നിങ്ങള്‍ക്ക് പരിഗണന, പ്രിവിലേജ് ; അവര്‍ക്കു ജയിലും നാടുവിടലും
മുന്‍ എസ് എഫ് ഐ നേതാവ് കെ വിദ്യയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണ വിദ്യയെക്കുറിച്ചു ആദ്യം പ്രതികരിച്ച സിപിഎം നേതാവ് കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ മുന്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതിയാണ് . ‘ എങ്കിലും എന്റെ വിദ്യേ ‘എന്നൊരു ആശ്ചര്യ പ്രകടനമാണ് ഫേസ്ബുക്കില്‍ അവര്‍ നടത്തിയത്. മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ള ഒരു വിദ്യാര്‍ത്ഥിനി ഇങ്ങനെയൊക്കെ ചെയ്യുമോ എന്ന അമ്പരപ്പായിരുന്നു തന്റേതെന്ന് ശ്രീമതി ടീച്ചര്‍ പിന്നീട് വിശദീകരിക്കുകയും ചെയ്തു. വിദ്യക്കെതിരെ നിയമ നടപടി എടുക്കുന്നതില്‍ പോലീസ് ഇപ്പോഴും അറച്ചു നില്‍ക്കുന്ന സാഹചര്യമാണ് . കേസ് രജിസ്റ്റര്‍ ചെയ്തു ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും സംസ്ഥാനത്തു മുന്‍പുണ്ടായിട്ടുള്ള സമാന സംഭവങ്ങള്‍ പരിശോധിച്ചാല്‍ വ്യാജരേഖാ കേസുകളെല്ലാം തേഞ്ഞു മാഞ്ഞു പോകുകയാണ് ചെയ്യാറ് . തല്‍ക്കാലം ഉണ്ടാകുന്ന അപമാനമാണ് ഇതിന്റെ ശിക്ഷ. മുന്‍കാലങ്ങളെ അപേക്ഷിച്ചു സോഷ്യല്‍ മീഡിയ സജീവം ആയതിനാല്‍ അപമാനത്തിനും അപകീര്‍ത്തിക്കും ആഴം കൂടുമെന്നു മാത്രം.
മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജന്റെ മകന്‍ ജെയിന്‍ രാജ് വിദ്യയുടെ തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട ചെറിയ കുറിപ്പ് വലിയൊരു രാഷ്ട്രീയ ചര്‍ച്ചക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. . ഗള്‍ഫില്‍ ജോലി ചെയ്തു ജീവിക്കുന്ന ജെയിന്‍ രാജ് ഫേസ്ബുക്കില്‍ ഏതാനും വരികളേ എഴുതിയിട്ടുള്ളൂ.. അതു പക്ഷേ , സിപിഎമ്മിന്റെ ഉത്തരവാദപ്പെട്ട നേതാക്കളുടെ ചങ്കില്‍ തുളച്ചു കയറുന്നതാണ്. പാര്‍ട്ടിക്ക് വേണ്ടി തല്ലുകയും കൊല്ലുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന പതിനായിരക്കണക്കിന് യുവാക്കളില്‍ ആത്മരോഷം ഉണര്‍ത്തുന്നതാണ്.
ജെയിന്‍ രാജിന്റെ കുറിപ്പ് ഇങ്ങനെയാണ്. …’ നിങ്ങള്‍ ഈ സംവിധാനം ഉപയോഗിച്ച് , ബന്ധങ്ങള്‍ ഉപയോഗിച്ച് , അനര്‍ഹമായ തൊഴില്‍, മറ്റു പ്രിവിലേജുകള്‍ സംഘടിപ്പിച്ചെടുക്കുമ്പോള്‍ യൗവ്വനത്തിന്റെ നല്ല കാലത്തു പൊതുബോധത്തിന്റെ മുന്നില്‍ രാഷ്ട്രീയം കളിച്ചു , കേസില്‍ പ്രതിയായവര്‍ , ജയിലില്‍ കിടന്നവര്‍ , സ്വന്തം കരിയറില്‍ ഒന്നും നേടാന്‍ കഴിയാതെ പോയ ഒരുപാട് മനുഷ്യര്‍ ഉണ്ട്.
