We Talk

നെഹ്‌റുവിന്റെ പേരിലുള്ള മ്യൂസിയത്തിൽ നിന്ന് നെഹ്റുവിനെ ഒഴിവാക്കി കേന്ദ്രസർക്കാർ

രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ പേരിലുള്ള മ്യൂസിയത്തിന്റെ പേരുമാറ്റി കേന്ദ്രസർക്കാർ. നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി (എൻഎംഎംഎൽ) എന്നത് ‘പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം’ എന്നാക്കി മാറ്റി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന യോഗത്തിലാണ് മ്യൂസിയത്തിന്റെ പേരുമാറ്റാൻ തീരുമാനമെടുത്തത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള 29 അംഗ മ്യൂസിയം കമ്മിറ്റിയിൽ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, അനുരാഗ് ഠാക്കൂർ, ധർമേന്ദ്ര പ്രധാൻ, ജി കിഷൻ റെഡ്ഡി, നിർമല സീതാരാമൻ എന്നിവരും അംഗങ്ങളാണ്. ഡൽഹിയിലെ തീൻ മൂർത്തി കോംപ്ലക്സിനുള്ളിൽ സ്ഥിതി ചെയ്യുന്ന നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി 1964 നവംബർ 14നാണ് രാജ്യത്തിന് സമർപ്പിച്ചത്. ആധുനികവും സമകാലികവുമായ ഇന്ത്യയെക്കുറിച്ചുള്ള ഗവേഷണം പ്രോത്സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യം. 1948 ഓഗസ്റ്റ് മുതൽ മരിക്കും വരെയും നെഹ്രുവിന്റെ ഔദ്യോഗിക വസതി കൂടിയായിരുന്നു തീൻ മൂർത്തി ഭവൻ. പിന്നീട് 2022 ഏപ്രിലിൽ ഇത് പുനർനിർമിക്കുകയും എല്ലാ പ്രധാനമന്ത്രിമാരുടെയും സ്മരണാർത്ഥം മ്യൂസിയമാക്കി മാറ്റുകയുമായിരുന്നു. തീരുമാനത്തിനെതിരെ കോൺ​ഗ്രസ് രം​ഗത്തെത്തി. അരക്ഷിതത്വം നിറഞ്ഞ ചെറിയ മനുഷ്യനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ”എൻഎംഎംഎല്ലിന് നൽകിയിരിക്കുന്നത് രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയായ ജവാഹർലാൽ നെഹ്രുവിന്റെ പേരാണ്. ഇന്ത്യയെന്ന ദേശരാഷ്ട്രത്തിന്റെ ശില്പിയെന്ന നിലയിൽ ആ പേരിനൊരു പാരമ്പര്യമുണ്ട്. അല്പത്തരത്തിന്റേയും പ്രതികാരത്തിന്റേയും പേരാണ് മോദി. 59 വർഷങ്ങളായി പുസ്തകങ്ങളുടെയും ആർക്കൈവുകളുടെയും ഒരു ആഗോള ബൗദ്ധികനാഴികക്കല്ലാണ് എൻഎംഎംഎൽ” -ജയറാം രമേശ് ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *