കേരള ബിജെപിയിൽ കൊഴിഞ്ഞുപോക്ക്
സിനിമാ സംവിധായകൻ രാജസേനൻ, നടൻ ഭീമൻ രഘു എന്നിവർക്ക് പിന്നാലെ സംവിധായകൻ അലി അക്ബർ എന്ന രാമസിംഹൻ അബൂബക്കർ കൂടി ബിജെപി വിട്ടതോടെ കേന്ദ്രം ഭരിക്കുന്ന പാർട്ടിയിൽ കേരളത്തിൽ നടക്കുന്ന ഒഴിച്ചുപോക്ക് ചർച്ചാ വിഷയമായിരിക്കുകയാണ്. രാജസേനനും ഭീമൻ രഘുവും സിപിഎമ്മിൽ ചേരാനാണ് പാർട്ടി വിട്ടതെങ്കിൽ താൻ ഒരു പാർട്ടിയിലും ചേരില്ലെന്നാണ് രാമസിംഹൻ അബുബക്കർ പറഞ്ഞത്. മൂന്നു പേരും ബിജെപിക്കെതിരെ ഉന്നയിക്കുന്ന ആരോപണം ഏറെക്കുറെ ഒന്ന് തന്നെയാണ്. കലാകാരൻമാർ എന്ന നിലയിൽ വലിയ തോതിലുള്ള അവഗണന പാർട്ടിയിൽ നിന്ന് നേരിട്ടു എന്നാണ് അവരുടെ പരാതി. കേന്ദ്ര ഭരണകക്ഷിയിൽ വലിയ പ്രതീക്ഷകൾ അർപ്പിച്ചു കൊണ്ടാണ് ഇവർ പാർട്ടിയിൽ ചേർന്നതെന്നും അത് നടക്കാതെ വന്നപ്പോൾ നിരാശരായി പാർട്ടി വിടുകയായിരുന്നുവെന്നുമാണ് ചില ബിജെപി നേതാക്കളുടെ അനൗദ്യോഗിക വ്യാഖ്യാനം .അതായതു പ്രതീക്ഷിച്ച സ്ഥാനമാനങ്ങൾ ലഭിച്ചില്ല എന്നതാണത്രേ പാർട്ടി വിടാൻ കാരണം.

മറ്റൊരു പാർട്ടിയിലേക്കും ഇല്ലെന്നു വ്യക്തമാക്കിയ രാമസിംഹൻ , താൻ ഇപ്പോഴും നരേന്ദ്രമോദി ഫാൻ തന്നെയാണെന്നു വ്യക്തമാക്കുന്നുണ്ട്. ഹിന്ദു ഏകീകരണത്തിനു വേണ്ടി തുടർന്ന് പ്രവർത്തിക്കുമെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. കേരളത്തിലെ ബിജെപി നേതൃത്വത്തിന് ഹിന്ദുത്വ തീവ്രത പോരെന്നു രാമസിംഹന് പരാതി ഉള്ളതായാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് ലഭിക്കുന്ന സൂചന.
ശ്രദ്ധേയമായ ചില ചിത്രങ്ങൾ സംവിധാനം ചെയ്‌ത അലി അക്ബർ , ബിജെപിയിൽ ചേർന്ന ശേഷം താൻ ഇസ്‌ലാം വിടുകയാണെന്നു പ്രഖ്യാപനം നടത്തിയാണ് രാമസിംഹൻ അബുബക്കർ എന്ന പേര് സ്വീകരിച്ചത്. ന്യൂനപക്ഷങ്ങളെ പാർട്ടിയുമായി അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് അലി അക്ബറിനെയും എ പി അബ്ദുല്ലക്കുട്ടിയെയുമൊക്കെ ബിജെപി സ്വീകരിച്ചു കൊണ്ടുവന്നതും പാർട്ടിയിൽ ചില സ്ഥാനമാനങ്ങൾ നൽകിയതും. അലി അക്ബർ ഇസ്‌ലാം ഉപേക്ഷിച്ചതോടെ പാർട്ടിക്ക് അദ്ദേഹത്തെ വേണ്ടാതാവുകയും സംസ്ഥാന കമ്മിറ്റിയിൽ നിന്ന് അടുത്തിടെ ഒഴിവാക്കുകയും ചെയ്തു. കുമ്മനം രാജശേഖരൻ നേമം നിയമസഭാ മണ്ഡലത്തിൽ തെരഞ്ഞടുപ്പിൽ തോറ്റപ്പോൾ പന്തയത്തിലെ വാക്ക് പാലിക്കുന്നതിന് തല മൊട്ടയടിച്ചയാളാണ് അലി അക്ബർ. 1921 ൽ മലബാർ കലാപത്തെ ആസ്പദമാക്കി അദ്ദേഹം നിർമ്മിച്ച പുഴ മുതൽ പുഴ വരെ എന്ന സിനിമ വൻതോതിൽ പരാജയപ്പെട്ടിരുന്നു. ജനകീയ പിന്തുണയിൽ നിർമിക്കുന്നു എന്ന് പ്രഖ്യാപിച്ച സിനിമയുടെ നിർമാണ ചെലവിലേക്കു ആർ എസ് എസ് പ്രവർത്തകർ ലക്ഷകണക്കിന് രൂപ സംഭാവന നൽകിയിരുന്നു. പണം പിരിച്ചു സിനിമ എടുത്ത ശേഷം അത് പൊട്ടിയപ്പോൾ പാർട്ടി വിട്ടു എന്ന ആക്ഷേപം ചില കേന്ദ്രങ്ങൾ അദ്ദേഹത്തിനെതിരെ ഉന്നയിക്കുന്നുണ്ട്.

കേരള ബിജെപിയിൽ വലിയ തോതിൽ അഴിച്ചുപണി നടന്നു കൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് രാമസിംഹൻ പാർട്ടി വിടുന്നത്. സംസ്ഥാനത്തെ ബിജെപി സംഘടനാ സെക്രട്ടറിയെ കഴിഞ്ഞ ദിവസം പാർട്ടി ദേശീയ നേതൃത്വം മാറ്റിയിരുന്നു. എം ഗണേശനെ മാറ്റി നിലവിൽ സംഘടനാ അസിസ്റ്റന്റ് സെക്രട്ടറി കെ സുഭാഷിനെ സംഘടനാ സെക്രട്ടറിയാക്കുകയാണ് ചെയ്തത്. ഇതിന്റെ തുടർച്ചയായി സംസ്ഥാന ബിജെപിയിൽ വിശദമായ അഴിച്ചുപണി നടക്കുമെന്നാണ് സൂചന. നിലവിൽ ജനറൽ സെക്രട്ടറി പദവി വഹിക്കുന്നവരടക്കം ചില പ്രധാന നേതാക്കൾ തഴയപ്പെടാൻ സാധ്യതയുണ്ട്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ലോക്‌സഭാ തെരഞ്ഞടുപ്പിനു മുൻപ് മാറ്റണമോ എന്ന കാര്യത്തിലും തീരുമാനം ഉണ്ടാകും.
പാർട്ടി കേരള ഘടകത്തിന്റെ പ്രകടനത്തിൽ ബിജെപി ദേശീയ നേതൃത്വം ഒട്ടും സംതൃപ്തമല്ല. സിപിഎമ്മും കോൺഗ്രസും കഴിഞ്ഞാൽ സംസ്ഥാനത്തു ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള പാർട്ടി ആയിട്ടും തെരഞ്ഞെടുപ്പുകളിൽ ജയിക്കാൻ ബിജെപിക്ക് കഴിയുന്നില്ല. പാർട്ടിയുടെ വോട്ടിങ് ശതമാനം താഴേക്ക് പോകുന്നു. സംസ്ഥാനത്തു ഒരു ജനകീയ പ്രശ്നത്തിലും സജീവമായി ഇടപെടാൻ ബിജെപിക്ക് കഴിയുന്നില്ല. കേരളത്തിൽ ഹിന്ദുത്വം കൊണ്ട് മാത്രം പാർട്ടിക്ക് മുന്നോട്ടു പോകാൻ കഴിയുന്നില്ല എന്നിങ്ങനെ കേരള ബിജെപിയുമായി ബന്ധപ്പെട്ട നിരവധി പോരായ്മകൾ കേന്ദ്ര നേതൃത്വത്തിന് മുന്നിലുണ്ട്. ഇതു പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള നടപടികൾ ഉണ്ടായേക്കും.. ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയ ഒരു ഏജൻസി കേരളത്തിലെ ബിജെപിയുടെ സാധ്യതകളും ബലഹീനതകളും വിശദമായി പഠിച്ചു റിപ്പോർട്ട് നൽകിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിൽ പാർട്ടിയും ആർ എസ് എസും തമ്മിലെ ബന്ധം സുദൃഢമല്ലെന്നതടക്കം ചില വിവരങ്ങൾ പ്രസ്തുത റിപ്പോർട്ടിലുണ്ട്. പാർട്ടി നേതൃത്വം അത് ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നാണ് സൂചനകൾ. മറ്റു പാർട്ടികളിൽ നിന്ന്, പ്രത്യേകിച്ച് സി പിഎമ്മിൽ നിന്ന് പ്രാദേശിക തലത്തിലുള്ള നേതാക്കളെ ബിജെപിയിലേക്ക് കൊണ്ടു വരണമെന്ന നിർദേശം നിലവിലിരിക്കെയാണ് ബിജെപിയിൽ നിന്ന് സിപിഎമ്മിലേക്ക് ആളുകൾ പോകുന്നത്.