ആരാണ് തെരുവുപട്ടികളെ സ്‌നേഹിക്കുന്നത്?
കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് സംസാര ശേഷിയില്ലാത്ത പത്തു വയസ്സുകാരനെ തെരുവ് നായ്‌ക്കൾ കടിച്ചുകീറി കൊന്ന സംഭവം കേരളത്തെ ഞെട്ടിച്ചു എന്നതിനേക്കാൾ നാണം കെടുത്തി എന്ന് പറയുന്നതാവും ശരി. കേരളത്തെ ലോകനിലവാരത്തിലെത്തിക്കാൻ അമേരിക്കയിലെ സമ്പന്നരും അതിസമ്പന്നരുമായ മലയാളികളോട് ടൈംസ് സ്‌ക്വയറിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായങ്ങൾ തേടുമ്പോഴാണ് ഇവിടെ ഒരു കുഞ്ഞിനെ പട്ടി കടിച്ചുകീറി കൊന്നത് എന്നത് യാദൃച്ഛികമാവാം. എന്നാൽ ഇങ്ങനെയൊന്ന് സംഭവിച്ചതിൽ ആർക്കും അത്ഭുതം തോന്നില്ല. കാരണം കേരളത്തിൽ കുറച്ചുകൊല്ലമായി തെരുവുനായ്‌ക്കളുടെ ആറാട്ടാണ്. ഗവൺമെന്റും അതിന്റെ ഏജൻസികളും ഇതികർത്തവ്യതാമൂഢരായി നിൽക്കുമ്പോൾ ഇവിടെ നായ്‌ക്കൾ പെറ്റുപെരുകുന്നു.

തെരുവുനായ്‌ക്കൾ ഒരു ബാലനെ വീട്ടുമുറ്റത്തുനിന്ന് കടിച്ചുകൊണ്ടുപോയി കൊന്നത് കേരളത്തിൽ ആദ്യസംഭവമാണെങ്കിലും ഇവിടെ പേപ്പട്ടികളുടെ കടിയേറ്റ് കുഞ്ഞുങ്ങളും മുതിർന്നവരും മരണപ്പെടുന്നത് പുതിയ കാര്യമല്ല. 2022–-ൽ ഇരുപത്തിരണ്ട് പേരാണ് പേവിഷബാധയേറ്റ് സംസ്ഥാനത്തു മരിച്ചത്. പട്ടിശല്യം നിയന്ത്രിക്കാനുള്ള നിയമപരമായ ബാധ്യത ഗവൺമെന്റിനുണ്ട്. ആ ബാധ്യത നിറവേറ്റേണ്ടതോ, തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളും. നായ്‌ക്കളെ കൊല്ലാൻ നിയമവും കോടതികളും അനുവദിക്കുന്നില്ലെന്ന ഒഴിവുകഴിവ് പറഞ്ഞ് അധികാരികൾ അനങ്ങാതിരിക്കുകയാണ്. ഒന്നാമത്തെ കാര്യം, മനുഷ്യ ജീവന് ഭീഷണിയാകുന്ന മൃഗങ്ങളെ കൊല്ലാൻ ഒരു നിയമവും എതിരല്ല എന്നതാണ്. മൃഗങ്ങളോട് മനുഷ്യൻ ക്രൂരത കാണിക്കുന്നത് തടയാനുള്ള നിയമവും മനുഷ്യജീവന് ഭീഷണിയാകുന്ന തെരുവുനായ്‌ക്കളെ നശിപ്പിക്കാൻ അനുവദിക്കുന്നുണ്ട്. പിന്നെ എന്തുകൊണ്ട് പഞ്ചായത്തുകളും നഗരസഭകളും അനങ്ങാതിരിക്കുന്നു? അതാണ് ഒന്നാമത്തെ ചോദ്യം. ഏതു പഞ്ചായത്ത് പ്രസിഡണ്ടിനോടോ മേയറോടോ ചോദിച്ചാലും കോടതി സമ്മതിക്കുന്നില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറും.
