ഡെലിവറി ബോയ് ബലമായി ടെറസിലെത്തിച്ചെന്ന് 8 വയസുകാരി; രക്ഷയായി സി സി ടി വി
ബെംഗളൂരു: മാതാപിതാക്കൾ ശകാരിക്കുമെന്ന ഭയത്താൽ 8 വയസ്സുകാരി കള്ളം പറഞ്ഞതിനെ തുടർന്ന് ഫുഡ് ഡെലിവറി ബോയ്ക്ക് ക്രൂര മർദ്ദനം. കുട്ടി ടെറസിലേക്ക് പോയത് ചോദ്യം ചെയ്ത മാതാപിതാക്കളോട് രക്ഷപ്പെടാൻ വേണ്ടി ഫുഡ് ഡെലിവറി ബോയ് തന്നെ ബലമായി ടെറസിലേക്ക് കൊണ്ടുപോയതെന്ന് പെൺകുട്ടി കള്ളം പറയുകയായിരുന്നു. ഇതിനെ തുടർന്ന് അപ്പാർട്ട്‌മെന്റിലെ താമസക്കാരും സെക്യൂരിറ്റിയും ചേർന്ന് ഇയാളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പൊലീസെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ കുട്ടി പറഞ്ഞതു നുണയാണെന്നു വ്യക്തമായി. പെണ്‍കുട്ടി തനിയെ നടന്നു ടെറസില്‍ പോകുന്നതിന്റെ ദൃശ്യങ്ങളും യുവാവ് പാഴ്സല്‍ നല്‍കി മടങ്ങാനൊരുങ്ങുന്നതുമാണു ദൃശ്യങ്ങളിലുണ്ടായിരുന്നത്.മർദ്ദനമേറ്റെങ്കിലും സംഭവത്തില്‍ പരാതിയില്ലെന്നായിരുന്നു യുവാവിന്റെ നിലപാട്. തനിക്കും ഒരു മകളുണ്ട്, എന്തിനാണ് കുട്ടി കളവ് പറഞ്ഞതെന്ന് മനസിലായില്ല എന്നും ഇത്തരമൊരു സംഭവത്തിൽ മാതാപിതാക്കൾ എങ്ങനെ പ്രതികരിക്കുമെന്ന് തനിക്കറിയാമെന്നും ഇയാൾ വ്യക്തമാക്കി.