We Talk

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്താല്‍ കേസ്; ഉത്തരേന്ത്യ ആയി മാറുന്ന കേരളം

എം റിജു

ന്ത്യയിലെ വലിയൊരു വിഭാഗം മാധ്യമങ്ങളും ഇന്ന് കാവല്‍ നായ്ക്കള്‍ ( വാച്ച് ഡോഗ്) അല്ലാതാവുകയും, മടിത്തട്ടിലെ നായ്ക്കുട്ടികള്‍ ( ലാപ് ഡോഗ്)   ആയി മാറുകയും ചെയ്തിരിക്കുന്നു’,  പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ്‌സര്‍ ദേശായി ഈയിടെ നടന്ന ഇന്ത്യാടുഡെ കോണ്‍ക്ലേവിനിടെ പറഞ്ഞ കാര്യമാണിത്. ഒന്നുകില്‍ ഭയം, അല്ലെങ്കില്‍ വിധേയത്വം, ഇതാണ് ഇന്ത്യന്‍ മാധ്യമങ്ങളുടെ പൊതു അവസ്ഥയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആഗോള പത്ര സ്വാതന്ത്ര്യ സൂചികയില്‍ ഒരോ വര്‍ഷം കഴിയുന്തോറും താഴേക്ക് വന്നുകൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ.  2020 ലെ 131ാം സ്ഥാനത്തുനിന്ന്, 2021 ല്‍ 142ാം സ്ഥാനത്തേക്കും, 2022ല്‍ ഒറ്റയടിക്ക് എട്ട് സ്ഥാനം വീണ്ടും താണ് 150ാം സ്ഥാനത്തേക്കുമെത്തി. ഈ സൂചികയില്‍ ആകെ 160 രാഷ്ട്രങ്ങളാണ് ഉള്ളത് എന്നോര്‍ക്കണം! കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ വന്നതിന്‌ ശേഷമാണ് മാധ്യമ സ്വാതന്ത്രത്തില്‍ നാം ഇത്രയേറെ പിറകോട്ടടിച്ചത്.

ഡല്‍ഹി വര്‍ഗീയകലാപത്തിന്റെ വാര്‍ത്ത കൊടുത്തതിന്റെ പേരിലാണ് മുമ്പ് കേരളത്തിലെ രണ്ട് ടെലിവിഷന്‍ ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. അതിനുമുമ്പ് പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ എന്‍ഡിടിവിക്കെതിരെയും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്‍ഡിടിവിക്കെതിരായ ഭരണകൂട ശത്രുതയുടെ ഫലമായി പരസ്യക്കാര്‍ കൂട്ടത്തോടെ പിന്‍വാങ്ങിയതും നിരവധി മാധ്യമ പ്രവര്‍ത്തകരെ പിരിച്ചുവിടേണ്ടിവന്നതുമെല്ലാം, ഒടുവില്‍ അദാനി ആ മാധ്യമ സ്ഥാപനത്തെ പിടിച്ചെടുത്തതുമെല്ലാം നമ്മുടെ കണ്മുന്നില്‍ സംഭവിച്ചതാണ്.

