We Talk

യോഗിക്ക് പഠിക്കുന്ന പിണറായി

സിപിഎമ്മിന്റെ രാജ്യത്തെ രണ്ടു പ്രമുഖ നേതാക്കൾ, സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ഈയിടെ കേരളത്തിൽ വന്നപ്പോൾ മാധ്യമ പ്രവർത്തകർക്കെതിരെ പിണറായി സർക്കാർ കേസെടുക്കുന്നതിനെകുറിച്ചുള്ള ചോദ്യങ്ങൾക്കു ഉലക്ക വിഴുങ്ങി ചുക്കുവെള്ളം കുടിച്ച നിലപാടാണ് സ്വീകരിച്ചത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞതിനപ്പുറം ഒന്നും പറയുന്നില്ലെന്നായിരുന്നു യെച്ചൂരിയുടെ മറുപടി. കേസെടുത്തത് സർക്കാരല്ലെന്നും ചില വ്യക്തികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണെന്നുമായിരുന്നു കാരാട്ടിന്റെ ഉത്തരം.

മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി നില കൊണ്ട പാരമ്പര്യമുള്ള പാർട്ടിയുടെ ദേശീയ നേതാക്കളുടെ ഈ ഗതികേട് സഹതാപം അർഹിക്കുന്നതാണ്. രാജ്യത്തു സിപിഎമ്മിന് സ്വാധീനവും ഭരണവുമുള്ള ഏക തുരുത്താണ് കേരളം. അതിനാൽ, പിണറായി സർക്കാരിന് അലോസരമുണ്ടാക്കുന്ന ഒന്നും അവർക്കു പറയാൻ കഴിയില്ല. നരേന്ദ്രമോദി സർക്കാർ വന്ന ശേഷം മാധ്യമങ്ങളെ വരുതിയിൽ നിർത്താനും അനുസരിക്കാത്തവരെ കോർപറേറ്റുകളെ ഉപയോഗിച്ച് കൈവശപ്പെടുത്താനും നടത്തുന്ന നീക്കങ്ങൾക്കെതിരെ ഘോരഘോരം പ്രസംഗിച്ചിട്ടുള്ള ആളാണ് സീതാറാം യെച്ചൂരി. അദ്ദേഹത്തിന് , സിപിഎം ഭരിക്കുന്ന സംസ്ഥാനത്തു പോലീസിനെ ഉപയോഗിച്ച് നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചു ഒന്നും പറയാനില്ല. സർക്കാരുകളെ പാർട്ടി നിയന്ത്രിക്കുന്ന മുൻ കാല രാഷ്ട്രീയ സാഹചര്യം മാറി പാർട്ടിയെ സർക്കാരോ അതിന്റെ തലവനോ ചൊൽപ്പടിക്കു നിർത്തുന്ന അവസ്ഥയിലേക്ക് സിപിഎം മാറിക്കഴിഞ്ഞു.

വ്യക്തികളുടെ പരാതിയിൽ പോലീസ് കേസെടുക്കുന്നു എന്നാണ് സംസ്ഥാനത്തെ മാധ്യമ പ്രവർത്തകർക്കെതിരെ ഈയിടെ എടുത്ത കേസുകളെക്കുറിച്ചു വളരെ ലാഘവത്തോടെ ഉത്തരവാദപ്പെട്ട സിപിഎം നേതാക്കൾ പറയുന്നത്. പരാതി കിട്ടിയാൽ പോലീസ് കേസെടുക്കണ്ടേ , സാക്ഷി പറയാൻ പോലീസ് വിളിച്ചാൽ മാധ്യമ പ്രവർത്തകർ പോകേണ്ടേ എന്നൊക്കെയാണ് ഇക്കൂട്ടർ നിർദോഷമായി ചോദിക്കുന്നത്. മാധ്യമ പ്രവർത്തകർക്ക് പ്രത്യേക അധികാരമില്ലെന്ന് സിപിഎമ്മിന്റെ സൈബർ പോരാളികൾ തുടർച്ചയായി സോഷ്യൽ മീഡിയയിൽ തള്ളി മറിക്കുന്നുമുണ്ട് . മാപ്ര എന്ന പരിഹാസപ്പേരു ഏറ്റവുമധികം ഉപയോഗിക്കുന്നതും അവരാണ്. ശരിയാണ്, ഇന്ത്യൻ ഭരണഘടനയിൽ മാധ്യമ സ്വാതന്ത്ര്യം പ്രത്യേകം എഴുതി വെച്ച ഒന്നല്ല. . എന്നാൽ, അഭിപ്രായ സ്വാതന്ത്ര്യത്തിനും സംസാര സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ഭരണഘടന നൽകുന്ന അവകാശങ്ങളെയാണ് രാജ്യം മാധ്യമ സ്വാതന്ത്ര്യമായി കണക്കാക്കുന്നത്. യു പിയിൽ ആദി യോഗിത്യനാഥ് അതിനെ എങ്ങിനെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നോ , അതിന്റെ കാർബൺ പതിപ്പാണ് പിണറായി ഭരണത്തിൽ കേരളത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
സർക്കാരിനെ എതിർക്കുന്ന മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരെയും കേസിൽ കുടുക്കി ഭീഷണിപ്പെടുത്താനും വരുതിയിൽ നിർത്താനും കഴിയുമെന്ന ബുദ്ധി ആരാണ് പിണറായി വിജയന് ഉപദേശിച്ചു കൊടുക്കുന്നത് ?സർക്കാരിനെ നിശിതമായി വിമർശിക്കുന്ന ഏഷ്യാനെറ്റിലെ മാധ്യമ പ്രവർത്തകർക്കെതിരെ അടുത്തിടെ തുടർച്ചയായി എടുക്കുന്ന കേസുകൾ മുഴുവനും പോലിസ് മേധാവികളുടെ താല്പര്യ പ്രകാരമാണെന്നു വിശ്വസിക്കാനുള്ള മൗഢ്യം മലയാളികൾക്കില്ല. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർബന്ധത്തിന് വഴങ്ങി പൊലീസ് ചെയ്യുന്നതാണ് ഈ കേസെടുക്കൽ .. അതുകൊണ്ടാണല്ലോ ഗവൺമെന്റും അതിനെ നയിക്കുന്ന സിപിഎമ്മും പൊലീസ് നടപടികളെ ന്യായീകരിക്കുന്നത്. മുഖ്യമന്ത്രിയെ തിരുത്താൻ പാർട്ടി ശ്രമിക്കേണ്ടേ എന്നു ചോദിക്കുന്നവർ കേരളത്തിലെ സിപിഎമ്മിലെ സംഘടനാ സമവാക്യത്തെക്കുറിച്ച് ഒരു ചുക്കും അറിയാത്തവരാണെന്ന് പറയേണ്ടിവരും. പിണറായി വിജയൻ പറയുന്നത് പാർട്ടി നയമാക്കുക എന്നതിലേക്ക് സിപിഎമ്മിന്റെ കേരള ഘടകം എത്തിയിട്ട് കുറച്ചുകാലമായി. അതിലൊരു മാറ്റവും പെട്ടെന്ന് പ്രതീക്ഷിക്കേണ്ടതില്ല.

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരുഖ് സെയ്ഫിയെ കേരളത്തിലേക്ക് കൊണ്ടുവന്ന വാഹനം പിന്തുടർന്ന് തത്സമയ സംപ്രേഷണം ചെയ്ത മാതൃഭൂമി ന്യൂസിന്റെ റിപ്പോർട്ടർ, ക്യാമറ മാൻ , ഡ്രൈവർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത് അധികാര ദുർവിനിയോഗത്തിന്റെ ഉദാഹരണമാണ്. കണ്ണൂരിൽ നിന്ന് ഇവരെ മൂന്നു പേരെയും കോഴിക്കോട്ടു വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷം മൊബൈൽ ഫോൺ പിടിച്ചു വെച്ചു . ഒരു ഡിവൈഎസ്പിയുടെ പരാതി പ്രകാരമായിരുന്നു കേസെടുത്തത്. സംസ്ഥാന പൊലീസിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനെ കുടുക്കാനുള്ള രഹസ്യ അജണ്ട ഇതിനു പിന്നിൽ പ്രവർത്തിച്ചിരുന്നു. സാക്ഷി പറയാനും മൊഴി കൊടുക്കാനും പോലീസ് വിളിപ്പിക്കുന്നത് കേസുകളിൽ സാധാരണയാണെന്നാണ് ഇതേപ്പറ്റി മുഖ്യമന്ത്രിയുടെ ഓഫിസ് പ്രതീകരിച്ചത്. അരിയാഹാരം കഴിക്കുന്നവർക്കു മാത്രമല്ല, ഗോതമ്പോ ചോളമോ കഴിക്കുന്നവർക്കും മനസ്സിലാകുന്ന കാര്യം, ഈ പരാതികളെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശ പ്രകാരം ബന്ധപ്പെട്ട വ്യക്തികൾ കൊടുത്തതാണ് എന്നാണ്. എന്നുവെച്ചാൽ, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പൊലീസ് നടപടികൾ സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനമാണെന്ന്. ഉമ്മൻചാണ്ടിയുടെ കാലത്തു മാധ്യമ പ്രവർത്തകർക്കെതിരെ കേസടുത്തില്ലേ എന്ന അങ്ങേയറ്റം ബാലിശമായ ചോദ്യങ്ങളാണ് എം ബി രാജേഷിനെ പോലുള്ള മന്ത്രിമാർ സർക്കാരിന്റെ അമിതാധികാര പ്രവണതയെ ന്യായീകരിക്കുവാൻ ചോദിക്കുന്നത്. ഉമ്മൻചാണ്ടിയുടെ കാലത്തു അഴിമതി നടന്നില്ലേ , അത് കൊണ്ട് എന്ത് കൊണ്ട് ഞങ്ങൾക്കും ആയിക്കൂടാ എന്ന് സാരം.

നരേന്ദ്ര മോദി സർക്കാരിന്റെ മാധ്യമവേട്ടക്കെതിരെ പ്രതികരിക്കാനുള്ള അവകാശമാണ് ഇതിലൂടെ സിപിഎം തുലച്ചതെന്ന് ആ പാർട്ടിയിലെ ബുദ്ധിയുള്ളവർ മനസ്സിലാക്കും. ആരിൽ നിന്നെങ്കിലും പരാതി എഴുതി വാങ്ങി കേസെടുത്ത് പീഡിപ്പിക്കുക എന്ന രീതി തന്നെയാണ് മറ്റു സംസ്ഥാനങ്ങളിലും നടക്കുന്നത്. മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടുവെന്ന് പറഞ്ഞ് കേരളത്തിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ബിജെപിക്കാർക്ക് അവസരം ഒരുക്കിക്കൊടുത്തു എന്നതാണ് ഈ പ്രശ്‌നത്തിലുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ പരാജയം.

ഇപ്പോൾ മാധ്യമ പ്രവർത്തകർക്കെതിരെ എടുത്ത ഒരു കേസ് പോലും കോടതിയിൽ നിലനിൽക്കില്ലെന്ന് നിയമത്തിന്റെ ഹരിശ്രീ അറിയുന്നവർക്ക് മനസ്സിലാകും. മാതൃഭൂമി പ്രതിനിധികളെ കേസിൽ കുടുക്കാൻ ശ്രമിക്കുന്ന. പൊലീസിന്റെ ലക്ഷ്യം എന്തായിരുന്നുവെന്ന് ഇടതുപക്ഷ മുന്നണി നേതാവ് കൂടിയായ മാതൃഭൂമി മാനേജിങ് ഡയരക്ടർ തുറന്നുപറഞ്ഞിട്ടുണ്ട്. പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവരുന്ന കാര്യം ഏതോ ഒരു പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തു എന്നാണ് പൊലീസ് മേധാവികൾ സംശയിക്കുന്നത്. ആ ഉദ്യോഗസ്ഥനെ കുടുക്കാനുള്ള മൊഴി മാധ്യമപ്രവർത്തകരിൽ നിന്ന് കിട്ടണം. അതിനാണ് മാതൃഭൂമി ചാനലിന്റെ പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നത്. ഇതാണ് കേസുകളുടെ കാര്യം.
ആർഷോയുടെ പരാതി പ്രകാരമുള്ള കേസ് വ്യക്തമാക്കുന്നത് ആർക്കെതിരെയും എന്തുകേസും എടുക്കാൻ പൊലീസിന് കഴിയുമെന്നാണ്. ഇതാണ് ചരുക്കം. ആർഷോ പരീക്ഷ എഴുതാൻ പോയില്ല. പക്ഷേ ഫലം വെബ്‌സൈറ്റിൽ വന്നപ്പോൾ അദ്ദേഹം പാസായതായി രേഖപ്പെടുത്തിയിരിക്കുന്നു. അത് വാർത്തയാക്കിയതിനാണ് ഏഷ്യാനെറ്റ് ലേഖികക്കെതിരെ കേസ്. പ്രിൻസിപ്പാളിനെയും കേസിൽ പ്രതിയാക്കി. അദ്ദേഹം എസ്എഫ്‌ഐ നേതാവിനെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയത്രെ. ഇതൊക്കെ കോടതിയിലെത്തുമ്പോൾ അടികിട്ടുന്നത് പൊലീസിനായിരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർ മനസ്സിലാക്കിയില്ലെന്ന് കരുതാൻ കഴിയുമോ? കോടതി പിന്നീട് എന്തും പറയട്ടെ. തൽക്കാലം ഇവരൊക്കെ കേസിൽ പെട്ട് വലയട്ടെ എന്നാവാം ഭരണം നിയന്ത്രിക്കുന്നവരുടെ യുക്തി.

മാധ്യമങ്ങളെയാകെ ഒതുക്കാൻ ബിജെപിക്കും കേന്ദ്ര സർക്കാരിനും കഴിഞ്ഞുവെങ്കിൽ ഇവിടെ ചില്ലറ മാധ്യമ പ്രവർത്തകരെ നിശ്ശബ്ദരാക്കാൻ തങ്ങൾക്കും കഴിയും എന്ന ധാർഷ്ട്യത്തിലാണ് ഗവൺെമെന്റ് നീങ്ങുന്നത്. ഈ ഭീഷണിയും കേസുകളും തിരിഞ്ഞടിക്കുമെന്നും ദേശീയ തലത്തിൽ തന്നെ സിപിഎമ്മിന്റെ പ്രതിഛായക്ക് അത് കളങ്കമുണ്ടാക്കുമെന്നും പാർട്ടിയെ നയിക്കുന്നവർ വൈകാതെ മനസ്സിലാക്കും. പൗരസ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും വേണ്ടി ഉറച്ച നിലപാടെടുത്ത ചരിത്രം സിപിഎമ്മിനുണ്ടെന്നത് ആർക്കും നിഷേധിക്കാനാവില്ല. അടിയന്തരാവസ്ഥയിൽ മിക്കവാറും പത്രങ്ങൾ എൽ കെ അദ്വാനിയുടെ ഭാഷയിൽ മുട്ടിലിഴഞ്ഞപ്പോൾ സിപിഎമ്മിന്റെ മുഖപത്രവും ഇന്ത്യൻ എക്‌സ്പ്രസുമടക്കം ചുരുക്കം പത്രങ്ങളേ എതിർക്കാൻ തയാറായിരുന്നുള്ളു. അടിയന്തരാവസ്ഥ ഓർമ്മിപ്പിച്ചാണ് ഇപ്പോഴത്തെ ചെയ്തികളെ സിപിഎം ന്യായീകരിക്കുന്നത്. അതെങ്ങനെ ന്യായീകരണമാകും? അന്നത്തെ നിലപാടിന്റെ നേർ വീപരീതമല്ലേ ഇപ്പോൾ കാണുന്നത്? പൗരാവകാശങ്ങളോടും പത്രസ്വാതന്ത്ര്യത്തോടുമുള്ള നിലപാടുകൾ ഭരണം മാറുന്നതിനനുസരിച്ച് മാറുന്നതാണോ?

മാധ്യമപ്രവർത്തകരെക്കുറിച്ച് സിപിഎമ്മിന് വിമർശനമുണ്ടെന്ന് നമുക്കറിയാം. അവർ മാധ്യമങ്ങളെ വിമർശിക്കട്ടെ. അതിന് ആരും എതിര് പറഞ്ഞിട്ടില്ല. പ്രതിഷേധിക്കുകയുമാവാം . എന്നാൽ പൊലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതിനെ ആരും വകവെച്ചുകൊടുക്കില്ല. മാധ്യമങ്ങൾ ഒന്നിച്ചെതിർത്താലും പാർട്ടിക്ക് ഒരു ചുക്കുമില്ല എന്ന നിലപാടിലാണ് സിപിഎം നേതൃത്വം നീങ്ങുന്നത്. മാധ്യമങ്ങളുടെ പൊതുവായ എതിർപ്പിനെ മറികടന്ന് തെരഞ്ഞെടുപ്പുകൾ ജയിച്ചതുകൊണ്ടാവും ഈ അഹങ്കാരമെന്ന് മനസ്സിലാക്കാൻ കഴിയും. മാധ്യമങ്ങൾ എതിർത്തിട്ടും സിപിഎം കേരളത്തിൽ ജയിച്ചിട്ടുണ്ടെങ്കിൽ വോട്ടർമാർ കല്ലും നെല്ലും തിരിച്ചറിഞ്ഞതുകൊണ്ടാവും. അതുപോലെ തന്നെ, ഇപ്പോൾ ഗവൺമെന്റ് ചെയ്തുകൂട്ടുന്ന കാര്യങ്ങളിലെ ശരിയും തെറ്റും ജനങ്ങൾ മനസ്സിലാക്കും. ഇപ്പോൾ നടക്കുന്ന മാധ്യമ വിരുദ്ധ പൊലീസ് നടപടികളിൽ നിന്ന് ഗവൺമെന്റ് സ്വയം പിന്തിരിയുമോ അതോ തെറ്റുതിരുത്താൻ പാർട്ടിയുടെ ദുർബലമായ കേന്ദ്ര നേതൃത്വം ഇടപെടുമോ? കാത്തിരുന്നു കാണാം.

Leave a Reply

Your email address will not be published. Required fields are marked *