We Talk

അന്താരാഷ്ട്ര മെഡിക്കല്‍ സമ്മേളനം ശനിയാഴ്ച മര്‍കസ്നോളജ് സിറ്റിയില്‍

കോഴിക്കോട് : അന്താരാഷ്ട്ര മെഡിക്കല്‍ സമ്മേളനം നാളെ (ശനി) മര്‍കസ് നോളജ് സിറ്റിയില്‍ വെച്ച് നടക്കും. മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ സാമൂഹിക അവബോധം വളര്‍ത്തിയെടുക്കുക, സമൂഹത്തില്‍ ആരോഗ്യബോധവത്കരണം നടപ്പാക്കുക എന്നീ ലക്ഷ്യങ്ങളുമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ്, ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ്, മെഡിസിന്‍ ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം നടക്കുന്നത്.

മര്‍കസ് യുനാനി മെഡിക്കല്‍ കോളജ്, ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ്, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ്, മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ്, തുടങ്ങി രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നായി ആയിരത്തോളം മെഡിക്കൽ വിദ്യാര്‍ഥികളും ഡോക്ടർമാരും സമ്മേളനത്തിൽ പ്രതിനിധികളാകും. രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ നടക്കുന്ന സമ്മേളനത്തില്‍ ഓസ്‌ട്രേലിയ, യു കെ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ വ്യത്യസ്ത വിഷയങ്ങളില്‍ പ്രബന്ധമവതരിപ്പിക്കും.

മെഡിസിന്‍ ഇന്ത്യ സ്ഥാപകന്‍ ഡോ. ശുജ പുനേക്കറിന്റെ അധ്യക്ഷതയില്‍ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ഡീന്‍ ഡോ. ഗോപകുമാരന്‍ ഉദ്ഘാടനം ചെയ്യും. മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. സെക്കാബ് പ്രതിനിധി എ എസ് പാട്ടീല്‍, ആസ്റ്റർ ചെയർമാൻ ഡോ. ആസാദ് മൂപ്പന്‍, മൂപ്പൻ മെഡിക്കൽ കോളേജിലെ ഡോ. അനീശ് ബശീര്‍, നോളേജ് സിറ്റിയിൽ നിന്നും ഡോ. പി വി ശംസുദ്ദീന്‍, ഡോ. ശൈഖ് ശാഹുല്‍ ഹമീദ്, ഡോ. അമീര്‍ ഹസന്‍, ഡോ. ഒ കെ എം അബ്ദുര്‍റഹ്‌മാന്‍ സംസാരിക്കും.

കാന്‍സര്‍ പരിചരണം, ഭക്ഷ്യ സുരക്ഷ, പോഷകാഹാരം, പകര്‍ച്ച വ്യാധി പ്രതിരോധത്തിലെ യുനാനിയുടെ സമീപനം, പാലിയേറ്റീവ് കെയര്‍; മര്‍കസിന്റെ സമീപനം, ആരോഗ്യ രംഗത്തെ നിലവാരം മെച്ചപ്പെടുത്തല്‍, മെഡിക്കൽ എത്തിക്സ് തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും.
യുണിവേഴ്‌സിറ്റി ഓഫ് ലങ്കാഷെയര്‍, മഞ്ചേരി മെഡിക്കല്‍ കോളജ്, സികാബ്, ധുലെ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രോജക്ട് അവതരണവും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *