അട്ടപ്പാടിയിൽ വന്യജീവി ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
പാലക്കാട് ജില്ലയിലെ അട്ടപ്പാടി ഷോളയൂരില്‍ വന്യജീവി ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ഷോളയൂര്‍ ഊരിലെ മണികണ്ഠന്‍ ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് മണികണ്ഠന്റെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാത്രി യുവാവ് വീടിന് പുറത്തിറങ്ങിയപ്പോൾ വന്യജീവി ആക്രമിച്ചതാകാം എന്നാണ് കരുതുന്നത്. വയറിന്റെ ഭാഗത്ത് ഏതോ ജീവി കടിച്ചത് പോലെയുള്ള മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. കാട്ടുപന്നിയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. വനംവകുപ്പ് അധികൃതര്‍ വന്യജീവി ആക്രമണമാണെന്ന് വ്യക്തമാക്കിയെങ്കിലും ഏതു ജീവിയുടെ ആക്രമണത്തിലാണ് മണികണ്ഠന്‍ കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് സ്ഥിരമായി കാട്ടുപന്നിയുടെ ശല്യമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.