ഗതികെട്ട് നാട് വിടേണ്ടി വന്നവര്‍, ഒരു പരാതിയും പറയാതെ ഇപ്പോഴും ഗ്രൗണ്ടില്‍ പണിയെടുക്കുന്നവര്‍ …..
നിങ്ങള്‍ക്ക് പരിഗണനയും മറ്റു പ്രിവിലേജുകളും ലഭിക്കുമ്പോള്‍ അവര്‍ക്കു ആകെ ഉള്ളത് ‘ഇടത് ‘ എന്ന പ്രിവിലേജ് മാത്രമാണ്. ജീവിതവും രാഷ്ട്രീയവും രണ്ട് ആകാത്തവര്‍ ‘
സ്വയം സംസാരിക്കുന്ന കുറിപ്പാണു ജെയിന്‍ രാജിന്റേത്. അതിലുള്ള ,ഗതികെട്ട് നാട് വിടേണ്ടി വന്നവര്‍ എന്ന പ്രയോഗം തന്നെക്കുറിച്ചു തന്നെ അയാള്‍ എഴുതിയതാകാനേ വഴിയുള്ളൂ. . സിപിഎമ്മിന്റെ ഉറച്ച കേഡര്‍ ആയിരുന്ന ജെയിന്‍ രാജ് , പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും ഇ പി ജയരാജന്റെയും എ കെ ബാലന്റെയുമൊക്കെ മക്കള്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനും യൂറോപ്പില്‍ ഉന്നത വിദ്യാഭ്യാസത്തിനും ഗള്‍ഫില്‍ ബിസിനസ് നടത്തി ലക്ഷങ്ങളും കോടികളും സമ്പാദിക്കാനും പോയപ്പോള്‍ ചുവന്ന കൊടി തലയ്ക്കു മുകളില്‍ പിടിച്ചു സമരങ്ങളില്‍ പങ്കെടുത്തു പാര്‍ട്ടിക്ക് വേണ്ടി ജീവിക്കുകയായിരുന്നു. കണ്ണൂരിലെ സഖാക്കള്‍ ഇപ്പോഴും അങ്ങനെയാണ്. അവരുടെ ചോരയുടെയും വിയര്‍പ്പിന്റെയും വിലയാണ് വളരെക്കുറച്ചു പേര്‍ക്കുള്ള പ്രിവിലേജ് ആയി മാറുന്നത്. അതിനോടുള്ള അമര്‍ഷമാണ് ജെയിന്‍ രാജ് പ്രകടിപ്പിക്കുന്നത്. കണ്ണൂരിലെ സഖാക്കള്‍ ഈ കുറിപ്പിന് മേല്‍ അഭിപ്രായ പ്രകടനങ്ങളൊന്നും നടത്താതെ നിശബ്ദ കമന്റുകള്‍ രേഖപ്പെടുത്തുന്നതും അവര്‍ക്കുള്ളില്‍ തിളച്ചു മറിയുന്ന പ്രതിഷേധത്തിന്റെ സൂചനയാണ്.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താതെ പി ജയരാജനെ പാര്‍ട്ടി അവഗണിച്ചപ്പോള്‍ ജെയിന്‍ രാജ് പിതാവിന്റെ ചിത്രം പങ്കുവെച്ചു ‘ ആരൊക്കെ തള്ളിപ്പറഞ്ഞാലും എന്നും എപ്പോഴും ഇടനെഞ്ചില്‍ തന്നെ ‘ എന്ന പോസ്റ്റ് ഫേസ്ബുക്കില്‍ ഇട്ടത് മുന്‍പ് പാര്‍ട്ടിയെ പിടിച്ചുലച്ചിരുന്നു. റെഡ് ആര്‍മി, പി ജെ ആര്‍മി തുടങ്ങി സിപിഎം നേതൃത്വത്തിന്റെ കണ്ണില്‍ കരടായി മാറിയ എഫ് ബി പേജുകളില്‍ അന്ന് ജയരാജന് അനുകൂലമായ കമന്റുകളുടെ പ്രവാഹമായിരുന്നു. കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തെ ദീര്‍ഘകാലം നിയന്ത്രിച്ച ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് തന്ത്രപൂര്‍വം മാറ്റാന്‍ വേണ്ടിയാണു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിപ്പിച്ചത്. അതിന്റെ പേരില്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് അവധി എടുപ്പിച്ച പാര്‍ട്ടി തെരഞ്ഞടുപ്പില്‍ തോറ്റ ശേഷം സ്ഥാനം തിരിച്ചു കൊടുത്തില്ല.
സാധാരണ നിലയില്‍ കണ്ണൂര്‍ ജില്ലയില്‍ സെക്രട്ടറി ആകുന്നയാള്‍ പിന്നെ സംസ്ഥാന സെക്രട്ടറി മുതല്‍ പി ബി വരെ എത്തുന്നതാണ് സിപിഎമ്മിന്റെ പാരമ്പര്യം. ചടയന്‍ ഗോവിന്ദന്‍, പിണറായി വിജയന്‍, കൊടിയരി ബാലകൃഷ്ണന്‍, എം വി ഗോവിന്ദന്‍ തുടങ്ങിയവരുടെ രാഷ്ട്രീയ ചരിത്രം അതാണ്. എന്നാല്‍, പി ജയരാജന്റെ കാര്യത്തില്‍ ഇതു സംഭവിച്ചില്ല. . എന്തു കൊണ്ട് ജയരാജന്‍ ഒതുക്കപ്പെട്ടു എന്നതു നിരവധി അഭ്യൂഹങ്ങള്‍ക്കു വഴി തുറന്നതാണ്. കണ്ണൂരിലെ സിപിഎം ആര്‍ എസ് എസ് സംഘട്ടനങ്ങള്‍ അവസാനിപ്പിക്കാന്‍ അതുമാത്രമാണ് പോംവഴി എന്ന പാര്‍ട്ടി നേതാക്കളുടെ തിരിച്ചറിവായിരുന്നു ജയരാജന്റെ സ്ഥാന ഭ്രംശത്തിനു പിന്നിലെന്നാണ് പൊതുവില്‍ കരുതപ്പെടുന്നത് . പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ശ്രീ എമ്മിന്റ സാന്നിധ്യത്തില്‍ ആര്‍ എസ് എസ് നേതാക്കളുമായി സംസാരിച്ചപ്പോള്‍ മുന്നോട്ടു വെച്ച നിര്‍ദേശം ആയിരുന്നുവത്രെ അത്. തീരുമാനം നടപ്പിലാക്കാന്‍ പാര്‍ട്ടി കണ്ടെത്തിയ എളുപ്പ മാര്‍ഗമായിരുന്നു വടകര സീറ്റില്‍ മത്സരിപ്പിക്കല്‍ . ജയരാജന്‍ വ്യക്തിപൂജയില്‍ അഭിനിവേശം കൊള്ളുന്നു എന്ന് തുടങ്ങിയ ആക്ഷേപങ്ങള്‍ അദ്ദേഹത്തെ ഒതുക്കുന്നതിന്റെ ഭാഗമായി പാര്‍ട്ടി കണ്ടെത്തിയതാണ്. ജയരാജനെക്കാള്‍ പതിന്മടങ്ങു വ്യക്തിപൂജ പിണറായി വിജയന്റെ പേരില്‍ നടന്ന നാടാണിത്. ഇപ്പോഴും അത് പല രൂപത്തില്‍ നടക്കുന്നുമുണ്ട്. . ജയരാജന്റെ പേരില്‍ പാട്ടാണ് ഇറങ്ങിയതെങ്കില്‍ പിണറായിയെ സ്തുതിച്ചു തിരുവാതിരക്കളിയാണ് നടന്നത്.
എന്തായാലും ജെയിന്‍ രാജിന്റെ സോഷ്യല്‍ മീഡിയയിലെ നിരുപദ്രവമെന്നു തോന്നിപ്പിക്കുന്ന അഭിപ്രായ പ്രകടനത്തോട് സിപിഎം അണികള്‍ കാണിക്കുന്ന താല്‍പര്യം പാര്‍ട്ടിക്കുള്ള ശക്തമായ താക്കീതാണെന്നു കാണാതിരിക്കാന്‍ വയ്യ. തിരുത്താന്‍ സമയം ആയെന്നാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടിയോട് പറയുന്നത്.