We Talk

ഗെയിം കളിക്കാന്‍ ടാബ് നല്‍കി ഒരു സര്‍പ്രൈസ് തരാമെന്ന് പറഞ്ഞ് മകളെ വെട്ടി;ലക്ഷ്യമിട്ടത് മൂന്നുപേരെ; മഹേഷ് ഒരു സൈക്കോ ക്രിമിനല്‍!

ആറു വയസുകാരി നക്ഷത്രക്ക് ഗെയിം കളിക്കാന്‍ ടാബ് നല്‍കി സോഫയിലിരുത്തിയ ശേഷം ഒരു സര്‍പ്രൈസ് തരാമെന്ന് പറഞ്ഞാണ് പിതാവ് ശ്രീമഹേഷ് കൊല നടത്തിയത്. കുട്ടി ടാബില്‍ കളിക്കുന്നതിനിടെ ഇയാള്‍ കഴുത്തിന് പുറകില്‍ വെട്ടുകയായിരുന്നു. മൂന്നുപേരെ കൊല്ലാന്‍ ലക്ഷ്യമിട്ടിരുന്നുവെന്നും പൊലീസ് പറയുന്നു.

ആലപ്പുഴ:  സ്കൂൾ തുറന്നതേയുള്ളൂ. ഒരുപാട് സ്വപ്‌നങ്ങൾ ബാക്കിയാക്കിയാണ് ഒന്നാം ക്ലാസുകാരി നക്ഷത്രമോൾ പോയത്. കണ്ണുനനയാതെ മനസുപിടയാതെ ഈ വാർത്ത നമുക്ക് കാണാൻ കഴിയില്ല. ദേഷ്യവും നിരാശയുമെല്ലാം മഹേഷ് തീർത്തത് ആറുവയസ്സുകാരിയായ മകൾ നക്ഷത്രയോട്.  മാവേലിക്കര പുന്നമ്മൂട്ടിലാണ് നാടിനെ നടുക്കുന്ന സംഭവം നടന്നത്. ആറുവയസ്സുള്ള മകളെ സ്വന്തം പിതാവ് ഗെയിം കളിക്കാന്‍ ടാബ് നല്‍കി  സര്‍പ്രൈസ് തരാമെന്ന് പറഞ്ഞ് വെട്ടിക്കൊല്ലുക. ഒച്ച കേട്ടു വന്ന സ്വന്തം അമ്മയെയും വെട്ടുക. മാവേലിക്കര പുന്നമൂട്ടിൽ നക്ഷത്ര എന്ന പിഞ്ചു ബാലികയെ പിതാവ്  ശ്രീമഹേഷ്  കൊലപ്പെടുത്തിയതിന്റെ നടുക്കം ഇനിയും വിട്ടു മാറിയിട്ടില്ല. മദ്യത്തിന്റെയും രാസലഹരിയുടെയും അടിമയായിരുന്നു ഇയാൾ. മുൻപ് വിദേശത്തായിരുന്ന ശ്രീമഹേഷിന് അവിടെനിന്നാണ് ലഹരി ഉപയോഗിക്കുന്ന ശീലം കിട്ടിയത് എന്നാണ് അറിയുന്നത്.  ജയിലില്‍  ആത്മഹത്യയ്ക്ക് ശ്രമിച്ച ശ്രീമഹേഷിന്റെ നില ഗുരുതരമായി തുടരുകയാണ്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ അയാൾ ചികിത്സയിലാണ്. തെളിവെടുപ്പിന് ശേഷം ജയിലിൽ എത്തിച്ച ശ്രീമഹേഷിനെ ജയിൽ അധികൃതർ വാറണ്ട് റൂമിൽ എത്തിച്ചപ്പോഴാണ് സംഭവം. റിമാൻഡ് രേഖകൾ ജയിൽ രജിസ്റ്ററിൽ രേഖപെടുത്തുന്നതിനിടെ മേശപുറത്ത് ഉണ്ടായിരുന്ന പേപ്പർ കട്ടർ ഉപയോഗിച്ച് കഴുത്തിലും കയ്യിലും സ്വയം മുറിവേൽപ്പിക്കുകയായിരുന്നു. കഴുത്തിലെ മുറിവ് ആഴമുള്ളതാണ്.
ഇയാള്‍ ഒരു സൈക്കോ ക്രിമിനല്‍ ആണെന്നാണ് പൊലീസ് പറയുന്നത്.
  മൂന്നുപേരെയാണ് മഹേഷ് കൊല്ലാന്‍ പദ്ധതിയിട്ടത്. മകള്‍ നക്ഷത്ര, സ്വന്തം അമ്മ സുനന്ദ, രണ്ടാം വിവാഹം ആലോചിച്ച പൊലീസ് ഉദ്യോഗസ്ഥ.  നക്ഷത്രയുടേത് ആസൂത്രിത കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്.. എന്നാല്‍ എന്താണ് കാരണമെന്ന് അയാൾ പൊലീസിനോട്  പറഞ്ഞിട്ടില്ല. മൂന്നുപേരെയും കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പരിപാടി.

പ്രകോപനം രണ്ടാം വിവാഹം മുടങ്ങിയത്

ശ്രീമഹേഷിന്റെ രണ്ടാം വിവാഹം മുടങ്ങിയതാണ് മകളുടെ കൊലയിൽ കലാശിച്ച പ്രകോപനം എന്നാണ് കരുതുന്നത്. സാമാന്യം നല്ല വിദ്യാഭ്യാസമുള്ള മഹേഷിന് വിദേശത്തു കൊള്ളാവുന്ന ജോലിയായിരുന്നു. അച്ഛന്‍ ശ്രീമുകുന്ദന്‍ എന്ന മുന്‍ സൈനികന്‍  തീവണ്ടിതട്ടി മരിച്ച ശേഷമാണു നാട്ടിലെത്തിയത്.  നക്ഷത്രയുടെ അമ്മ വിദ്യ മൂന്നുവര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തു . അതും മഹേഷിന്റെ പീഡനം സഹിക്ക വയ്യാതെ ആയിരുന്നു. .  ഈ സംഭവത്തിൽ കൃത്യമായ അന്വേഷണം നടന്നില്ല.  നടന്നിരുന്നുവെങ്കിൽ ഒരു പക്ഷെ നക്ഷത്രയുടെ കൊല ഒഴിവാക്കാമായിരുന്നു

ഈയിടെ മഹേഷിന്റെ രണ്ടാം വിവാഹം വനിതാ പൊലീസ് കോൺസ്റ്റബിളുമായി ഉറപ്പിച്ചതാണ്. . എന്നാല്‍ വിവാഹത്തില്‍ നിന്നു പെൺവീട്ടുകാർ പിന്നീട് പിന്മാറി.  മഹേഷിന്റെ സ്വഭാവദൂഷ്യത്തെ കുറിച്ച് അറിഞ്ഞതായിരുന്നു കാരണം.  വിവാഹത്തില്‍ നിന്ന് പിന്‍മാറിയിട്ടും ശല്യം തുടര്‍ന്നതോടെ  പെൺവീട്ടുകാർ പരാതി നല്‍കുകയും, മഹേഷിനെതിരേ പൊലീസ് കേസെടുക്കുകയും ചെയ്തു.
കൊലപാതകം നടത്തുന്നതിന് ഓണ്‍ലൈനില്‍ മഴു വാങ്ങാന്‍ പ്രതി ശ്രമിച്ചിരുന്നു. ഓണ്‍ലൈനില്‍  ഓര്‍ഡര്‍ ചെയ്തെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് മഴു മാവേലിക്കരയില്‍ നിന്നു പണികഴിപ്പിച്ചെടുക്കുകയായിരുന്നു. മരം മുറിക്കാനാണെന്നാണ് ഇയാള്‍  പറഞ്ഞത്.
അതുകൊണ്ടാണ്  മകളെ വെട്ടി  കൊലപ്പെടുത്തിയത്. ഇന്നലെ ഉച്ചയോടെ പ്രതിയുമായി സംഭവം നടന്ന വീട്ടിൽ പോലീസ് തെളിവെടുപ്പ് നടത്തി. വീട്ടിലെ കട്ടിലിന് അടിയില്‍ നിന്നാണ് മകളെ കൊല്ലാൻ ഉപയോഗിച്ച മഴു പോലീസ് കണ്ടെടുത്തത് . പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നതറിഞ്ഞ് കാത്തുനിന്ന നാട്ടുകാർ രൂക്ഷമായി പ്രതിഷേധിച്ചു. സ്ഥലത്തെ പ്രതിഷേധം മൂലം ഗേറ്റ് അടച്ചാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്.   തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ ജയിലിൽ എത്തിച്ചപ്പോഴാണ് ആത്മഹത്യാ ശ്രമം നടന്നത്. ശ്രീമഹേഷിന്റെ അമിത ലഹരി ഉപയോഗം നാല് വർഷം കൊണ്ട് ഒരു കുടുംബം ഇല്ലാതാക്കി എന്നാണ് നാട്ടുകാർ പറയുന്നത്. ബുധനാഴ്ച രാത്രി ഏഴരയോടെയാണു നക്ഷത്ര കൊല്ലപ്പെട്ടത്.
നക്ഷത്രയുടെ നിലവിളി കേട്ട് തൊട്ടടുത്ത വീട്ടില്‍ നിന്ന് മഹേഷിന്റെ അമ്മ സുനന്ദ ഓടിയെത്തിയപ്പോള്‍ കണ്ടത് വെട്ടേറ്റ് സോഫയില്‍ കിടക്കുന്ന കുഞ്ഞിനെ ആണ്. ബഹളം വച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെയും അയാള്‍ ആക്രമിച്ചു.അവർക്കും വെട്ടേറ്റു. മഴു കാട്ടി സമീപവാസികളെയും ഭീഷണിപ്പെടുത്തി. രോഷാകുലരായ ജനങ്ങളോട് “ഞാൻ എന്റെ കുഞ്ഞിനെ കൊന്നു അതിന് നിങ്ങൾക്കെന്താ” എന്നാണ് ശ്രീ മഹേഷ്‌ പ്രതികരിച്ചത്. തുടർന്ന് പോലീസ് എത്തിയാണ് പ്രതിയെ കീഴടക്കിയത്. സംഭവദിവസം  നക്ഷത്രയുമായി ബീച്ചിൽ പോയ ശ്രീ മഹേഷ്‌ മരിച്ചു പോയ ഭാര്യ വിദ്യയുടെ വീട്ടിലേക്ക് അവിടെ നിന്നും ഫോൺ വിളിച്ചിരുന്നു. നക്ഷത്രയുമായി സംസാരിച്ചപ്പോൾ അടുത്ത ദിവസം പത്തിയൂരിലെ വീട്ടിലേക് വരാമെന്ന് പറഞ്ഞാണ് ഫോൺ വെച്ചതെന്ന് വിദ്യയുടെ മാതാപിതാക്കൾ പറയുന്നു.
തന്റെ സുഖജീവിതത്തിനു മകൾ തടസ്സമാകുമെന്ന ചിന്തയിലാണു ശ്രീമഹേഷ് നക്ഷത്രയെ കൊലപ്പെടുത്തിയതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. മാതാവ് സുനന്ദയോടും ശ്രീമഹേഷിനു വിരോധമുണ്ടായിരുന്നെന്നു പ്രഥമ വിവര റിപ്പോർട്ടിലുണ്ട്. ഭാര്യ വിദ്യ മരിച്ചതിനു ശേഷം മകൾ നക്ഷത്രയ്ക്കൊപ്പം പുന്നമ്മൂട് ആനക്കൂട്ടിൽ വീട്ടിലായിരുന്നു ശ്രീമഹേഷ് താമസിച്ചിരുന്നത്. ആദ്യം ഇരുവർക്കും ഒപ്പം താമസിച്ചിരുന്ന ശ്രീമഹേഷിന്റെ അമ്മ സുനന്ദ ഏതാനും നാളുകളായി സമീപത്തു തന്നെ മറ്റൊരു മകളുടെ വീട്ടിലായിരുന്നു താമസം. ദിവസവും വൈകിട്ടു മകളുമായി സ്കൂട്ടറിലോ കാറിലോ ശ്രീമഹേഷ് സവാരിക്കിറങ്ങുമായിരുന്നു. മകളുമായി ശ്രീമഹേഷിന് ഏറെ അടുപ്പമായിരുന്നെന്നു തോന്നിപ്പിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രീമഹേഷ് തന്നെ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.
വീട്ടുമുറ്റത്ത് കളിച്ചു നടക്കേണ്ട പൊന്നോമനയാണ് സ്വന്തം പിതാവിന്റെ ക്രൂരതയ്ക്ക് ഇരയായത്.   വീടിന്റെ സിറ്റൗട്ടില്‍ ഉറങ്ങി കിടക്കുന്നത് പോലെ നക്ഷത്രയുടെ മൃതദ്ദേഹം കിടക്കുന്ന ദൃശ്യം ഹൃദയ ഭേദകമായിരുന്നു.
അമ്മയില്ലാത്ത കുഞ്ഞുമായി എപ്പോഴും നടന്നിരുന്നയാളാണ് മഹേഷ്. അമ്മ വിദ്യയുടെ മാതാപിതാക്കളെ കാണാന്‍ പോകണമെന്ന് പറഞ്ഞു നക്ഷത്ര ശാഠ്യംപിടിച്ചതാണ് കൊലയ്ക്ക് കാരണമായതായി കരുതുന്നത്. മുള്ളിക്കുളങ്ങര ഗവ. എല്‍.പി.എസ്. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിരുന്നു നക്ഷത്ര.

Leave a Reply

Your email address will not be published. Required fields are marked *