മോൻസൻ കേസിൽ പങ്കില്ലെന്നും ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നും കെ സുധാകരൻ
കൊച്ചി: മോൻസൻ കേസുമായി യാതൊരു ബന്ധവുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസിൽ വഞ്ചനാക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കിയതിനു പിന്നാലെയാണ് സുധാകരന്റെ വിശദീകരണം. കേസിൽപെട്ടത് എങ്ങനെയാണെന്നു പഠിക്കുകയാണെന്ന് ആലുവയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സുധാകരൻ പറഞ്ഞു.
കേസുമായി നേരിട്ടോ അല്ലാതെയോ ബന്ധമില്ല. പരാതിക്കാരുമായും ഒരു ബന്ധവുമില്ല. അവർ പറയുന്ന പാർലമെന്റ് സമിതിയിൽ അംഗമല്ല. ഒരിക്കൽപോലും പ്രതിയാണെന്ന് ആരും പറഞ്ഞിട്ടില്ല. കൂടെ നിന്ന് ഫോട്ടോയെടുത്താൽ കേസിൽ പ്രതിയാകില്ല.

മോൻസൻ വ്യാജ ഡോക്ടർ ആണെന്ന് അറിയുന്നത് പിന്നീട്. പണം വാങ്ങിയെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്നും സുധാകരൻ പറഞ്ഞു. നേരത്തെ തനിക്കെതിരെ പരാതിയില്ലായിരുന്നു. കേസില്ലാതിരുന്നതുകൊണ്ടാണ് എതിർ പരാതി നൽകാതിരുന്നത്. നാളെ കളമശേരി ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരാകില്ല. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന് കത്ത് നൽകും. മോൺസൻ മാവുങ്കൽ കേസുമായി തനിക്ക് ബന്ധമുണ്ടെന്ന ആരോപണം നേരത്തെയും താൻ തള്ളിയതാണ്. മോൺസനോടൊപ്പം ആരൊക്കെ നിന്നു? ഒരുപാട് വിഐപികൾ പോയിട്ടുണ്ട്. അവിടെ കണ്ണിന്റെ ചികിത്സയ്ക്ക് ആണ് പോയതെന്ന് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.
‘‘സാവകാശം തന്നില്ലെങ്കിൽ നിയമപരമായി നേരിടും. നിയമനടപടികൾ അഭിഭാഷകരുമായി ആലോചിക്കുകയാണ്. ഞാൻ പാർലമെന്റിലെ ധനകാര്യ സ്ഥിരംസമിതി അംഗമായിരുന്നില്ല. മോൺസൻ എവിടെയും തന്റെ പേര് പറഞ്ഞിട്ടില്ല. അവിടെ പോയ എല്ലാവർക്കും എതിരെ കേസുണ്ടോയെന്നും കെ സുധാകരൻ ചോദിച്ചു. നിരവധി പ്രമുഖർ മോൺസന്റെ വീട്ടിൽ പോയിട്ടുണ്ട്. അവിടെ താൻ പോയതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. എന്നെയും സതീശനെയും കേസിൽ കുരുക്കാമെന്ന വ്യാമോഹിക്കുന്ന പിണറായി മൂഡസ്വർഗത്തിലാണ്. മോൻസനെ കാണുമ്പോൾ 3 പേർ അവിടെയുണ്ടായിരുന്നു, ആരെന്നറിയില്ല’’ –സുധാകരൻ കൂട്ടിച്ചേർത്തു.