ഡിജിറ്റല്‍ മാധ്യമങ്ങളില്‍ പ്രമുഖമായ ന്യൂസ് ക്ലിക്കിന്റെ പത്രാധിപര്‍ പ്രബീര്‍ പുര്‍സ്‌കായസ്തയുടെ വീട്ടില്‍ 114 മണിക്കൂറാണ്  ഇഡി റെയ്ഡ് നടത്തിയത്. 73 വയസ്സുള്ള പ്രബീറും 67 വയസ്സുള്ള അദ്ദേഹത്തിന്റെ ഭാര്യയും ഈ നേരമത്രയും വീട്ടില്‍ തടഞ്ഞുവെക്കപ്പെട്ടു. കാരവാന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ ജോസ്, രാജ്ദീപ് സര്‍ദേശായ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രാജ്യദ്രോഹ കേസുകള്‍ ചുമത്തിയിട്ടുണ്ട്. അവര്‍ക്കെതിരെ അഞ്ചുസംസ്ഥാനങ്ങളിലായി അഞ്ച് എഫ്‌ഐആര്‍ ഇട്ടാണ് പീഡിപ്പിച്ചത്. അവതാരകന്‍ അഭിസാര്‍ ശര്‍മ്മക്കും സമാന അനുഭവമുണ്ടായി. കോവിഡ് കാലത്തെ സര്‍ക്കാരിന്റെ അലംഭാവം ചൂണ്ടിക്കാട്ടിയ, ഔട്ട്‌ലുക്കിനെയും കേന്ദ്രം വേട്ടയാടി. ആള്‍ട്ട്‌ന്യുസിന്റെ സ്ഥാപകന്‍ മുഹമ്മദ് സുബൈറിനും സമാന അനുഭവം ഉണ്ടായി.

മോദി സര്‍ക്കാറിന്റെ മാധ്യമ വേട്ടയെ നിരന്തരം തുറന്ന് കാണിച്ച, ഒരു കൂട്ടരായിരുന്നു നമ്മുടെ നാട്ടിലെ ഇടതുപക്ഷം. പക്ഷേ ഇവിടെ അവര്‍ എന്താണ് കാണിച്ചുകൂട്ടുന്നത്. ‘കടക്കുപുറത്തിന്റെ’ തനിയാവര്‍ത്തനം. കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍, മാധ്യമ സ്വാതന്ത്ര്യത്തിനുനേരെ വലിയ രീതിയിലുള്ള, ആക്രമണങ്ങളാണ് ഉണ്ടായത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, അഖില നന്ദകുമാര്‍ എന്ന ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ക്കെതിരെ, മഹാരാജാസ് പ്രശ്‌നത്തിന്റെ അടിസ്ഥാനത്തില്‍ കേസ് എടുത്തിരിക്കുന്നത്.

കേട്ടുകള്‍വിയില്ലാത്ത നടപടി

മഹാരാജാസ് കോളേജില്‍ വ്യാജരേഖാ കേസിലെ കെഎസ്യു പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാന്‍ അഖില പോയത് ജൂണ്‍ ആറിനാണ്. പ്രിന്‍സിപ്പലിന്റെ ചേംബറില്‍ കെഎസ്യു പ്രവര്‍ത്തകര്‍ സംസാരിച്ച് നില്‍ക്കെ ഈ മുറിയിലേക്ക് അഖില പോയിരുന്നു. ഇവിടെ വെച്ച് പ്രിന്‍സിപ്പലിന്റെയും കെഎസ്യു പ്രവര്‍ത്തകരുടെയും തത്സമയ പ്രതികരണം അഖില തേടി. ഈ സമയത്താണ് മഹാരാജാസ് കോളേജ് കെഎസ്യു യൂണിറ്റ് പ്രസിഡന്റ്, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ എഴുതാത്ത പരീക്ഷ പാസായെന്ന ആരോപണം ഉന്നയിച്ചത്. ഇത് രാഷ്ട്രീയ ആരോപണം എന്ന് പറഞ്ഞാണ് അഖില റിപ്പോര്‍ട്ട് ചെയ്തത്. ഈ സംഭവത്തിലാണ് അഖിലയെ അഞ്ചാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ജോയ്, ആര്‍ക്കയോളജി വിഭാഗം മേധാവി വിനോദ് കുമാര്‍, കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍, കെഎസ്യു യൂണിറ്റ് പ്രസിഡന്റ് ഫാസില്‍ എന്നിവരാണ് കേസിലെ ആദ്യ നാല് പ്രതികള്‍.

പ്രബുദ്ധമെന്ന് നാം കരുതുന്ന  കേരളം എവിടെ എത്തിനില്‍ക്കുന്നു. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് അപ്പുറം എന്ത് ഗൂഢാലോചനയാണ് ഈ പെണ്‍കുട്ടിചെയ്തത്.  ഇത് ഉത്തരേന്ത്യയില്‍ ആയിരുന്നെങ്കില്‍ കേരളത്തിലെ സഖാക്കള്‍ ഉറഞ്ഞുതുള്ളിയേനെ. ഏഷ്യനെറ്റ് ന്യൂസ് എന്ന മാധ്യമം നേരത്തെ മുതല്‍ തന്നെ സിപിഎമ്മിന്‍െ കണ്ണിലെ കരാടാണ്. ഹര്‍ത്താല്‍ അതിക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യവേ, എളമരം കരീമിനെ തല്ലണം എന്ന്, അവതാരകന്‍ വിനു വി ജോണ്‍ പറഞ്ഞുവെന്ന് പറഞ്ഞ് ഏഷ്യാനെറ്റ് ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ച് ഓര്‍മ്മയില്ലേ. ഇക്കഴിഞ്ഞ ദിവസവും, പൊലീസ് ഏഷ്യാനെറ്റിന്റെ ഓഫീസിലേക്ക് എത്തി. വിനു വി ജോണും, കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ നൗഫലുമൊക്കെ കേസുകള്‍ നേരിടുകയാണ്. ഉത്തരേന്ത്യ എല്ലാ അര്‍ത്ഥത്തിലും കേരളത്തിലേക്ക് നടന്നടുക്കുകയാണ്.

ഇനിയും കേസെടുക്കുമെന്ന് പാര്‍ട്ടി സെക്രട്ടറി

അഖിലക്കെതിരെ കേസ് എടുത്ത നടപടി വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിട്ടും പാര്‍ട്ടി അതില്‍ ഉറച്ചു നില്‍ക്കുകയാണ്. മാധ്യമ സ്വാതന്ത്ര്യം എന്നാല്‍ ഗൂഢാലോചന നടത്തല്‍ അല്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറയുന്നത്. ”നിഷ്‌കളങ്കരായ വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനത്തിന് നേരെ കുതിര കയറാന്‍ വേണ്ടി ഗൂഢാലോചന നടത്തുന്നത് പത്രപ്രവര്‍ത്തനമല്ല. അത്തരം ഗൂഢാലോചനകളൊക്കെ അന്വേഷിക്കുക തന്നെ ചെയ്യും. ഒരു വെള്ളരിക്കാപ്പട്ടണം പോലെ കേരളത്തില്‍ പോവില്ല. അതിന്റെ പേരില്‍ കേസെടുത്താല്‍ പൊള്ളേണ്ട കാര്യമില്ല. ഉത്തരവാദിയല്ലെങ്കില്‍ പിന്നെ എന്താണ് പ്രയാസം.

അന്വേഷണത്തിന്റെ ഭാഗമായി തെറ്റ് ചെയ്‌തെന്ന് കണ്ടെത്തിയാല്‍ അത് ആരെയായാലും അവര്‍ക്കെതിരെ കേസെടുക്കണം. റിപ്പോര്‍ട്ടറെല്ലാം ഗൂഢാലോചനയുടെ ഭാഗമാണ്. ഗൂഢാലോചനയില്‍ പങ്കെടുത്ത എല്ലാവരെയും കേസിന്റെ ഭാഗമായി കൈകാര്യം ചെയ്യണം. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടും ഗൂഢാലോചനയുടെ ഭാഗമാണ്. ഗൂഢാലോചനയില്‍ പങ്കാളികളായ എല്ലാവരെയും പുറത്തുകൊണ്ടുവരണം. ഈ കേസ് വ്യത്യസ്തമാണ്. മാധ്യമത്തിന്റെ പേരും പറഞ്ഞ് കേസില്‍ നിന്ന് ഒഴിവാകാന്‍ കഴിയില്ല. ഇനിയും കേസെടുക്കും നേരത്തെയും കേസെടുത്തിട്ടുണ്ട്’ കഴിഞ്ഞ ദിവസം പാര്‍ട്ടി പറഞ്ഞത് അങ്ങയെയാണ്്. വിടില്ല ഞങ്ങള്‍ എന്നതിന്റെ കൃത്യമായ സൂചന.കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ ഇടതുഅനുഭാവികളില്‍നിന്ന് നടക്കുന്ന സൈബര്‍ ആക്രമണവും, നേതാക്കളുടെ ചീത്തവിളിയും ഇതിന് പുറമേയാണ്.

ഈയിടെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി.എസ്.റംഷാദ് ഇങ്ങനെ എഴുതി. ”മുഖത്തു നോക്കി  ചീത്തവിളിച്ചാലും തിരിച്ചൊരക്ഷരം പറയാതെ കേട്ടുകൊണ്ടിരിക്കുന്ന ഗതികേടിന്റെ പേരായി മാറിയോ കേരളത്തിലെ മാധ്യമ പ്രവര്‍ത്തനം”. എസ്എഫ്‌ഐ സെക്രട്ടറി ആര്‍ഷോം എഴുതാത്ത പരീക്ഷക്ക് പാസായ വാര്‍ത്താ വിവാദത്തിലെ ചില മാധ്യമങ്ങളുടെ സമീപനത്തെ കുറിച്ച് പറയവേ ‘ഒരല്‍പ്പം അന്തസ്സ് വേണം, ഒരല്‍പ്പം സത്യസന്ധത വേണം, ഇത്രയ്ക്കു ഡിസോണസ്റ്റായി മാധ്യമ പ്രവര്‍ത്തനം നടത്താന്‍ പാടില്ല’ എന്നു മന്ത്രി എം ബി രാജേഷ്, ‘മുഖത്തടിക്കുന്നതിനു തുല്യമായി സംസാരിച്ചിട്ടും’ തിരിച്ച് ഒരക്ഷരം പറയാന്‍ പറ്റാതെ പോയതാണ് റംഷാദിന്റെ രോഷാകുലനാക്കിയത്. ഇതെന്താ ഈ പറഞ്ഞു കയറി പോകുന്നത് എന്ന് മന്ത്രിയോട് തിരിച്ചു ചോദിക്കേണ്ടതല്ലേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

അത് ചോദിക്കാം. ചോദിച്ച് തിരിച്ചെത്തിയാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജോലിയുണ്ടാവുമോ എന്ന് കണ്ടറിയാം. കേന്ദ്രത്തില്‍ മോദി എങ്ങനെയാണോ, വാച്ച് ഡോഗുകളെ ലാപ്പ് ഡോഗുകളാക്കി മാറ്റിയത് അതുപോലെ, ആദ്യം ഭീഷണിപ്പെടുത്തിയും പിന്നീട് പ്രീണിപ്പിച്ചുമൊക്കെ മീഡിയയയെ, തനിക്കൊപ്പം നിര്‍ത്താന്‍ പിണറായിയും ശ്രമിക്കുന്നുണ്ട്. കുറഞ്ഞ ശമ്പളവും, ഒടുക്കത്തെ ജോലിഭാരവുമായി കഴിയാന്‍ വിധിക്കപ്പെട്ടവരാണ് കേരളത്തിലെ ഭൂരിഭാഗം മാധ്യമ പ്രവര്‍ത്തകരും. മൂന്നും നാലും മാസമായി ശമ്പളം കിട്ടാത്തവര്‍ പോലും, ഈ ഹതഭാഗ്യര്‍ക്കിടയിലുണ്ട്. ഇതോടൊപ്പമാണ് മാപ്രയെന്ന പരിഹാസവും തെറിവിളിയും പോലീസ് കേസുകളും.

Leave a Reply

Your email address will not be published. Required fields are marked *