മൊബൈല്‍ മിന്നി മറഞ്ഞു . നിരവധി ചിത്രങ്ങള്‍ …ചരിത്രം തിരുത്തിക്കുറിച്ച വരികള്‍ എഴുതിയ ഇടത്തു നിന്നു എന്റെ ഒരു പുസ്തകം വായിക്കാന്‍ കഴിയുന്നത് പോലൊരു സൗഭാഗ്യം മറ്റെന്തുണ്ട് ?


അങ്ങനെ ആ ആഗ്രഹം സഫലമായി .മാന്ത്രിക ബൂട്ടുകള്‍ ആ കസേരയുടെ പുറകില്‍ നിന്ന് വായിച്ചു കൊണ്ട്…! ഒരു എക്‌സ്‌പേര്‍ട്ടു ഗൈഡിനെ പോലെ മാര്‍ക്‌സ് , ഏംഗല്‍സിനെ കണ്ടു മുട്ടിയതും കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോയുടെ പിറവിയെക്കുറിച്ചും ഒക്കെ പറഞ്ഞു തന്നു ജൂനിയര്‍ മറിയ എന്നെ വിസ്മയിപ്പിച്ചു. സന്ധ്യയാകും മുന്‍പ് മലമുകളിലെ മനോഹരമായ അവന്റെ കൊച്ചു കൊട്ടാരത്തിലേക്കു പോയി. മറിയയുടെ ഓര്‍മ്മകള്‍ ഒരു പാട് പങ്കിടുവാന്‍ ഉണ്ടായിരുന്നു . ജീവിതം സിഗരറ്റിനും ‘ കറുത്ത ബിയറിനും ‘ വേണ്ടി മാത്രം മാറ്റിവെച്ച , അന്‍പതാം പിറന്നാളില്‍ എല്ലാവരെയും കരയിപ്പിച്ചു കടന്നു പോയ ആ നല്ല കൂട്ടുകാരനെ ഓര്‍ത്തു ആ രാവ് അവിടെ അവസാനിച്ചു.
മറിയയെക്കുറിച്ച് , യോഹാനീസ് മറിയാ ഹോഫ് മാന്‍ എന്ന പൂക്കളെയും പൂമ്പാറ്റകളെയും സ്‌നേഹിച്ചിരുന്ന , ആ ചെറുപ്പക്കാരനെക്കുറിച്ചു അക്കാലത്തു ഞാന്‍ ഒരുപാടു എഴുതിയിരുന്നു . എന്നാല്‍ പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയാത്ത കര്യം മറിയയുടെ മകന്‍ ഒരു തുള്ളി കുടിക്കില്ല എന്നതാണ്. സ്വന്തമായി മുന്തിരി തോട്ടവും ‘ വൈന്‍ കാച്ചലും’ ഉണ്ടായിട്ടും…!
രാവിലെ വീണ്ടും ട്രിയയിലേക്കാണ് പോയത്. എന്നെ ഫ്രാങ്ക്ഫര്‍ട്ടില്‍ കൊണ്ട് വിടുന്നതിനു മുന്‍പ് ഞാന്‍ മുന്‍പ് ട്രിയയില്‍ കണ്ടിട്ടില്ലാത്ത ഒരു അപൂര്‍വ കാഴ്ച. കൂടി കാണിച്ചു തന്നിട്ടാകാം മടക്കം എന്നവന്‍ തീരുമാനിച്ചു . മാര്‍ക്‌സിനുള്ള ജനകീയ ചൈനയുടെ ഉപഹാരം ആണു ഞാന്‍ ട്രിയര്‍ കാണുന്ന കാലത്തിനു ശേഷം നിര്‍മ്മിച്ച മാര്‍ക്‌സ് പ്രതിമ ..,2018 ല്‍ ആണ് ചൈനയിലെ വിഖ്യാത ശില്പി വു വെയ്ഷാന്‍ രണ്ട് വര്‍ഷത്തെ അദ്ദേഹത്തിന്റെ സൃഷ്ടിപരമായ എല്ലാ കഴിവുകളും ഉപയോഗിച്ച് ഇതു നിര്‍മ്മിച്ചത്..,..,
മനോഹരമായ ഈ പ്രതിമ സ്ഥിതി ചെയ്യുന്നത് മാര്‍ക്‌സ് പിറന്ന ട്രിയര്‍ നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട മേഖലയിലെ സിമിയോണ്‍സ്റ്റിഫ്റ്റ്പ്ലാറ്റ്‌സില്‍ ആണ്. 2018 മെയ് 5 ന്, കാള്‍ മാര്‍ക്‌സിന്റെ 200ാം ജന്മദിനം പ്രമാണിച്ച്, അവരുടെ നഗരത്തിന്റെ ഏറ്റവും പ്രശസ്തനായ പുത്രന്റെ ഓര്‍മ്മ നില നിര്‍ത്തുവാനായിട്ടാണ് ഇതു ഇവിടെ അനാച്ഛാദനം ചെയ്തത്..,
അഞ്ച് മീറ്റര്‍ അമ്പത് സെന്റ്‌റീ മീറ്ററാണ് പ്രതിമയുടെ ഉയരം .അത് തന്നെയാണ് അതിന്റെ സവിശേഷതയും
05/05 മാര്‍ക്‌സിന്റെ ജന്മദിനമാണ് .മെയ് അഞ്ച്. ????..കാള്‍ മാര്‍ക്‌സിന്റെ യാത്രാ വേളകളിലെ വേഷമായ ഫ്രോക്ക് കോട്ടും ഇടതുകൈയ്ക്ക് താഴെ ഒരു പുസ്തകവുമായി മുന്നോട്ട് നടക്കുന്നതായ രൂപമാണ് വു വെയ്ഷാന്‍ രൂപ കല്പന ചെയ്തിരിക്കുന്നത് !?

Leave a Reply

Your email address will not be published. Required fields are marked *