We Talk

എ എ റഹീം എം. പി ക്കെതിരെ അപകീർത്തികരമായ പോസ്റ്റ്‌ പങ്കുവെച്ച ബി ജെ പി പ്രവർത്തകൻ അറസ്റ്റിൽ

പത്തനംതിട്ട: ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റും രാജ്യസഭാ എംപിയുമായ എ എ റഹീമിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റ് പങ്കുവെച്ചെന്ന പരാതിയില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ആറന്മുള കോട്ട സ്വദേശി അനീഷാണ് പൊലീസിന്റെ പിടിയിലായത്. ചാനല്‍ ചര്‍ച്ചയില്‍ ഉയര്‍ന്ന വാദങ്ങളെ മൊബൈല്‍ ഫോണ്‍ ഉയര്‍ത്തിക്കാട്ടി പ്രതിരോധിക്കുന്ന എം പിയുടെ വീഡിയോയും മോന്‍സന്‍ മാവുങ്കലിന്റെ വീട്ടിലെ സിംഹാസനത്തില്‍ തലപ്പാവ് ധരിച്ചിരിക്കുന്ന വ്യാജചിത്രവും ഒന്നിച്ച് ചേര്‍ത്തുകൊണ്ടുള്ള 25 സെക്കന്റ് ദൈര്‍ഘ്യം വരുന്ന വീഡിയോയാണ് അനീഷ് കോട്ട എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ ഇയാള്‍ പങ്കുവെച്ചത്.
വീഡിയോ ഇതുവരെ പതിനാറായിരം പേരോളം പേര്‍ കാണുകയും മുന്നൂറിലധികം പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ ദൃശ്യങ്ങളും ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന വീഡിയോയുടെ ഉള്ളടക്കവും അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാട്ടി എ എ റഹീം എം പി പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ ചെറുത്തുരുത്തി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കോട്ട മണിമന്ദിരത്തില്‍ അനീഷിനെ വീട്ടിലെത്തിയ പൊലീസ് ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചെറുത്തുരുത്തിയിലെത്തിച്ച ശേഷം വിശദമായി ചോദ്യം ചെയ്യും. മുമ്പ് വിദേശത്ത് ജോലി ചെയ്തു വരികയായിരുന്ന 33കാരനായ അനീഷ് നാട്ടില്‍ അറിയപ്പെടുന്ന ബിജെപി പ്രവര്‍ത്തകനാണ്‌.

Leave a Reply

Your email address will not be published. Required fields are marked *