We Talk

ഇ.ഡി അറസ്റ്റ് ചെയ്ത സെന്തിൽ ബാലാജിയുടെ ഹൃദയത്തിൽ മൂന്ന് ബ്ലോക്കുകൾ; ബൈപ്പാസ് വേണമെന്ന് ഡോക്ടർമാർ

ചെന്നൈ: എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ നെഞ്ചുവേദനയെ തുടർന്ന് തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെന്തിൽ ബാലാജിക്ക് അടിയന്തിര ഹൃദയ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആൻജിയോഗ്രാം പരിശോധനയിൽ മന്ത്രിയുടെ ഹൃദയധമനികളിൽ മൂന്ന് ബ്ലോക്ക് കണ്ടെത്തിയെന്നും ഉടന്‍ ബൈപ്പാസ് സര്‍ജറിക്ക് വിധേയനാക്കണമെന്നും മെഡിക്കല്‍ ബുള്ളറ്റിനിൽ പറയുന്നു.അതേസമയം സെന്തിൽ ബാലാജിയുടെ അറസ്റ്റിനെതിരെ ഭാര്യ ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി ഇന്ന് പരിഗണിക്കും. അന്വേഷണവുമായി സഹകരിക്കുമെന്ന് പറഞ്ഞിട്ടും സെന്തിൽ ബാലാജിയോട് ഇഡി മനുഷ്യത്വരഹിതമായി പെരുമാറിയതെന്തിനെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ ചോദിച്ചു. 2024ൽ ബിജെപി പാഠം പഠിക്കുമെന്നും സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു.2013ല്‍ ജയലളിത സർക്കാരിൽ ഗതാഗത മന്ത്രിയായിരിക്കെ ജോലി വാഗ്ദാനം ചെയ്ത് കോഴ വാങ്ങി എന്ന കേസിലാണ് അറസ്റ്റ്. ജയലളിത മുഖ്യമന്ത്രിയായിരുന്ന 2011-2015 കാലത്താണ് സെന്തില്‍ ബാലാജിയുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ തുടക്കം. അന്ന് മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു ഇദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *