വിദ്യക്കെതിരായ വ്യാജരേഖ കേസിൽ സൈബര്‍സെല്‍ വിദഗ്ധരും, അന്വേഷണസംഘം വിപുലീകരിച്ചു
പാലക്കാട്: വ്യാജ രേഖ ചമച്ച കേസിലെ മുന്‍ എസ്.എഫ്.ഐ നേതാവ് കെ. വിദ്യക്കെതിരെ യുള്ള കേസില്‍ അന്വേഷണ സംഘത്തെ വിപുലീകരിച്ചു.
ടീമിൽ സൈബര്‍ സെല്‍ വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘത്തെ വിപുലീകരിച്ചത്. അഗളി സി. ഐ സലീമിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഷോളയൂർ, ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷനിലെ എസ്. ഐ, സിവിൽ സർവീസ് പോലീസുകാരും ഉൾപ്പെടും. വിദ്യക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താത്തതിൽ പ്രതിഷേധം ശക്തമാണ്.
എന്നാൽ എറണാകുളം മഹാരാജാസ് കോളേജിൽ ഗസ്റ്റ് ലക്ചററായി ജോലിചെയ്തെന്ന പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് അവകാശപ്പെട്ട് വിദ്യ നൽകിയ ബയോഡാറ്റ പോലീസ് ഇന്നലെ കണ്ടെത്തിയിരുന്നു. അട്ടപ്പാടി കോളേജിൽ ജൂൺ 2 ന് സമർപ്പിച്ച ബയോഡാറ്റായിലാണ് ഗസ്റ്റ് അധ്യാപികയായി 20 മാസത്തെ പ്രവർത്തി പരിചയമുണ്ടെന്ന് വിദ്യ അവകാശപ്പെട്ടിരിക്കുന്നത്. നിർണായക തെളിവായ ഇതിൽ വിദ്യയുടെ ഒപ്പുമുണ്ട്. മഹാരാജാസിന് പുറമേ മറ്റു രണ്ടു കോളേജുകളിലായി 17 മാസത്തെ പ്രവർത്തി പരിചയവുമുണ്ടെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കാലടി സർവകലാശാലയിലെത്തിയ പൊലീസ്, വിദ്യയുടെ പിഎച്ച്.ഡി പ്രവേശനവുമായി ബന്ധപ്പെട്ട രേഖകളും ശേഖരിച്ചിട്ടുണ്ട്. എസ്.എഫ്.ഐക്കാരനായ സുഹൃത്തിനൊപ്പം ജൂൺ 2 ന് അട്ടപ്പാടി കോളജിൽ വിദ്യ എത്തുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. രേഖ ചമച്ച കേസിൽ ഇയാളുടെ പങ്ക് പൊലീസ് അന്വേഷിക്കും. വിദ്യ എത്തിയത് മണ്ണാർക്കാട് രജിസ്ട്രേഷനുള്ള വെള്ള സ്വിഫ്റ്റ് കാറിലാണ്. വാഹനം ഓടിച്ചയാളുടെ ചിത്രം വ്യക്തമല്ല. വിദ്യയെ അഭിമുഖം നടത്തിയ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അഗളി പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. കഴിഞ്ഞ ദിവസം വിദ്യയുടെ അടുത്ത സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഒളിവില്‍ കഴിയുന്ന വിദ്യക്കുവേണ്ടി തിരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.