We Talk

നിഖിൽ തോമസിനെ സസ്പെൻഡ് ചെയ്തു

വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ബിരുദാനന്തര ബിരുദ കോഴ്സിന് ചേർന്നതായുള്ള വിവാദത്തിൽ നിഖിൽ തോമസിനെ സസ്പെൻഡ് ചെയ്തു. നിഖിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കോളിജ് പ്രിൻസിപ്പാൾ വ്യക്തമാക്കി. അന്വേഷണത്തിന് ആറം​ഗ സമിതിയെ നിയോ​ഗിച്ചു. രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ സമിതിക്ക് നിർദ്ദേശം നൽകി. പൊലീസിൽ പരാതി നൽകാനുള്ള ഒരുക്കത്തിലാണ് എംഎസ്എം കോളേജ്.

നിഖില്‍ തോമസ് ഇപ്പോള്‍ കായംകുളം എം എസ് എം കോളേജിലെ രണ്ടാം വര്‍ഷ എം കോം വിദ്യാര്‍ഥിയാണ്. ഇതേ കോളേജില്‍ തന്നെയാണ് 2017-20 കാലഘട്ടത്തില്‍ ബികോം ചെയ്തത്. പക്ഷേ നിഖില്‍ ഡിഗ്രിക്ക് തോറ്റുപോയിരുന്നു. പക്ഷെ ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം നിഖില്‍ ഇവിടെ തന്നെ എം കോമിന് ചേര്‍ന്നു. അഡ്മിഷനായി ഹാജരാക്കിയത് കലിംഗ സര്‍വകലാശാലയുടെ ബിരുദ സര്‍ട്ടിഫിക്കറ്റായിരുന്നു. 

2019 മുതല്‍ കലിംഗയില്‍ പഠിച്ചെന്നാണ് നിഖിലിന‍്റെ വാദം. ഇതോടെയാണ് എംഎസ്എം കോളേജില്‍ നിഖിലിന‍്റെ ജുനിയറും എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗവുമായി വിദ്യാർഥിനി ഡിഗ്രി വ്യാജമെന്ന് ആരോപിച്ച് പാർട്ടിക്ക് പരാതി നല്കിയത്. സംഭവത്തില്‍ 2019 ല്‍ താന്‍ കേരളയിലെ രജിസ്ട്രേഷന് ക്യാന്‍സൽ ചെയ്തിരുന്നു എന്നായിരുന്നു നിഖിലിന്റെ ആദ്യ ന്യായീകരണം. 2019 ൽ നിഖില്‍ എസ് എഫ് ഐയുടെ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറും 2020 ല്‍ സര്‍വകലാശാല യൂണിയന്‍ ജോയിന്‍റ് സെക്രട്ടറിയുമായിരുന്നു. 

നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് പരിശോധിച്ച് സ്ഥിരീകരിച്ചതായി എസ്എഫ്ഐ നേതൃത്വം വ്യക്തമാക്കിയിരുന്നു. എല്ലാ വാദങ്ങളെയും ഇല്ലാതാക്കി കൊണ്ടാണ് ഇന്ന് കലിം​ഗ സർവ്വകലാശാല നിർണായക വെളിപ്പെടുത്തൽ നടത്തിയത്. നിഖില്‍ തോമസ്‍ എന്ന വിദ്യാര്‍ത്ഥി സർവകലാശാലയില്‍ ബികോമിന് പഠിച്ചിട്ടില്ലെന്ന് കലിംഗ സർവകലാശാലയുടെ വെളിപ്പെടുത്തൽ. ഇക്കാര്യം പരിശോധിച്ചുവെന്ന് രജിസ്ട്രാർ പറഞ്ഞു. നിഖില്‍ തോമസിനെതിരെ നിയമനടപടിയെടുക്കുമെന്നും രജിസ്ട്രാർ  സന്ദീപ് ഗാന്ധി വ്യക്തമാക്കി. മാധ്യമവാർത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധിച്ചതെന്നും കലിംഗ രജിസ്ട്രാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *