ആദിപുരുഷ് തീയേറ്ററിലെത്തി ; സിനിമ കാണാൻ കുരങ്ങനും! വീഡിയോ വൈറൽ
ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരുന്ന പ്രഭാസ് ചിത്രം ആദിപുരുഷ് തീയേറ്ററുകളിലെത്തി. ഇതിനകം തന്നെ നിരവധി വിമർശനങ്ങൾ ചിത്രം ഏറ്റുവാങ്ങിയിട്ടുണ്ട്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ ഹനുമാനെയും രാവണനെയുമൊക്കെ മോശമായി ചിത്രീകരിച്ചു എന്ന വിമർശനം ഉയർന്നിരുന്നു. തൊട്ടുപിന്നാലെ, ആദിപുരുഷ് റിലീസ് ചെയ്യുമ്പോൾ എല്ലാ തിയേറ്ററിലും ഒരു സീറ്റ് ഒഴിച്ചിടണം, കാരണം ഹനുമാൻ ചിത്രം കാണാനെത്തുമെന്ന പ്രചരണവും വിമർശനങ്ങൾ ഏറ്റുവാങ്ങി. എന്നാൽ ഇപ്പോൾ ഒരു കുരങ്ങൻ ആദിപുരുഷ് കാണാൻ എത്തിയ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്.
കുരങ്ങനെ ആരെങ്കിലും അവിടെ കൊണ്ടു വന്നതാണോ എന്ന് വ്യക്തമല്ല.
മാത്രമല്ല തീയേറ്ററുകളിൽ ഭഗവാൻ ഹനുമാന്റെ ഇരിപ്പിടം എന്ന് പറഞ്ഞു ഒരു സീറ്റ് മാറ്റിയിടുകയും, ഹനുമാന്റെ ഫോട്ടോയും കാവി മുണ്ടിൽ ഹനുമാനെ ആലേഖനം ചെയ്തു മുണ്ട് വിരിച്ച് പൂജ നടത്തുകയും ചെയ്യുന്ന വീഡിയോയും പലരും പങ്കുവെക്കുന്നുണ്ട്.
ഹനുമാൻ ചിരഞ്ജീവിയാണെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും ഹനുമാന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം. ട്രേഡ് അനലിസ്റ്റ് എബി ജോർജ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരുന്നു .
രാമായണത്തെ ആസ്പദമാക്കിയുള്ള എപിക് മിത്തോളജിക്കല്‍ ചിത്രത്തിന്‍റെ ബജറ്റ് 500 കോടിയാണെന്നാണ് പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. അതിന്‍റെ 85 ശതമാനത്തോളം റിലീസിന് മുന്‍പ് തന്നെ ചിത്രം തിരിച്ചുപിടിച്ചതായും ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.
‘താനാജി’ക്കു ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാഘവ എന്ന കഥാപാത്രമായി പ്രഭാസും ലങ്കേഷ് എന്ന വില്ലൻ കഥാപാത്രമായി സെയ്ഫ് അലിഖാനും എത്തുന്നു. ജാനകിയായി കൃതി സനോണും ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാന്റെ വേഷത്തിൽ ദേവദത്ത നാഗേയും അഭിനയിക്കുന്നുണ്ട്.