We Talk

ടി പി വധകേസ് പ്രതികൾക്ക് ജയിലിൽ സുഖവാസം

കേരളത്തിലെ ജയിലുകളില്‍ കഴിയുന്ന ക്രിമിനല്‍ കുറ്റവാളികളില്‍ ഏറ്റവും കൂടുതല്‍ പ്രിവിലേജ് അനുഭവിക്കുന്നത് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ആണെന്നത് ജയില്‍ അധികൃതര്‍ക്കും  നാട്ടിലെ നിയമ നീതിന്യായ സംവിധാനത്തിനും ബോധ്യമുള്ള കാര്യമാണ്. അവര്‍ക്കു പല വിധ കാര്യങ്ങള്‍ പറഞ്ഞു  ഇഷ്ടം പോലെ പരോള്‍ കൊടുക്കുന്നു. പരോളില്‍ ഇറങ്ങി അവര്‍ കുറ്റകൃത്യങ്ങള്‍ യഥേഷ്ടം നടത്തുന്നു.  ജയിലില്‍ കിടന്നു പുറത്തെ  കുറ്റകൃത്യങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നു. കൊടി  സുനി ക്വട്ടേഷന്‍ എടുത്തു നടപ്പാക്കുന്നു. കിര്‍മാണി മനോജ് ലഹരിപ്പാര്‍ട്ടി നടത്തുന്നു. മുഹമ്മദ് ഷാഫി  സ്വര്‍ണം കടത്തുന്നു.മദ്യവും മൊബൈല്‍ ഫോണും മറ്റും അവര്‍ക്കു ജയിലിനുള്ളില്‍ കിട്ടുന്നു. ചുരുക്കത്തില്‍ ജയിലിനു അകവും പുറവും അവര്‍ക്കു ഒരു പോലെയാണ്. സര്‍ക്കാരും പാര്‍ട്ടിയും അകമഴിഞ്ഞ് സഹായിക്കുന്നതിനാല്‍ ജയില്‍ അവര്‍ക്കു സെക്കന്‍ഡ് ഹോം ആണെന്ന് പറയാം.

 ടി പി കേസിലെ  നാലാം പ്രതി ടി കെ രജീഷിനെ കഴിഞ്ഞ ദിവസം കര്‍ണാടക പോലീസ് വാറണ്ടുമായി വന്നു  കണ്ണൂര്‍ ജയിലില്‍ നിന്ന് അറസ്റ്റ്  ചെയ്തു കൊണ്ടു പോയി. കേരളത്തിലേക്ക് തോക്കു കടത്തിയ കേസില്‍  ചോദ്യം ചെയ്യാനാണ് അറസ്റ്റ്. കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ടു മലയാളികളെ കര്‍ണാടക പോലീസ് പിടികൂടി  ചോദ്യം  ചെയ്തപ്പോള്‍ അവരാണ് പറഞ്ഞത് കണ്ണൂര്‍ ജയിലില്‍ കഴിയുന്ന ടി കെ രജീഷിന്റെ നിര്‍ദേശപ്രകാരമാണ് തോക്കു കൊണ്ടുപോകുന്നതെന്ന്. ഇതൊരു ഒറ്റപ്പെട്ട സംഭവമൊന്നുമല്ല. ടി പി കേസ് പ്രതികള്‍ക്കെതിരെ അവര്‍ ജയിലില്‍ അടയ്ക്കപ്പെട്ടതു മുതല്‍ ഇത്തരം സംഭവങ്ങള്‍ കേട്ടു കൊണ്ടിരിക്കുന്നതാണ്.

കേരളത്തില്‍ ഒരു ജയില്‍ പുള്ളിക്കും ഇന്നേവരെ കിട്ടാത്ത ആനുകൂല്യങ്ങളും സുഖസൗകര്യങ്ങളുമാണ്  ടി പി യുടെ കൊലയാളികള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. കേസില്‍ 12 പേരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചെങ്കില്‍ അവരില്‍  പത്തു പേരേ ഇപ്പോഴുള്ളൂ. എന്‍ ജി ഓ യൂണിയന്‍ നേതാവായിരുന്ന ഒഞ്ചിയം സ്വദേശി  സി എച് അശോകനും  സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം ആയിരുന്ന പി കെ കുഞ്ഞനന്തനും മരിച്ചു. പിണറായി സര്‍ക്കാര്‍ വന്ന ശേഷം  വര്‍ഷത്തില്‍ പകുതി ദിവസവും ടി പി കേസ് പ്രതികള്‍ പലവിധ ഇളവുകള്‍ സമ്പാദിച്ചു  ജയിലിനു പുറത്തായിരുന്നു. കോവിഡ് അവര്‍ക്കു വലിയ അനുഗ്രഹം  ആയി. തുടര്‍ച്ചയായി കോവിഡ് കാലത്തു അവര്‍ക്കു  പരോള്‍ ലഭിച്ചു. പരോള്‍ കാലയളവില്‍ അവര്‍ നടത്തിയ കുറ്റകൃത്യങ്ങളുടെ കണക്കു മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ ചോദ്യത്തിന് മറുപടിയായി പറയുകയും ചെയ്തു. സ്വര്‍ണക്കടത്തും ക്വട്ടേഷനും എല്ലാം അതില്‍ പെടുന്നു.  പരോളില്‍ പുറത്തിറങ്ങി കുറ്റകൃത്യം നടത്തി അതിന്റെ പേരില്‍ പോലീസ് കേസ് രെജിസ്റ്റര്‍ ചെയ്തിട്ടും വീണ്ടും ഉദാരമായി ടി പി കേസ് പ്രതികള്‍ക്ക് പരോള്‍ കിട്ടുന്നുമുണ്ട് .  പരോളില്‍ ഇറങ്ങിയവര്‍  മര്യാദരാമന്മാരായി ജീവിച്ചു എന്ന  പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സാധാരണ നിലയില്‍  വീണ്ടും പരോള്‍ നല്‍കുന്നത്.എന്നാല്‍ ടി പി കേസ് പ്രതികള്‍ക്കു ഇതൊന്നും ബാധകമല്ല. അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ എന്ത് റിപ്പോര്‍ട്ടും ഏതു പോലീസ് സ്റ്റേഷനില്‍ നിന്നും ലഭിക്കും.  
ടി പി ചന്ദ്രശേഖരന്റെ വധവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതു മുതല്‍ ഇതുവരെ സിപി എമ്മിന്റെ ഔദ്യോഗിക ഭാഷ്യം. എന്നാല്‍ കേസിലെ പ്രതികളെ ഒരമ്മക്ക് പിറന്ന മക്കളെപ്പോലെ ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് പാര്‍ട്ടി. കേസിലെ അഞ്ചാം പ്രതി മുഹമ്മദ് ഷാഫിയും ആറാം പ്രതി അണ്ണന്‍ സിജിത്തും രണ്ടാം പ്രതി കിര്‍മാണി മനോജ്ഉം  പരോളില്‍ ഇറങ്ങി വിവാഹം കഴിച്ചവരാണ്. പാര്‍ട്ടിയുടെ തണലിലാണ് ഇതൊക്കെ നടക്കുന്നത്. മുഹമ്മദ്  ഷാഫിയുടെ വിവാഹത്തിന് ആശംസ അര്‍പ്പിക്കാന്‍ സിപിഎമ്മിന്റെ  മുതിര്‍ന്ന നേതാക്കള്‍ വരെ  പോയിരുന്നു. കിര്‍മാണി മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെ ആണെന്നും താന്‍ ഇതുവരെ ഭാര്യയുമായി ബന്ധം വേര്‍പെടുത്തിയിട്ടില്ലെന്നും രണ്ടു മക്കളുണ്ടെന്നും കാണിച്ചു വടകര സ്വദശിയായ ആള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു.
കരിപ്പൂര്‍ സര്‍ണക്കടത്തു കേസിലെ  പ്രതി അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ്  ചോദ്യം ചെയ്തപ്പോള്‍ ടി പി കേസിലെ പ്രതികളുടെ സഹായം സ്വര്‍ണം കടത്താന്‍ തനിക്കു ഉണ്ടായിരുന്നുവെന്ന് അയാള്‍ സമ്മതിച്ചു. .എന്നാല്‍ പോലീസ് ഇതു സംബന്ധിച്ചു വിശദ  അന്വേഷണം നടത്തിയതേയില്ല. കിര്‍മാണി മനോജ് പരോളില്‍ ഇറങ്ങിയ സന്ദര്‍ഭത്തില്‍ വയനാട്ടിലെ റിസോര്‍ട്ടില്‍ ലഹരിപ്പാര്‍ട്ടി നടത്തി പിടിയിലായ സംഭവത്തിലെ അന്വേഷണവും ഒരിടത്തും എത്തിയില്ല.  
കൊടി  സുനി പുതിയ വീട് വെച്ചതും മുഹമ്മദ് ഷാഫിയെ പ്രകീര്‍ത്തിക്കുന്ന പാട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയതും കെ കെ രമയെ ആസ്ഥാന വിധവ എന്ന് ആക്ഷേപിക്കുന്നതും  ടി പി കേസിലെ  അനുബന്ധ സംഭവങ്ങളില്‍ ചിലതാണ്.   ചന്ദ്രശേഖരന്റെ കൊലയാളികള്‍ക്ക് വീര പരിവേഷം നല്‍കുന്നത് സിപിഎം അണികള്‍ മാത്രമല്ല , നേതാക്കളും അവര്‍ക്കൊപ്പമാണ്. ജീവപര്യന്തം  ജയില്‍ വാസത്തിനിടയില്‍ രോഗബാധിതനായി മരിച്ച പി കെ കുഞ്ഞനന്തനെ ഈയിടെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍  ഹീറോ ആയാണ് അവതരിപ്പിച്ചത്. കുഞ്ഞനന്തനെ മോശമായി ചിത്രീകരിച്ചത് മാധ്യമങ്ങള്‍ ആണെന്ന് അദ്ദേഹം  കുറ്റപ്പെടുത്തുകയും ചെയ്തു. ടി പി വധത്തിന്റെ സൂത്രധാരന്‍ എന്ന് അന്വേഷണ സംഘം കണ്ടെത്തുകയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്ത ആളാണ് കുഞ്ഞനന്തന്‍. അല്ലാതെ മാധ്യമങ്ങളല്ല അദ്ദേഹത്തിന് ശിക്ഷ വിധിച്ചത്.  നാട്ടിലെ നിയമ നീതി ന്യായ സംവിധാനങ്ങള്‍ പോറലേല്‍ക്കാതെ നില നിര്‍ത്തേണ്ടത്  ഏതൊരു സര്‍ക്കാരിന്റെയും കടമയാണ്.  ക്രിമിനലുകള്‍ക്കു സര്‍ക്കാര്‍ കുടപിടിക്കുന്ന സാഹചര്യം തുടര്‍ന്നാല്‍  അതിനു ഭാവിയില്‍  വലിയ വില കൊടുക്കേണ്ടി വരും.  

Leave a Reply

Your email address will not be published. Required fields are marked *