മോൻസൺ മാവുങ്കൽ കേസ്: ജൂൺ 23ന് ഹാജരാകാൻ ആവശ്യപ്പെട്ട് കെ സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ്
മോൻസൺ മാവുങ്കൽ കേസിൽ പ്രതി ചേർക്കപ്പെട്ട കെപിസിസി അധ്യക്ഷൻ കെ സുധാകരന് ജൂൺ 23ന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ്. ഇന്ന് ഹാജരാകാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും കോഴിക്കോട് വച്ച് നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കേണ്ടതിനാൽ ഹാജരാകില്ലെന്ന് സുധാകരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മൂന്ന് ദിവസം മുൻപാണ് സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് ലഭിച്ചത്. കേസിൽപ്പെട്ടത് എങ്ങനെയാണെന്ന് പഠിക്കുകയാണെന്നുമായിരുന്നു കെ സുധാകരന്റെ പ്രതികരണം. മോൻസന്റെ ഇടപാടിൽ തനിക്ക് നേരിട്ടോ അല്ലാതെയോ ബന്ധമില്ലെന്നും കണ്ണിന്റെ താഴെയുള്ള കറുപ്പ് മാറ്റാനാണ് മോൻസന്റെ വീട്ടിൽ പോയതെന്നുമായിരുന്നു സുധാകരന്റെ വിശദീകരണം. കേസിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി. കേസിൽപ്പെടുത്തി ഭയപ്പെടുത്താനാണ് ശ്രമമെങ്കിൽ പിണറായി മൂഢസ്വർഗത്തിലാണ്. ഇപ്പോഴത്തെ ആരോപണങ്ങൾ തെളിയിച്ചാൽ രാഷ്ട്രീയ കുപ്പായം അഴിച്ച് വയ്ക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കെ സുധാകരനെ രണ്ടാം പ്രതിയാക്കിയാണ് മോൻസൺ മാവുങ്കൽ കേസിൽ പ്രതി ചേർത്തത്. സുധാകരനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും 10 ലക്ഷം രൂപ വാങ്ങിയതിന് തെളിവുകളും സാക്ഷികളും ഉണ്ടെന്നായിരുന്നു ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്.