ബിപോർജോയ്, ടൗട്ടെ, അംഫാൻ …ചുഴലിക്കാറ്റിന് പേരിടുന്നതെങ്ങനെ?
കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറയുന്നത് ബിപാേർജോയ് ആണ്. ഒരു ചുഴലിക്കാറ്റിന് ഈ പേര് കിട്ടിയത് എങ്ങനെയാകുമെന്ന് ആലോചിച്ചിട്ടുണ്ടോ. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ തീരപ്രദേശങ്ങൾക്ക് കാര്യമായ ഭീഷണി ഉയർത്തുന്ന ശക്തവും വിനാശകരവുമായ പ്രകൃതി പ്രതിഭാസങ്ങളാണ് ചുഴലിക്കാറ്റുകൾ. ഇവയെ കൃത്യമായി ട്രാക്ക് ചെയ്യുന്നതിനും ആശയവിനിമയം നടത്താനുമായാണ് കാലാവസ്ഥാ സംഘടനകൾ ഒരു പേരിടൽ രീതി പിന്തുടരുന്നത്.
ഒഡിഷയിലുണ്ടായ ഒരു ഭീകരമായ ചുഴലിക്കാറ്റിന് പിന്നാലെയാണ് ‘പേരിടലിന്’ വലിയ പ്രധാന്യമുണ്ടെന്ന് അധികൃതർക്ക് മനസിലാകുന്നത്. 1999ൽ വീശിയടിച്ച ആ ചുഴലിക്കാറ്റിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. എന്നാൽ, ഒന്നും തന്നെ പലരുടേയും ഒാർമകളിലില്ല. അതിന് കാരണം, ആ ചുഴലിക്കാറ്റിന് പേരില്ല എന്നത് തന്നെ. അതോടെ 2000-ത്തിൽ ഏഷ്യ പസഫിക് മേഖലയിലെ ചുഴലിക്കാറ്റുകൾക്ക് പേര് നൽകാനായി ഒരു പാനലിനെ നിശ്ചയിച്ചു. വേഗത 55 കിലോമീറ്ററിലധികമായാലേ ഒരു കാറ്റിനെ ചുഴലിക്കാറ്റായി പരിഗണിക്കുകയുള്ളു. ചുഴലിക്കാറ്റ് 74 മൈൽ വേഗത മറികടന്നാൽ അതിന് പേരിടും. അറബിക്കടലിൽ രൂപം കൊണ്ട ഏറ്റവും പുതിയ ഉഷ്ണമേഖലാ കൊടുങ്കാറ്റാണ് ബിപാേർജോയ്. ഗുജറാത്ത് തീരമേഖലയിൽ കനത്ത നാശംവിതച്ച ഈ ചുഴലിക്കാറ്റ് വ്യാഴാഴ്ച വൈകീട്ടോടെയാണ് കരതൊട്ടത്. ചുഴലിക്കാറ്റിൽ രണ്ട് പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. ഇതിന് ‘ബിപാേർജോയ്’ എന്ന പേര് നിർദ്ദേശിച്ചത് ബംഗ്ലാദേശാണ്, ബംഗാളിയിൽ ഈ വാക്കിന്റെ അർത്ഥം ‘ദുരന്തം’ എന്നാണ്. നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഒാരോ രാജ്യങ്ങളാണ് ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത്. ഒരു ചുഴലിക്കാറ്റിന് ഒരു പേര് നൽകി കഴിഞ്ഞാൽ പിന്നെ അത് ശക്തി പ്രാപിച്ചാലും ദുർബലമായാലും ആ പേരിൽ മാറ്റമുണ്ടാവില്ല. ചുഴലിക്കാറ്റിന്റെ നീക്കം ട്രാക്ക് ചെയ്യുന്നതിനും മുന്നറിയിപ്പുകൾ നൽകുന്നതിനും ബാധിത പ്രദേശങ്ങളിലേക്ക് വിവരങ്ങൾ എത്തിക്കുന്നതിനും ഇത്തരത്തിൽ പേരിടുന്നത് സഹായിക്കുന്നു. എളുപ്പത്തിൽ ഓർമ്മിക്കാനും ഉച്ചരിക്കാനും കഴിയുന്ന പേരുകളാണ് പൊതുവെ തിരഞ്ഞെടുക്കുക, എന്തെങ്കിലും പ്രശ്നമുള്ളതോ വിവാദമാകാൻ സാധ്യതയുള്ളതോ ആയിരിക്കരുത് പേരുകൾ എന്നും നിബന്ധനയുണ്ട്. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾക്ക് മനസിലാക്കാൻ കഴിയുന്ന തരത്തിൽ വിവിധ ഭാഷകളിൽ നിന്നാണ് പേരുകൾ തിരഞ്ഞെടുക്കുന്നത്. ഇന്ത്യൻ മഹാസമുദ്ര മേഖലയെ വ്യത്യസ്ത കാലാവസ്ഥാ മേഖലകളായി തിരിച്ചിട്ടുണ്ട്. ഓരോ മേഖലയിലെയും ചുഴലിക്കാറ്റുകൾ നിരീക്ഷിക്കുന്നതിന് പ്രാദേശികമായി പ്രത്യേക കാലാവസ്ഥാ കേന്ദ്രമുണ്ട്. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ്, മ്യാൻമർ, ഒമാൻ, പാകിസ്ഥാൻ, തായ്‌ലൻഡ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നത് ഇന്ത്യൻ മഹാസമുദ്ര മേഖലയിലാണ്. വേൾഡ് മെറ്റിയോറോളജിക്കൽ ഓർഗനൈസേഷന്റെയും (ഡബ്ല്യുഎംഒ) തീരുമാനത്തെത്തുടർന്ന് ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ചുഴലിക്കാറ്റുകൾക്ക് പേരിടാനുള്ള പ്രക്രിയ 2000ലാണ് ആരംഭിച്ചത്. അതിന് മുമ്പ്, ചുഴലിക്കാറ്റുകളെ അവയുടെ ബാധിതമേഖലകളോ അക്ഷാംശ, രേഖാംശ കോർഡിനേറ്റുകളോ ഉപയോഗിച്ചാണ് പരാമർശിച്ചിരുന്നത്. ഇത് വലിയ ആശയക്കുഴപ്പത്തിലേക്ക് നയിക്കുകയും ഒരേസമയം ഒന്നിലധികം സിസ്റ്റങ്ങൾ ട്രാക്കുചെയ്യുന്നത് വെല്ലുവിളിയാക്കുകയും ചെയ്തു. 2000 മുതൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത് ട്രോപ്പിക്കൽ സൈക്ലോൺ വാണിംഗ് സെന്റർ എന്നറിയപ്പെടുന്ന ഡബ്ല്യുഎംഒയുടെ ന്യൂ ഡൽഹിയിലെ റീജിയണൽ സ്പെഷ്യലൈസ്ഡ് മെറ്റീരിയോളജിക്കൽ സെന്ററിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ്.
പേരിടൽ പ്രക്രിയ എങ്ങനെ?
മേഖലയിലെ അംഗങ്ങളായ ഓരോ രാജ്യവും ദേശീയ കാലാവസ്ഥാ ഏജൻസികൾ അംഗീകരിച്ചതും സ്ഥാപിച്ചതുമായ പേരുകളുടെ ഒരു ലിസ്റ്റ് നൽകുന്നു. ഈ പേരുകൾ സാധാരണയായി അതാത് രാജ്യങ്ങളുടെ സാംസ്കാരികമോ ചരിത്രപരമോ ഭൂമിശാസ്ത്രപരമോ ആയ പ്രാധാന്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പേരുകളുടെ ലിസ്റ്റ് മുൻകൂട്ടി തയ്യാറാക്കുകയും റൊട്ടേഷൻ അടിസ്ഥാനത്തിൽ ഉപയോഗിക്കുകയും ചെയ്യുന്നു. വിവിധ രാജ്യങ്ങൾക്ക് അവരുടേതായ ലിസ്റ്റുകളുണ്ട്. ലിംഗസമത്വം ഉറപ്പാക്കാൻ പേരുകളുടെ ലിസ്റ്റുകളിൽ സ്ത്രീ-പുരുഷ പേരുകൾ ഉൾപ്പെടുത്തണമെന്ന് നിർദേശമുണ്ട്. പ്രദേശത്തെ ആളുകൾക്ക് പരിചിതവും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്നതുമായ പേരുകളാണ് തിരഞ്ഞെടുക്കുക. ഒരു ചുഴലിക്കാറ്റ് കാര്യമായ ജീവഹാനിയോ വിപുലമായ നാശനഷ്ടങ്ങളോ ഉണ്ടാക്കുന്ന സന്ദർഭങ്ങളിൽ, ആ ചുഴലിക്കാറ്റിന്റെ പേര് നാമനിർദ്ദേശ പട്ടികയിൽ നിന്ന് ഒഴിവാക്കും. പിന്നെ മറ്റൊരു ചുഴലിക്കാറ്റിനും ആ പേര് ഉപയോഗിക്കില്ല. അപകടത്തിന്റെ ഇരകളെ ബഹുമാനിക്കുന്നതിനും ഭാവിയിൽ ആശയക്കുഴപ്പം ഒഴിവാക്കുന്നതിനുമാണ് ഇങ്ങനെ ചെയ്യുന്നത്. കാലാവസ്ഥാ ഏജൻസികൾ, സർക്കാരുകൾ, മാധ്യമ സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവർ തമ്മിലുള്ള ആശയവിനിമയം കാര്യക്ഷമമാക്കാൻ പേരിടൽ പ്രക്രിയ സഹായിക്കുന്നുണ്ട്. ഒപ്പം മെച്ചപ്പെട്ട തയ്യാറെടുപ്പും പ്രതികരണ നടപടികളും സുഗമമാക്കുകയും ചെയ്യുന്നു.
ഇതിന് മുൻപ് രാജ്യത്ത് കനത്ത നാശനഷ്ടമുണ്ടാക്കിയ നിരവധി ചുഴലിക്കാറ്റുകളുണ്ടായിട്ടുണ്ട്. ടൗട്ടെ അഥവാ പല്ലി എന്നർഥം വരുന്ന ചുഴലിക്കാറ്റ് രാജ്യം കൊവിഡ്-19 ന്റെ രണ്ടാം തരംഗവുമായി പൊരുതുമ്പോൾ 2021 മെയ് 17 ന് ഗുജറാത്തിന്റെ തെക്കൻ തീരത്ത് പതിക്കുകയും കനത്ത നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. മറ്റൊരു വലിയ ചുഴലിക്കാറ്റായ അംഫാൻ, 2020 മെയ് 20 ന് പശ്ചിമ ബംഗാളിലെ സുന്ദർബനിനടുത്ത് കരയിൽ പതിച്ചു. ഫോനി എന്ന ചുഴലിക്കാറ്റ് 2019 മെയ് 3 ന് ഒഡീഷയിലെ പുരിക്ക് സമീപം മണിക്കൂറിൽ 175 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ചു. 2016 ഡിസംബർ 12-ന് ചെന്നൈയ്ക്ക് സമീപം കരകയറിയ വർദ ചുഴലിക്കാറ്റ് 18 പേരുടെ ജീവനാണ് അപഹരിച്ചത്.
2014 ഒക്ടോബർ 12-ന് ആന്ധ്രാപ്രദേശിലെയും ഒഡീഷയിലെയും തീരപ്രദേശങ്ങളിൽ ആഞ്ഞടിച്ച ഹുദ്ഹുദ് ചുഴലിക്കാറ്റ് ഏകദേശം 124 പേരുടെ ജീവൻ അപഹരിക്കുകയും കെട്ടിടങ്ങൾ, റോഡുകൾ, പവർ ഗ്രിഡ് എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് കാര്യമായ നാശം വരുത്തുകയും ചെയ്തു. 2013 ഒക്‌ടോബർ 12-ന് ഗഞ്ചം ജില്ലയിലെ ഗോപാൽപൂരിനടുത്ത് ഒഡീഷ തീരത്ത് മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലാണ് ഫൈലിൻ എന്ന ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഏതായാലും വലിയ രീതിയിലുള്ള ജീവഹാനിയൊന്നും തന്നെ സൃഷ്ടിക്കാതെ ബിപാേർജോയ് ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞതിന്റെ ആശ്വാസത്തിലാണ് രാജ്യം ഇപ്പോൾ.