MESSI

മെസി ജീവചരിത്രം: ചിലർ വരുമ്പോൾ ചരിത്രം വഴിമാറും..!

ഭാഗം-01

രചന : ഡോ. മുഹമ്മദ്‌ അഷ്‌റഫ്‌
(ജർമ്മനി )

ലോകം കണ്ട എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായ ലിയോ ലയണൽ ആ്ര്രേന്ദ മെസിയുടെ ജീവിതചിത്രം വരച്ചിടുകയാണ് ഇവിടെ. 2022ലെ ലോകകപ്പ് നേടിക്കൊടുത്തതോടെ അർജന്റീനൻ ഫുട്ബാളിന്റ ഇതിഹാസതാരമായി മാറിയ മെസിയുടെ ജീവിതം വിശേഷണങ്ങൾക്കതീതമാണ്.
വി.ടോക്കിന് വേണ്ടി ഇത് തയ്യാറാക്കിയിരിക്കുന്നത് പ്രമുഖ സ്പോർട്സ ലേഖകനും സ്പോർട്സ് വിദ്ഗ്ധനുമായ ഡോ.മുഹമ്മദ് അഷറഫ് ആണ്.ജർമ്മനിയിലെ ലൈപ്സിഷു യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റേർസും ഡോക്ടറേറ്റും നേടിയ അദ്ദേഹത്തിന് സ്പോർട്സ് മെഡിസിൻ എന്ത് ,എന്തിന് എന്ന പുസ്തകത്തിന് ജി.വി.രാജ.സ്പോർട്സ് അവാർഡ് ലഭിച്ചിട്ടുണ്ട്. ” ഫുട്ബോൾ കാലങ്ങളിലൂടെ, ” ” ഖൽബിലെ ഖത്തർ “അടക്കം നിരവധി പുസ്തകങ്ങൾ കൂടി അദ്ദേഹത്തിന്റെതായിട്ടുണ്ടു.

പ്രകൃതിയും കാലവും കാലാകാലങ്ങളിൽ അർജന്റീനയിലേക്കയക്കുന്ന ഒാരോ മാന്ത്രിക ബൂട്ടുകാരന്റെയും പേരിലാണ് മഹത്തായ അർജന്റീനൻ ഫുട്ബോൾ അറിയപ്പെട്ടതും അവർ സമാനതകളില്ലാത്ത നേട്ടങ്ങളുണ്ടാക്കിയതും ലോക ഫുട്ബോളിന്റെ അധിപൻമാരായതും…! ഡാനിയൽ പാസറേല്ലയും മാറിയോ കെമ്പാസും ഡീഗോ മറഡോണയും ഒക്കെ അവരുടെ ഗതകാല ഫുട്ബോൾ അനുഭവങ്ങളുടെ സ്മാരക ശിലകളായി നില നിൽക്കുന്നു. പാസറേല്ലയും മറഡോണയും രണ്ടു ലോക കപ്പുകൾ അർജന്റീനയുടെ ഫുട്ബാൾ പൈതൃകത്തിനു മുതൽ കൂട്ടാക്കിയെങ്കിൽ പ്രതിഭയിൽ അവരെക്കാളൊക്കെ മുന്നിലായിട്ടുള്ള ഒരാളുടെ പിറവിക്കായി ‘വെള്ളി നാടുകൾക്ക് ‘ ഏറെ കാത്തിരിക്കേണ്ടി വന്നു…! അർജന്റ്ീനയുടെ ഫുട്ബോൾ പൈതൃകത്തിനു അതിന്റെ അനന്തര തലമുറയ്ക്ക് ഒരു പിന്തുടർച്ചക്കാരൻ എന്ന നിലയിലാണ് ലയണൽ ആന്ദ്രേ മെസിയുടെ പിറവിയെ അവിടുത്തെ ഫുട്ബോൾ ഗവേഷകർ വിലയിരുത്തിയത്. അർജന്റീനയിലെ റൊസാരിയോ എന്ന കൊച്ചു പട്ടണത്തിൽ 1987 ജൂൺ 24 നു ലിയോ ജനിച്ചു . നാലാം പിറന്നാളിന് അവന്റെ അമ്മാമ്മയുടെ സമ്മർദ്ദവും ശുപാർശയും കണക്കിലെടുത്ത് പിതാവ് സമ്മാനിച്ച പന്തുമായിത്തുടങ്ങിയ പ്രണയം ഇന്നും തുടരുകയാണ.്

ലോകമെമ്പാടുമുള്ള ആരാധകരെ ആനന്ദത്തിനും ഉന്മാദത്തിനുമപ്പുറമുള്ള അവസ്ഥാന്തരത്തിൽ എത്തിച്ചുകൊണ്ടു.

ആരാണീ മെസി എന്താണയാളെ അനശ്വരനാക്കിയത്…
ചരിത്രത്തിൽ ചില നിയോഗങ്ങളൊക്കെ ഉണ്ടാകാറുണ്ട്.

