നടൻ ഉണ്ണി മുകുന്ദൻ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: നടൻ ഉണ്ണി മുകുന്ദൻ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ നൽകിയ ഹർജിയിലാണ് നടപടി. പരാതിക്കാരിയുമായി ഒത്തുതീർപ്പായെന്ന് ഉണ്ണി മുകുന്ദൻ കോടതിയെ അറിയിച്ചു. ജസ്റ്റിസ് കെ ബാബുവാണ് സ്റ്റേ ചെയ്തത്.
2017ല്‍ സിനിമാ ചര്‍ച്ചയ്ക്ക് ഉണ്ണി മുകുന്ദനെ കാണാനെത്തിയപ്പോള്‍ ലൈംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോശമായി പെരുമാറിയെന്നാണു കോട്ടയം സ്വദേശിനിയായ യുവതിയുടെ പരാതി. കേസില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. വിചാരണ പുരോഗമിക്കുന്നതിനിടെയാണു കേസ് റദ്ദാക്കാന്‍ ഉണ്ണി മുകുന്ദന്‍ ഹൈക്കോടതിയെ സമീപിച്ചത്. നടന്‍ ഉണ്ണി മുകുന്ദനെതിരായ പീഡന പരാതിയില്‍ വിചാരണ തുടരാമെന്ന് കേരളാ ഹൈക്കോടതി മെയ് 23 ന് ഉത്തരവിട്ടിരുന്നു. കേസില്‍ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് താരം നല്‍കിയ ഹര്‍ജി ഹൈക്കോടതി അന്ന് തള്ളിയിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കിയതായി നേരത്തെ ഉണ്ണി മുകുന്ദന്റെ അഭിഭാഷകന്‍ സൈബി ജോസ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് പരാതിക്കാരി പിന്നീട് രംഗത്തെത്തിയിരുന്നു. സംഭവത്തിന് ശേഷം തന്നെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും നടന്‍ ശ്രമിക്കുന്നുവെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് കേസ് റദ്ദാക്കണമെന്ന നടന്റെ ഹർജി കഴിഞ്ഞ മാസം തള്ളിയിരുന്നു. ഇപ്പോൾ വീണ്ടും പരാതിക്കാരിയുമായി ഒത്തുതീർപ്പായെന്ന് അറിയിച്ചതോടെ കേസിന്റെ തുടർ നടപടികൾ വീണ്ടും സ്റ്റേ ചെയ്തു.