വിമർശനങ്ങൾക്കിടയിലും ആദിപുരുഷിന് ബോക്സോഫീസിൽ മികച്ച നേട്ടം
വിമർശനങ്ങൾക്കിടയിലും ബോക്സോഫീസിൽ മികച്ച നേട്ടം കൊയ്ത് പ്രഭാസ് നായകനാകുന്ന ചിത്രമായ ‘ആദിപുരുഷ്’. ആദ്യ രണ്ട് ദിനങ്ങൾ കൊണ്ട് ചിത്രം ആഗോളതലത്തിൽ നേടിയിരിക്കുന്നത് 240 കോടി രൂപയാണ്. സിനിമയുടെ നിർമാതാക്കളായ യുവി ക്രിയേഷൻസ് ആണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. ആദ്യദിനം 140 കോടി നേടിയ ചിത്രം രണ്ടാം ദിനത്തിൽ 100 കോടി ബോക്സോഫീസിൽ നിന്ന് സ്വന്തമാക്കിയെന്ന് നിർമാതാക്കൾ അറിയിച്ചു. ഞായറാഴ്ചത്തെ കണക്കുകൾ കൂടി പുറത്തുവരുമ്പോൾ ചിത്രം ആഗോളതലത്തിൽ 300 കോടി കടക്കുമെന്നാണ് പ്രവചനം. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആദിപുരുഷ് വെള്ളിയാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. പിന്നാലെ ചിത്രത്തിലെ ഡയലോഗുകളും വിഎഫ്എക്സും ഏറെ ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. ഹനുമാന്റെ സംഭാഷണവും വിവാദമായതിൽ ഉൾപ്പെടുന്നു. ഇതോടെ ആദിപുരുഷിലെ വിവാദ സംഭാഷണങ്ങൾ ഒഴിവാക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. രാമായണം പ്രമേയമാകുന്ന ചിത്രത്തിൽ രാമനായി പ്രഭാസ് എത്തുമ്പോൾ രാവണനായി വേഷമിട്ടിരിക്കുന്നത് സെയ്ഫ് അലിഖാനാണ്. കൃതി സനോൺ, സെയ്ഫ് അലിഖാൻ, സണ്ണി സിംഗ്, ദേവ്ദത്ത് നാഗേ എന്നിവരാണ് ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രധാന താരങ്ങൾ.