പൊറാട്ടയും ബീഫും കാന്‍സറുണ്ടാക്കുമോ?
കേരളത്തിലെ അർബുദ ചികിത്സയിലെ ജനകീയ മുഖമാണ് ഡോക്ടർ വി പി ഗംഗാധരൻ. കാൻസർ രോഗത്തെ കുറിച്ച് ഒരുപാട് അറിവുകൾ പകർന്ന് നൽകിയ, ഏറെ പേരെടുത്ത ചികിത്സകൻ. അദ്ദേഹം ന്യൂ ഇന്ത്യൻ എക്‌സപ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങൾ, ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം, വൻ വിവാദവും ഭീതിയും സൃഷ്ടിച്ചിരിക്കയാണ്. പൊറാട്ട-ബീഫ് കോംബോ വില്ലനാണെന്നും, 50 ശതമാനും വരുന്ന കാൻസറുകളും നമുക്ക് തടയാൻ കഴിയുന്നവയാണെന്നുമാണ് ഡോക്ടർ ഗംഗാധരൻ പറയുന്നത്.
അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ. ”കേരളത്തിൽ പ്രതിദിനം 120 ലേറെ കാൻസർ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതൊരു വലിയ സംഖ്യയാണ്. കേരളത്തിലെ ജനങ്ങളുടെ ഭക്ഷണരീതിയും രോഗബാധയിൽ പ്രധാന പ്രശ്‌നമാണ്. പൊറോട്ട, മാംസാഹാരം തുടങ്ങിയവയാണ് ഇപ്പോൾ മെനുവിൽ പ്രധാനം. ഇതെല്ലാം കഴിച്ചശേഷം ആളുകൾ ഷുഗർ പ്രഷർ കൊളസ്‌ട്രോൾ എന്നിവക്കുള്ള ഗുളികകളും കഴിക്കുന്നു. പൊറോട്ടയ്ക്ക് ഉപയോഗിക്കുന്ന മൈദയാണ് പ്രധാന വില്ലൻ. പാശ്ചാത്യർ മൈദ ഉപയോഗിച്ചുള്ള ഭക്ഷണം കഴിക്കുമ്പോൾ ഒപ്പം സാലഡും പഴങ്ങളും കഴിക്കുന്നുണ്ട്. എന്നാൽ നമ്മൾക്ക് അത്തരം ശീലമില്ലെന്നും ഡോക്ടർ പറഞ്ഞു. മാംസാഹാരങ്ങളും ആരോഗ്യത്തിന് പ്രശ്‌നമാണ്. ബീഫ്, ചിക്കൻ, മട്ടൻ തുടങ്ങിയവ വല്ലപ്പോഴും കഴിക്കുന്നതാണ് നല്ലത്. അതേസമയം ചെറിയ മത്സ്യങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. അവിയൽ, തോരൻ പോലുള്ള കറികളിൽ ഫൈബർ അംശം കൂടുതലാണ്. ഇപ്പോഴത്തെ കുട്ടികൾക്ക് എത്ര മാതാപിതാക്കളാണ് പിണ്ടിത്തോരൻ കറി നൽകുന്നത് ഫാസ്റ്റ് ഫുഡ് മനുഷ്യനെ അതിവേഗം കൊല്ലും” ഡോക്ടർ ഗംഗാധരൻ പറയുന്നു.
ഇതിൽ പൊറാട്ട – ബീഫ് കോമ്പോ വില്ലൻ എന്ന് ഇന്ത്യൻ എക്പ്രസ് ഹൈലൈറ്റ് ചെയ്തതോടെയാണ് സോഷ്യൽ മീഡിയയിൽ വൻ വിവാദം തുടങ്ങിയത്. ഇത് വെറും ഭീതിവ്യാപാരം മാത്രമാണെന്നും, ലോകത്തിൽ എവിടെയും ഇതുപോലത്തെ പഠനങ്ങൾ നടന്നിട്ടില്ല എന്നുമാണ്, ശാസ്ത്രപ്രചാരകർ ചൂണ്ടിക്കാട്ടുന്നത്. പൊറാട്ട കാൻസർ ഉണ്ടാക്കുമെന്ന വാദം, പത്തുവർഷം മുമ്പുതന്നെ കേരളം ചർച്ചചെയ്ത് തള്ളിയതാണെന്നും, ഡോ നിക്‌സൺ ജോസഫിനെപ്പോലുള്ളവർ ചൂണ്ടിക്കാട്ടുന്നു. ഫുഡ് സ്റ്റാൻഡേഡിന്റെ കാര്യത്തിൽ ലോകത്തിൽ ഏറ്റവും നിഷ്‌ക്കർഷ പുലർത്തുന്ന യൂറോപ്യൻ യൂണിയനിൽ അടക്കം, ലോകത്തിന്റെ എല്ലാഭാഗങ്ങളിലും പൊറാട്ടയും ബീഫുമുണ്ട്. കാൻസർ ഉണ്ടാക്കാക്കുമെന്ന് എന്തെങ്കിലും സൂചനയുണ്ടെങ്കിൽ അമേരിക്കയടക്കമുള്ള രാജ്യങ്ങൾ ഇവ നിരോധിക്കുമായിരുന്നു.
ഒന്നാമതായി പൊറാട്ടയും ബീഫും ശരീരത്തിന് ഹാനികരമാണെന്നും കാൻസർ ഉണ്ടാക്കുമെന്നും ലോകത്ത് എവിടെയും പഠനം നടത്തി സ്ഥിരീകരിക്കപ്പെട്ടില്ല. എന്തും അമിതമായാൽ വിഷമാണ്. ഡോസാണ് ഒരു വസ്തുവിന്റെ ടോക്‌സിസിറ്റി നിർണ്ണയിക്കുക. ദിവസവും നാലുനേരം വെച്ച് ആരും പൊറാട്ടയും ബീഫും കഴിക്കുന്നില്ലല്ലോ. അർബുദം സംബന്ധിച്ച വിവിധ പഠനങ്ങളിൽ അത് സസ്യാഹാരികൾക്കും മാംസാഹാരികൾക്കും ഏതാണ്ട് ഒരുപോലെയാണ് ഉണ്ടാകുന്നത് എന്നാണ് കണ്ടെത്തിയിട്ടുള്ളത്.
ഒരു വിഭാഗം നാച്ചറോപ്പതിക്കാർ, പോസ്റ്റർ ഒട്ടിക്കാനുള്ള മൈദയിൽ നിന്നാണ് പൊറാട്ട ഉണ്ടാക്കുന്നത് എന്നാണ് വിമർശിച്ചിരുന്നത്. മൈദ കുടൽ മുഴുവൻ ഒട്ടിപ്പിടിക്കും എന്നായിരുന്നു ഇവർ പ്രചരിപ്പിച്ചിരുന്നത്. മൈദയിൽ ചേർക്കുന്ന അലോക്‌സാൻ ഹൈഡ്രേറ്റ് പ്രമേഹം ഉണ്ടാക്കുമെന്നതിന് തെളിവുണ്ട് എന്നും ഇവർ ഉന്നയിച്ചിരുന്നു. പക്ഷേ ഈ ആരോപണങ്ങളിൽ ഒന്നിനും ശാസ്ത്രീയ തെളിവുണ്ടായിരുന്നില്ല.
മൈദ മാത്രമല്ല ചോറും ഒട്ടിപ്പിടിക്കുന്നു സാധനമാണ്. അങ്ങനെ നോക്കുകയാണെങ്കിൽ ദിവസവും ചോറ് കഴിക്കുന്ന നമ്മുടെ കുടൽ ശരിക്കും ഒട്ടിപ്പോവേണ്ടതാണ്. ഒട്ടിപ്പിടിക്കുക എന്നത് അന്നജത്തിന്റെ ഒരു ഗുണമാണ്. പക്ഷേ നമ്മുടെ കുടലിൽ ഒരു വസ്തുവും ഒട്ടിപ്പിടിക്കുന്നില്ല. പിന്നെ നമ്മൾ കഴിക്കുന്നത് മൈദയല്ല, പൊറാട്ടയാണ്. പൊറാട്ട ഒട്ടിപ്പിടിക്കുന്ന വസ്തുവല്ല. മൂലകങ്ങൾ സംയുക്തമാവുമ്പോൾ അതിന്റെ ഗുണം മാറുമെന്നത് രസതന്ത്രത്തിന്റെ എൽ പി സ്‌കുൾ അറിവാണ്. തീപ്പിടിക്കുന്ന ഹൈഡ്രജനും, ജ്വലന സഹായിയായ ഓക്‌സിജനും ചേർന്ന് ഉണ്ടാവുന്ന വെള്ളം എന്തുകൊണ്ടാണ് ആളിക്കത്താത്തത് എന്ന തമാശച്ചോദ്യം പോലെയാണ് ഈ ഒട്ടിപ്പിടിക്കൽ വാദവും. പിന്നെ നമ്മുടെ അന്നനാളവും ആമാശയവുമൊകെ ഹൈലി ലൂബ്രിക്കേറ്റഡ് ആണ്. അവിടെ യാതൊന്നും ഒട്ടിപ്പിടിക്കുമെന്ന ഭീതി വേണ്ട.
പേടിക്കേണ്ട സാധനമല്ല, മൈദ. തീർത്തും ‘നാച്ച്വറൽ’ ആയ ഗോതമ്പിൽനിന്ന് നിന്നാണ് മൈദ ഉണ്ടാക്കുന്നത്. ഗോതമ്പ് മണിയെടുത്ത് അതിൻെ മുള അഥവാ ജെം എടുത്തുകളഞ്ഞ്, അതിന്റെ പുറത്തുള്ള ബ്രാൻ അഥാവാ ഉമി 85 ശതമാനവും നീക്കം ചെയ്യുക. അപ്പോൾ കിട്ടുന്നതാണ്് മൈദ. ഇതിനെ ബ്ലീച്ച് ചെയ്യുമ്പോഴാണ് അത് വെള്ള നിറമായും മിനുസമുള്ളതായും മാറുന്നത്. അപ്പോഴാണ് ബേക്കറി സാധനങ്ങൾ ഉണ്ടാക്കുന്ന മികച്ച വസ്തുവായി അത് മാറുക. ഗോതമ്പുവെച്ച് ഉണ്ടാക്കുന്ന ഇത്തരം സാധനങ്ങൾക്കൊക്കെ, ഒരു പരിധിയുണ്ട്. അതിനാണ് മിനുസപ്പെടുത്തി ബ്ലീച്ച് ചെയ്ത്, ഉഷാറാക്കി മൈദയാക്കി മാറ്റുന്നത്. സാധാരണ നാം നെല്ലും ഗോതമ്പും ഒക്കെ കഴിക്കുന്നതുപോലുള്ള കാർബോഹൈഡ്രേറ്റ് തന്നെയാണ് അവിടെയുള്ളത്. ഇത് ഉള്ളിൽ ചെന്നാൽ ഗ്ലൂക്കോസായി ആഗിരണം ചെയ്യപ്പെടുകയും ചെയ്യും.
ഇനി ബ്ലീച്ചിങ്ങ് ഹാനികരമാണെന്ന വാദവും തെറ്റാണ്. ബ്ലീച്ച് ചെയ്‌തെങ്കിൽ മാത്രമേ നമ്മൾ ഉപയോഗിക്കുന്ന തരത്തിലുള്ള മാർദവുമുള്ള, തെളിമയുള്ള, പശിമയുള്ള സാധനമായി മൈദ മാറുകയുള്ളു. ബ്ലീച്ചിങ്ങ് എന്ന പ്രക്രിയ ലോകാരോഗ്യ സംഘടന ഉൾപ്പെടെ അംഗീകരിച്ചതാണ്. പക്ഷേ ബ്ലീച്ച് ചെയ്യാത്ത മൈദയാണ് വിൽക്കുന്നത് എന്ന് കേരളത്തിലെ പല വ്യാപാരികളും പറയാറുണ്ട്. ഫാറ്റി ആസിഡുകൾ അടക്കമുള്ള പോഷകങ്ങൾ നഷ്ടമാവും എന്ന ഒരു ദോഷം ബ്ലീച്ചിങ്ങിന് ഉണ്ട്. അത് പരിഹരിക്കാൻ എന്റിച്ച്ഡ്ഫ്‌ളോർ അഥാവ സമ്പുഷ്ട മാവ് ഇപ്പോൾ വിപണിയിൽ ഉണ്ട്.
ബെൻസോയിൽ പെറോക്‌സൈഡ് ആണ് മൈദക്ക് ബ്ലീച്ചിങ്ങിനായി ഉപയോഗിക്കുന്നത്. ഇത് പലപ്പോഴും ഔഷധമായി ഉപയോഗിക്കുന്ന സാധനമാണ്. ലോകാരോഗ്യസംഘടനയുടെ എറ്റവും സുരക്ഷിതവും കാര്യക്ഷമവുമായ, ഔഷധങ്ങളുടെ പട്ടികയിൽ ഇതിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. 1981ൽ നടന്ന പഠനങ്ങളിൽ ഇത് കാർസിനോജൻ അല്ല എന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ബ്ലീച്ചിങ്ങിനിടെ 100 ഡിഗ്രി കഴിയുമ്പോൾ ഇത് വിഘടിച്ച് പോവും. പൊറാട്ടയൊക്കെ കല്ലിലിട്ട് പൊള്ളിച്ച് എടുക്കുന്നത് ഉയർന്ന ചൂടിലാണ്. അതുകൊണ്ടുതന്നെ ബെൻസോയിൽ പെറോക്‌സൈഡ് അവിടെ ഉണ്ടാവാനേ സാധ്യതയില്ല.
അടുത്ത വാദം മൈദ ഉണ്ടാക്കുമ്പോൾ ചേർക്കുന്ന അലോക്‌സാൻ ഹൈഡ്രേറ്റ് പ്രമേഹം ഉണ്ടാക്കുന്നുവെന്നാണ്. യഥാർഥത്തിൽ അലോക്‌സാൻ ഹൈഡ്രേറ്റ് മൈദയിൽ ചേർക്കുകയല്ല, അതിൽ സ്വാഭാവികമായി വന്നുചേരുകയാണ്. അന്തരീക്ഷവായുവും, ഈർപ്പവുമായുള്ള സമ്പർക്കവും, മൈദയിൽ നടക്കുന്ന ബ്ലീച്ചിങ്ങും മൂലമാണ് അലോക്‌സാൻ ഹൈഡ്രേറ്റ് രൂപപ്പെടുന്നത്. ഇത് മനുഷ്യശരീരത്തിൽ യാതൊരു പ്രശ്നവും ഉണ്ടാക്കുമെന്ന് പഠനങ്ങളില്ല.
അലോക്‌സാൻ ഹൈഡ്രേറ്റ് പാൻക്രിയാസിലെ ബീറ്റാസെല്ലുകളെ നശിപ്പിച്ച് പ്രമേഹം ഉണ്ടാക്കുമെന്നത് നേരത്തെ വന്ന ഒരു ആരോപണമാണ്. പക്ഷേ അത് എലികളിൽ നടത്തിയ പഠനം മാത്രമാണ്. മനുഷ്യരിൽ ബീറ്റാ സെല്ലിനെ നശിപ്പിക്കില്ല എന്നാണ് പഠന ഫലങ്ങൾ പറയുന്നത്. എലിയുടെ പാൻക്രിയാസും നമ്മുടെ പാൻക്രിയാസും പ്രതികരിക്കുന്ന രീതി വ്യത്യസ്തമാണ്. നമുക്ക് വിഷം ആയിട്ടുള്ള ഒരുകാര്യം എലിക്ക് വിഷം ആവണമെന്നില്ല. എലിക്ക് വിഷം ആയ ഒരു കാര്യം നമുക്കും വിഷം ആകണമെന്നില്ല. വാർഫാറിൻ എന്ന എലിവിഷം, ഹൃദ്‌രോഗികൾക്ക് മരുന്നായി കൊടുക്കാറുണ്ട്. കാരണം രക്തം നേർപ്പിക്കാനുള്ള കഴിവ് വാർഫാറിന് ഉണ്ട്. ഇത് നേരിയ അളവിൽ ക്ലിനിക്കൽ ഡോസിൽ കൊടുക്കുമ്പോൾ, ബ്ലോക്ക് മുലം രക്തം കട്ടപിടിച്ചവർക്ക് ഉപകരിക്കും. ഒരേ സാധനം തന്നെ ഡോസ് മാറുമ്പോൾ, എലിവിഷമായും, ഔഷധമായും മാറുന്നു! ഈ അത്ഭുതത്തിന്റെ പേരാണ് രസതന്ത്രം. ഇത് മനസ്സിലാക്കാതെയാണ് കപട ശാസ്ത്രക്കാർ അത് വിഷം, ഇത് വിഷം എന്ന് ഭീതി വ്യാപാരം നടത്തുന്നത്.
അമിതമായി എന്ത് കഴിച്ചാലും പ്രശ്‌നമാണ്. വെള്ളവും വായുവുമൊക്കെ ഒരു പരിധി കഴിഞ്ഞാൽ വിഷമാണ്. ഒറ്റയടിക്ക് 32 ലിറ്റർ വെള്ളം കുടിച്ചാൽ നാം മരിച്ചുപോവും. അതുപോലെ ഓക്‌സിജൻ ടോക്‌സിസ്റ്റി എന്ന ഒരു സാധനവുണ്ട്. നേരത്തെ പറഞ്ഞപോലെ, ഒരു വസ്തു വിഷം ആകുന്നത് അതിന്റെ ഡോസ് മൂലമാണ്. പിന്നെ നിങ്ങൾ മൂന്ന് നേരം പൊറോട്ട കഴിക്കേണ്ട കാര്യമില്ല. കാര്യമായി ശാരീരിക അധ്വാനം ഇല്ലാത്തവർ പൊറോട്ട കഴിക്കുന്നത് പ്രോൽസാഹിപ്പിക്കാൻ കഴിയില്ല. അതേസമയം നന്നായി അധ്വാനിക്കുന്ന ആളുകൾക്ക് പൊറോട്ടപോലൊരു നല്ല ആഹാരം വേറെയില്ല. കഠിനമായി അധ്വാനിക്കുന്ന നമ്മുടെ നാട്ടിലെ ബംഗാൾ തൊഴിലാളികളെയെല്ലാം നോക്കിയാൽ അവർ പൊറാട്ട കഴിച്ചിട്ടാണ്, ജോലിക്കുപോകുന്നത്. അത്രമാത്രം ഊർജം അവർക്കുവേണം.
പൊറാട്ട കഴിക്കുമ്പോൾ ഒപ്പം പ്രോട്ടീൻ കണ്ടന്റ് കൂടുതൽ ഉള്ളതും നാര് കൂടുതൽ ഉള്ളതുമായ ഭക്ഷണ പദാർത്ഥങ്ങൾ കഴിച്ച് സമീകൃതം ആക്കിയാൽ മതി. പൊറാട്ടക്കൊപ്പം സാലഡും പഴങ്ങളും ആവാം. മലയാളിയുടെ ദേശീയ ഭക്ഷണമാണ് പൊറോട്ട എന്നാണ് പൊതുവെ പറയുക. ചൂടുള്ള പൊറാട്ടയും, നല്ല ബീഫും മലയാളിക്ക് ഒരു ‘വികാരം’ തന്നെയാണ്. ഇല്ലാത്ത പൊറാട്ടപ്പേടിമൂലം അത് ഉപേക്ഷിക്കേണ്ട കാര്യമില്ല.