സുധാകരന് ബന്ധമില്ലെന്ന് മോന്‍സന്‍ മാവുങ്കല്‍
കൊച്ചി:താന്‍ മുഖ്യപ്രതിയായ കേസില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സൂധാകരന് യാതൊരു ബന്ധവുമില്ലെന്ന് മോന്‍സന്‍ മാവുങ്കല്‍ പറഞ്ഞു.പുരാവസ്തു തട്ടിപ്പ് കേസില്‍ വഞ്ചനാകുറ്റം ചുമത്തി കെ.സൂധാകരനെതിരെ ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം കേസ്സെടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്ന വഴിക്കാണ് മോന്‍സന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസ്സില്‍ അറസ്റ്റിലായ മാവുങ്കല്‍ ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
മുഖ്യമന്ത്രിയുമായി ബന്ധമുള്ളകേസ്സാണെന്നും ശരിയായി അന്വേഷിച്ചാല്‍ ഡി.ഐ.ജി വരെ അകത്താകുമെന്നും മുഖ്യമന്ത്രിയുടെ പിഎ വരെ കുടങ്ങുമെന്നും മോന്‍സന്‍ വ്യക്തമാക്കി. എല്ലാ വിവരങ്ങളും ഇ.ഡി ക്ക് കൈമാറിക്കഴിഞ്ഞതാണെന്നുമായിരുന്നു മോന്‍സന്റെ പ്രതികരണം.
മോന്‍സന്റെ തട്ടിപ്പിനിരയായ അഞ്ചുപേര്‍ ചേര്‍ന്നു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുധാകരനെതിരെ കേസ്സെടുത്തത്.