മാനവരാശിക്ക് ഉണ്ടാകുന്ന കെട്ട കാലങ്ങളിലെ രക്ഷകരായും മഹാമാരിക്കാലത്ത് മനുഷ്യ കുലം നശിച്ചു പോകാത്ത വിധമുള്ള പ്രതിവിധികൾ കണ്ടെത്തുന്ന ശാസ്ത്രജ്ഞൻമാരായും വൈദ്യ പ്രതിഭകളായും ഒക്കെ രക്ഷകരായിട്ടുള്ള ചരിത്ര നിയോഗങ്ങൾ,അതുപോലെ മനുഷ്യന്റെ ആഹ്ലാദങ്ങൾക്കും വിനോദ ഉപാദികൾക്കും കാരണക്കാരാകുന്ന കലാകാരന്മാരും ഗായകരും സംഗീതജ്ഞൻമാരും ചിത്രകാരന്മാരും ആയിട്ടൊക്കെ ജനിക്കുന്ന ജീനിയസുകൾ സാധാരണക്കാരനു അവരുടെ കരളുകൾ പകുത്തു നൽകി അവരുടെ വിഷാദങ്ങൾ സ്വയം ഏറ്റെടുത്തു അവരെ സന്തുഷ്ടരാക്കുന്നു.്
കാൽപ്പന്തു കളി എന്ന മനോരഥ സൃഷ്ടിയിലൂടെ ലോക മനസുകളെ ഒരുമിപ്പിക്കാനും അവന്റെ കായിക ആഹ്ളാദങ്ങൾക്ക് പരിധികളില്ലാത്ത ആസ്വാദന ഭാവം നൽകാനും നിയോഗിക്കപ്പെട്ടവനാണ് അർജന്റീനയിലെ തൊഴിലാളികളുടെയും പാവപ്പെട്ടവന്റെയും നഗരത്തിൽ പിറന്നു വീണ ലയണൽ മെസിയെന്ന ,ശരാശരിയിലും കുറഞ്ഞ ശാരീരിക വലുപ്പമുണ്ടായിരുന്ന ആ ചെറിയ ചെക്കൻ.ലയണൽ മെസിയുടെ ജീവിതത്തിൽ അദ്ദേഹം ഏറ്റവും അധികം കടപ്പെട്ടിരിക്കുന്നതു അമ്മയുടെ അമ്മയായ സീലിയ ഒലിവേറ കുച്ചിറ്റിനിയോടായിരുന്നു.
ലാ പുൾഗാ എന്നവനെ അവർ ഒാമനപ്പേരിട്ടു വിളിച്ചു. ബാല്യത്തിൽ അവന്റെ നിഴലായി അവരുണ്ടായിരുന്നു .സഹോദരൻമാരായ റോഡ്രിഗോക്കും മത്യാസിനും ഒപ്പം അവൻ പന്ത് തട്ടുമ്പോൾ പരിചയ സമ്പന്നയായ ഒരു പരിശീലകയെപ്പോലെ അവർ അത് നിരീക്ഷിച്ചിരുന്നു. മെസിയിലെ പന്തു കളിക്കാരനെ കണ്ടെത്തിയതും അവരായിരുന്നു.അവനു ആദ്യമായി ഒരു പന്തും പിന്നീട് ഒരു ബൂട്ടും അച്ഛനെ കൊണ്ടു വാങ്ങിപ്പിച്ചതും അവരായിരുന്നു.ഒടുവിൽ അവരുടെ നിർബന്ധം സഹിക്കാതെയാണ് മെസിയുടെ അച്ഛൻ ഹോർഗേ ഹോരേസ്യോ മെസി അവനെ ഗ്രാൻഡോളി പ്രാദേശിക ഫുട്ബോൾ അക്കാദമിയിലേക്ക് കൂട്ടിക്കൊണ്ടു പോയത്.

അന്നവന്റെ പ്രിയപ്പെട്ട അമ്മാമ അവനോടു പറഞ്ഞിരുന്നു ‘ ലയണൽ നീ ഒരിക്കൽ ഇൗ പ്രപഞ്ചത്തിലേ ഏറ്റവും മികച്ച പന്തു കളിക്കാരനാകും ‘..! പൊന്നായ വാക്കുകൾ .. എന്നാൽ അധികം വൈകാതെ ആ സ്നേഹ നിധി അവനെ വിട്ടുപോയി. മെസിയുടെ ജീവിതത്തിലെ ഏറ്റവും ദുഃഖ സാന്ത്രമായ ദിവസമായിരുന്നു അത്.മെസ്സിയുടെ ജീവിതം ഒരു സന്ദേശമാണ്. പരാജയം എന്നൊരു സംജ്ഞ ശബ്ദതാരാവലിയിൽ ഇല്ലെന്നുള്ള ആശയും പ്രത്യാശയുമൊന്നും ഒരിക്കലും കാലത്തിനും വിധിക്കും വിട്ടുകൊടുക്കാത്ത വിധമുള്ള പോരാട്ടമാണ് ജീവിത വിജയം എന്ന സന്ദേശം.

Leave a Reply

Your email address will not be published. Required fields are marked *