സീത ജനിച്ചത് ഇന്ത്യയിലല്ലെന്ന് നേപ്പാൾ ;‘ആദിപുരുഷി’നെച്ചൊല്ലി നേപ്പാളിൽ വിവാദം
കാഠ്മണ്ഡു: റിലീസിന് മുൻപ് തന്നെ ‘ആദിപുരുഷ്’ സിനിമ ധാരാളം വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. എന്നാൽ റിലീസിന് ശേഷവും സിനിമയെ ചൊല്ലി വിവാദം കനക്കുകയാണ്. നേപ്പാളിലാണ് ആദിപുരുഷിനെ ചൊല്ലി വിവാദം ഉണ്ടായത് . ചിത്രത്തിൽ സീത ജനിച്ചത് ഇന്ത്യയിലാണെന്ന് പറയുന്നതാണ് നേപ്പാളിൽ വിവാദമായത്. സീത നേപ്പാളിലാണ് ജനിച്ചതെന്ന വാദം ഉന്നയിച്ച് ശക്തമായ പ്രതിഷേധമാണ് സിനിമക്കെതിരെ രാജ്യത്ത് ഉയർന്നത്.
ആദിപുരുഷിൽ സീത ഇന്ത്യയുടെ മകളാണെന്ന് അവകാശപ്പെടുന്ന സംഭാഷണം ഉണ്ടായിരുന്നു.

ഇതോടെ കാഠ്മണ്ഡുവിന് പിന്നാലെ നേപ്പാളിലെ പൊഖാറ മെട്രോപൊളിറ്റൻ സിറ്റിയിലും ഇന്ത്യൻ സിനിമകൾക്ക് വിലക്കേർപ്പെടുത്തി. തിങ്കളാഴ്ച രാവിലെ മുതൽ എല്ലാ ഇന്ത്യൻ ചിത്രങ്ങളുടെയും പ്രദർശനം നിർത്തിവെയ്ക്കാൻ പൊഖാറ മേയർ ധനരാജ് ആചാര്യ തിയറ്ററുകൾക്ക് നിർദേശം നൽകി. തുടർന്ന് ഇന്നലെ വൈകുന്നേരം തന്നെ കാഠ്മണ്ഡു മെട്രോപൊളിറ്റൻ പൊലീസിനെ വിന്യസിച്ച് ഇന്ത്യൻ സിനിമകളുടെ പ്രദർശനം നിരോധിക്കണമെന്ന സന്ദേശം മേയർ കൈമാറിയിരുന്നു. അതേസമയം, 1903-ന് മുമ്പ് നേപ്പാൾ ഇന്ത്യയുടെ ഭാഗമായിരുന്നുവെന്നും അതിനാലാണ് ജനകന്‍റെ മകളെ ഇന്ത്യയിൽ ജനിച്ചതായി ചിത്രീകരിച്ചതെന്നും ചിത്രത്തിന്റെ എഴുത്തുകാരൻ മനോജ് മുൻതഷിർ ശുക്ല പ്രതികരിച്ചു.