രണ്ടാമത്തെ പ്രശ്‌നം, പട്ടിശല്യം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരും കോടതികളും നിർദേശിച്ച വന്ധ്യംകരണ പരിപാടി ഇവിടെ നടപ്പാക്കന്നുണ്ടോ എന്നതാണ്. നാലുമാസം കഴിഞ്ഞ പട്ടികളെ പിടിച്ച് വന്ധ്യംകരിച്ച ശേഷം തിരികെ അതാതിന്റെ സ്‌ഥലത്ത് തിരിച്ചുവിടുന്ന പരിപാടിയാണ് എ ബി സി എന്ന ആനിമൽ ബർത്ത് കൺട്രോൾ പരിപാടി. അത് ചെയ്യുന്നതിന് ആരാണ് തടസ്സം? ഈ പരിപാടി കേരളത്തിൽ തുടങ്ങിയിട്ട് പത്തുവർഷമെങ്കിലുമായിക്കാണും. സംസ്ഥാനത്തു ഇപ്പോൾ നാലുലക്ഷം തെരുവുനായ്‌ക്കളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. യഥാർഥ എണ്ണം ഇതിലും എത്രയോ കൂടുതലായിരിക്കും. എത്ര പട്ടികളെ ഇതിനകം വന്ധ്യംകരിച്ചു? ഒരു പട്ടിയെ വന്ധ്യംകരിക്കാൻ എല്ലാ ചെലവും കണക്കാക്കിയാൽ രണ്ടായിരം രൂപ ധാരാളം. നാലു ലക്ഷം പട്ടികളെ വന്ധ്യംകരിക്കാൻ 80 കോടി രൂപ മതി. സിൽവർ ലൈൻ പദ്ധതിക്ക് ഒരുലക്ഷം കോടി രൂപ വായ്‌പയെടുക്കാൻ ശേഷിയുണ്ടെന്ന് അവകാശപ്പെടുന്ന ഗവൺമെന്റിന് 80 കോടി രൂപ പട്ടിശല്യം നിയന്ത്രിക്കാൻ ചെലവഴിച്ചുകൂടേ? എബിസി പരിപാടി ഇഴഞ്ഞും മുടന്തിയും നീങ്ങുമ്പോൾ മുഴപ്പിലങ്ങാട് പോലുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കുന്നതെങ്ങനെ?

പേവിഷബാധയേറ്റുള്ള മരണത്തെക്കുറിച്ച് ചിന്തിക്കുന്നതുപോലും ഭീതിജനകമാണ്. എന്നാൽ മനുഷ്യരെ പട്ടി കടിക്കുകയും പേവിഷബാധയേറ്റ് ഇടയ്‌ക്കൊക്കെ ആളുകൾ അതിദാരുണമായി മരണപ്പെടുകയും ചെയ്യുന്നതിൽ സന്തോഷിക്കുന്ന ഒരുകൂട്ടർ നമ്മുടെ രാജ്യത്തു തന്നെയുണ്ട്. അവരുടെ ആളുകൾ കേരളത്തിലടക്കം എല്ലാ സംസ്‌ഥാനങ്ങളിലുമുണ്ട്. അതാണ് റാബീസ് വാക്‌സിൻ ലോബി. പട്ടികടിയേറ്റാൽ പേബാധിക്കുന്നത് തടയാനുള്ള വാക്‌സിൻ ഇന്ത്യയിൽ വൻ ബിസിനസാണ്. വർഷം 2500 കോടി രൂപയുടെ വാക്‌സിൻ രാജ്യത്ത് ഉപയോഗിക്കുന്നുണ്ട്. മാധ്യമവാർത്തകൾക്ക് അടിസ്‌ഥാനമുണ്ടെങ്കിൽ അതു ഏഴായിരം കോടി രൂപയാണ്. സ്‌റ്റേഷനറിക്കടയിൽ നിന്ന് കടലാസ് വാങ്ങിയാൽ പോലും കമീഷൻ കിട്ടുന്ന കാലത്ത് ഇതിന്റെ കമീഷൻ എടുത്തുപറയേണ്ടതില്ല. കേരളവും വാങ്ങുന്നുണ്ട് ആണ്ടിൽ 25 കോടി രൂപയുടെ റാബീസ് വാക്‌സിൻ. 2010–-ൽ കേരളത്തിന്റെ വാക്‌സിൻ ചെലവ് ഇരുപത് കോടി രൂപയായിരുന്നു. ഇപ്പോൾ അതു എത്ര കോടിയായി ഉയർന്നിട്ടുണ്ടാകും? ടെണ്ടർ പോലുമില്ലാതെയാണ് പലപ്പോഴും റാബീസ് വാക്‌സിൻ സംസ്‌ഥാനങ്ങൾ വാങ്ങുന്നത്. കാരണം, ഉൽപ്പാദകരായി അധികം കമ്പനികളില്ല.
പട്ടിശല്യം മാധ്യമങ്ങൾ വലിയ വാർത്തയാക്കുമ്പോൾ സർക്കാർ അതിനെ പ്രതിരോധിക്കുന്നത് എല്ലാ ആശുപത്രികളിലും വാക്‌സിൻ ലഭ്യമാക്കിയാണ്. കൊതുക്‌തിരിയുടെ കാര്യംപോലെ. മാധ്യമങ്ങളെപ്പോലും തെറ്റിദ്ധരിപ്പിക്കാൻ സർക്കാരിനു കഴിയുന്നു എന്ന് പറയാതിരിക്കാനാവില്ല. തെരുവു പട്ടികളെ നിയന്ത്രിക്കുന്നതിനെതിരെ എല്ലാ നാട്ടിലും പല പേരുകളിൽ സംഘടനകളുണ്ട്. ടെലിവിഷൻ ചർച്ചകളിൽ പോലും അവരുടെ പ്രതിനിധികളെ നമുക്ക് കാണാം. ഇത്തരം ഏജൻസികളെ തീറ്റിപ്പോറ്റുന്നതും വാക്‌സിൻ ലോബിയാണെന്ന് വ്യക്തം. സുപ്രീം കോടതിയിൽ കേസ് വന്നാൽ ഈ ഏജൻസികൾക്ക് വേണ്ടി ഹാജരാകുന്ന സീനിയർ അഭിഭാഷകരെ നോക്കിയാൽ മതി ഇവരുടെ സാമ്പത്തിക സ്രോതസ്സ് മനസ്സിലാകാൻ. മിനുട്ടുകൾ കണക്കാക്കി ദശലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന അഭിഭാഷകരെ സുപ്രീം കോടതിയിൽ അണിനിരത്താൻ ഈ പട്ടി പ്രേമികൾക്ക്, അല്ല മനുഷ്യ ദ്രോഹികൾക്ക് എവിടെനിന്നാണ് പണം?

ജനങ്ങളെ പരിഹസിക്കുന്ന ചില ചിത്രങ്ങൾ മുഴപ്പിലങ്ങാട്ടെ ദാരുണ സംഭവത്തിനുശേഷം നാം ടിവിയിൽ കണ്ടു. പട്ടി പിടിയ്‌ക്കാൻ വലയും വണ്ടിയുമായി അധികാരികൾ ഇറങ്ങിയിരിക്കുന്നു. അപ്പോൾ തടസ്സം നിയമമോ കോടതിയോ മനേക ഗാന്ധിയോ ഒന്നും ആയിരുന്നില്ല. ഇതു കണ്ണിൽ പൊടിയിടലാണെന്ന് രണ്ടുദിവസം കൊണ്ട് മനസ്സിലാകും. ഒരു ദുരന്തം ഉണ്ടാകുമ്പോൾ സർക്കാർ സംവിധാനം ഉണർന്നെണീക്കുന്നത് സ്ഥിരമായി കണ്ടു കൊണ്ടിരിക്കുന്നതാണല്ലോ. നായ്‌ക്കൾ പെരുകുന്നതും തെരവുകളിലെ മാലിന്യവും തമ്മിൽ ബന്ധമുണ്ടെന്ന് ഒരു അമേരിക്കൻ മലയാളിയെയും പറഞ്ഞ് മനസ്സിലാക്കേണ്ടതില്ല. കാരണം, അമേരിക്കയിൽ തെരവു മാലിന്യമോ തെരുവു നായ്‌ക്കളോ ഇല്ല. അതുകൊണ്ടല്ലേ അമേരിക്കയിൽ പോയവർ ഇങ്ങോട്ടു തിരിച്ചുവരാത്തത്? അതിനാൽ കേരളത്തെ ലോക നിലവാരത്തിലേക്കു ഉയർത്താൻ കുടുംബസമേതം വിദേശ രാജ്യങ്ങൾ സന്ദർശിച്ചു കഷ്ടപ്പെടുന്നവർ ദയവായി നമ്മുടെ കുട്ടികളെ തെരുവ് പട്ടികൾ ഇനിയും കടിച്ചു കീറാതിരിക്കാനുള്ള പ്രതിവിധികൾ നടപ്പിലാക്കുക.